16 November Friday

മഹാരാജാസിന്റെ മണ്ണിൽ ഇതാ വീണ്ടും പുതുചരിത്രം

മിൽജിത‌് രവീന്ദ്രൻUpdated: Friday Aug 3, 2018


ഒടുവിൽ അവർ മൂവരും പറന്നിറങ്ങി, മഹാരാജാസെന്ന സ്വാതന്ത്ര്യത്തിന്റെ  അനന്തവിഹായസ്സിലേക്ക‌്. അടക്കിപ്പിടിച്ച ചിരികൾക്കും പരിഹാസങ്ങൾക്കും പകരം ഒപ്പം ചേർത്തുനിർത്തിയാണ‌് ക്യാമ്പസ‌് അവരെ വരവേറ്റത‌്. മെൽബിൻ എന്ന ദയ ഗായത്രി, പ്രവീൺനാഥ‌്, തീർഥ സാർവിക എന്നിവരാണ‌് സംസ്ഥാനത്തെ ആർട‌്സ‌് ആൻഡ‌് സയൻസ‌് കോളേജുകളിൽ സംസ്ഥാന സർക്കാരിന്റെ ട്രാൻസ‌്ജെൻഡർ സംവരണ ഉത്തരവുപ്രകാരം മഹാരാജാസിൽ പ്രവേശനം നേടിയത‌്. ദയ ഗായത്രി ബിഎ മലയാളത്തിലും മറ്റു രണ്ടുപേർ ബിഎ ഇംഗ്ലീഷിലും പ്രവേശനം നേടിയപ്പോൾ അത‌് രാജ്യചരിത്രത്തിലെത്തന്നെ അപൂർവ സംഭവമായി.  വെള്ളിയാഴ‌്ച മുതൽ മൂവരും ക്ലാസിലെത്തും. 20 വർഷം പെൺകുട്ടിയായി ജീവിച്ചശേഷമാണ‌് പ്രവീണ തന്റെ സ്വത്വം പുറം ലോകത്തോട‌് വെളിപ്പെടുത്തിയത‌്. പാലക്കാട‌് നെന്മാറ സ്വദേശിയായ പ്രവീണ ഇപ്പോൾ പ്രവീൺ നാഥാണ‌്. പരിഹാസങ്ങളെയും കുറ്റപ്പെടുത്തലുകളെയും അതിജീവിച്ച‌് മഹാരാജാസിൽ പ്രവേശനം നേടിയപ്പോൾ, തന്റെ സ്വത്വം അംഗീകരിച്ചശേഷമേ തുടർപഠനമുള്ളൂ എന്ന തീരുമാനം വിജയിച്ചതിന്റെ സന്തോഷത്തിലാണ‌് പ്രവീൺനാഥ‌്.

കൊല്ലങ്കാേട‌് യോഗിനി മാതാ ഗേൾസ‌് ഹൈസ‌്കൂളിലായിരുന്നു പ്രവീണയുടെ സ‌്കൂൾ പഠനം. പ്ലസ‌്ടുവിന‌് 85 ശതമാനം മാർക്ക‌് നേടിയതോടെ നെന്മാറ എൻഎസ‌്എസ‌് കോളേജിലാണ‌് ബിരുദപഠനത്തിന‌് ആദ്യം ചേർന്നത‌്.  ബിഎ ചരിത്ര വിദ്യാർഥിനിയായി. രണ്ടുവർഷം അവിടെ പഠിച്ചു. രണ്ടാംവർഷം തന്റെ യഥാർഥ സ്വത്വം വെളിപ്പെടുത്തിയപ്പോൾ പഠനം തുടരാനാകാത്ത സ്ഥിതിയായി. താനടക്കമുള്ള നൂറുകണക്കിനുപേരുടെ സ്വത്വം സർക്കാരും പൊതുസമൂഹവും അംഗീകരിക്കുമ്പോൾ മാത്രമേ തുടർപഠനമുള്ളൂ എന്ന‌് അവർ തീർച്ചപ്പെടുത്തിയിരുന്നു.
‘ആടാനും പാടാനും പഠിക്കാനും മഹാരാജാസിലോട്ട‌്...

അവനായിരുന്നിടത്തേക്ക് അവളായി വീണ്ടും’ എന്നാണ‌് മഹാരാജാസിൽ പ്രവേശനം നേടിയശേഷം ദയ ഗായത്രി എന്ന മെൽബിൻ ഫേസ‌്ബുക്കിൽ കുറിച്ചത‌്. 

കാഞ്ഞിരമറ്റം സ്വദേശിയായ മെൽബിൻ 2013ൽ മഹാരാജാസിൽ പ്രവേശനം നേടിയിരുന്നു. ബിഎ ഇക്കണോമിക‌്സിൽ. പഠനം പൂർത്തിയാകാതെ കോളേജുവിട്ട മെൽബിൻ ഇപ്പോൾ ദയ ഗായത്രിയാണ‌്. ബിഎ മലയാളത്തിലാണ‌് ഇക്കുറി പ്രവേശനം നേടിയത‌്. സർട്ടിഫിക്കറ്റിൽ പേരു മാറ്റുന്നതിനുള്ള അവസാന കടമ്പയിലാണ‌് ഇപ്പോൾ ദയ.

ഉദയംപേരൂർ സ്വദേശിയായ തീർഥ സാർവികയും ബിഎ ഇംഗ്ലീഷിലാണ‌് പ്രവേശനം നേടുന്നത‌്. ബിടെക്ക‌് പൂർത്തിയാക്കിയ ശേഷമാണ‌് തീർഥ ബിരുദ പഠനത്തിനായി മഹാരാജാസിലെത്തിയത‌്.

കേരളത്തിലെ സർവകലാശാലകളിലും ആർട‌്സ‌് ആൻഡ‌് സയൻസ‌് കോളേജുകളിലും ബിരുദ, ബിരുദാനന്തര കോഴ‌്സുകളിൽ ട്രാൻസ‌്ജെൻഡറുകൾക്ക‌് രണ്ടുവീതം സീറ്റുകളാണ‌് ഇക്കുറി സംസ്ഥാന സർക്കാർ സംവരണം ചെയ‌്തത‌്.

അപേക്ഷാ ഫോമിൽ പ്രത്യേകകോളം ഇവർക്കായി നൽകിയിരുന്നു. സർക്കാർ ഉത്തരവു പ്രകാരം ട്രാൻസ‌്ജെൻഡറുകൾക്ക‌് പ്രവേശനം നൽകുന്ന ആദ്യ കോളേജായി എറണാകുളം മഹാരാജാസ‌് പുതിയൊരു ചരിത്രത്തിലേക്കുകൂടിയാണ‌് കാൽവച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top