23 July Monday

വസ്തുതകള്‍ വളച്ചൊടിച്ച മനോരമയുടെ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

തിരുവനന്തപുരം> കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള തന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ വളച്ചൊടിച്ച മലയാള മനോരമയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. തന്റെ പോസ്റ്റില്‍ പറഞ്ഞ നാല് കാര്യങ്ങളില്‍ നാലാമത്തേത് വിട്ടുകളഞ്ഞാണ് മനോരമ ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത് എന്നും തോമസ് ഐസക്ക് ഫേസ്‌ബുക്കില്‍ കുറിച്ച തന്റെ പോസ്‌റ്റില്‍ പറയുന്നു.സ്വന്തം ലേഖകന്‍ അത് വായിക്കാന്‍ വിട്ടുപോയതുമാകാം എന്നും അദ്ദേഹം പരിഹസിച്ചു

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം,


മനോരമയ്ക്ക് എന്തുപറ്റി? ഇന്നലത്തെ കെ.എസ്.ആര്‍.ടി.സി സംബന്ധിച്ച എന്റെ പോസ്റ്റ് വായിച്ചിട്ട് മനോരമ എത്തിയ നിഗമനം കൈവിട്ടു സര്‍ക്കാര്‍; 38,000 കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ പെരുവഴിയില്‍ എന്നാണ്. ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേരാന്‍ എടുത്ത കുറുക്കുവഴിയാകട്ടെ എന്റെ പോസ്റ്റില്‍ പറഞ്ഞ നാല് കാര്യങ്ങളില്‍ നാലാമത്തേത് പൂര്‍ണ്ണമായും തമസ്‌കരിച്ചതാണ്. ഇതിലാണ് സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ കൃത്യമായി എടുത്തുപറഞ്ഞിട്ടുള്ളത്. ഒരു പക്ഷെ സ്വന്തം ലേഖകന്‍ അത് വായിക്കാന്‍ വിട്ടുപോയതുമാകാം. അതുകൊണ്ട് ഒരിക്കല്‍ക്കൂടി അതില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കട്ടെ.

1) കെ.എസ്.ആര്‍.ടി.സി.യില്‍ അടിയന്തിരമായി ചെയ്യേണ്ടതും എന്നാല്‍ അധിക സാമ്പത്തിക ബാധ്യത വരുന്നതുമായ ഒരു കാര്യം പുതിയ ബസുകള്‍ വാങ്ങുകയാണ്. നിശ്ചിത കാലയളവു കഴിഞ്ഞ എല്ലാ ബസുകളും മാറ്റണം. ബസുകളുടെ എണ്ണവും കൂട്ടണം. ഇതുവഴി വരുമാനം ഗണ്യമായി ഉയര്‍ത്താനും ചെലവു കുറയ്ക്കാനും കഴിയും. 3000 ബസുകളെക്കുറിച്ചാണ് പറഞ്ഞിരുന്നത്. ഇത് 5000 ആയി വര്‍ദ്ധിപ്പിക്കുന്നതിനും തടസ്സമില്ല എന്നാണ് ഞാന്‍ പറഞ്ഞത്. 1000 ബസുകള്‍ക്ക് പണം അനുവദിച്ചു കഴിഞ്ഞു.

2) കെ.എസ്.ആര്‍.ടി.സി.യില്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റു പല വിഭാഗങ്ങള്‍ക്കും സൗജന്യ സേവനം നല്‍കുന്നുണ്ട്. അതിനുള്ള നഷ്ടപരിഹാരവും സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കും.

3) ഇത്രയൊക്കെ ചെയ്താലും കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലായിരിക്കും. എന്റെ പോസ്റ്റില്‍ 1 മുതല്‍ 3 വരെ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ്ണമായി ചെയ്തു തീര്‍ക്കാന്‍ രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരും. അപ്പോഴേ വരവും ചെലവും സമാസമം ആകൂ. ഈ അന്തരാള ഘട്ടത്തില്‍ പെന്‍ഷനടക്കമുള്ള ചെലവുകള്‍ കണ്ടെത്തുന്നതിന് എത്രയാണോ തുക കുറവു വരുന്നത് അത് സര്‍ക്കാര്‍ വിടവ് നികത്തല്‍ ഗ്രാന്റായി നല്‍കും.

പ്രതിസന്ധി പരിഹരിക്കുന്നതിന് ഇപ്പോഴുള്ള തൊഴിലാളികള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പെന്‍ഷന്‍ അടക്കമുള്ള സാമ്പത്തികാനുകൂല്യങ്ങള്‍ എന്തെങ്കിലും കുറയ്ക്കണമെന്നുള്ള ഒരു നിര്‍ദ്ദേശവും സര്‍ക്കാരിന് സ്വീകാര്യമല്ല. സത്യം പറഞ്ഞാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് ബാങ്ക് കണ്‍സോഷ്യം വായ്പ നീണ്ടുപോകുന്നതിന് ഒരു കാരണം. പെന്‍ഷന്‍ 25,000 രൂപയില്‍ വച്ച് പരിമിതപ്പെടുത്തണം എന്നതാണ് ബാങ്കുകളുടെ ഒരു നിബന്ധന. അത് സര്‍ക്കാരിന് സ്വീകാര്യമല്ല. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. മുന്‍ ഖണ്ഡികയില്‍ പറഞ്ഞതുപോലെ വിടവ് പൂര്‍ണ്ണമായും നികത്താനുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഇത്തരമൊരു നിര്‍ദ്ദേശം സംബന്ധിച്ച് ബാങ്കുകള്‍ വാശിപിടിക്കേണ്ട കാര്യമില്ല.

ഇന്ത്യയിലെ മറ്റൊരു റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലും പെന്‍ഷന്‍ സമ്പ്രദായം ഇല്ല. കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ സമരം ചെയ്തു നേടിയ അവകാശമെന്ന നിലയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ പെന്‍ഷന്‍ അധിക ചെലവായി കരുതുന്നുമില്ല. പക്ഷെ ഒന്നുണ്ട്. സാമ്പത്തികാനുകൂല്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഉല്‍പ്പാദനക്ഷമത വര്‍ദ്ധിച്ചേ തീരൂ. ഫ്‌ലീറ്റ് യൂട്ടിലൈസേഷന്‍, ശരാശരി കിലോമീറ്റര്‍/പ്രതിദിന ബസ് വരുമാനം, മൈലേജ്, വര്‍ക്ക്‌ഷോപ്പ് ടേണ്‍ എറൗണ്ട് ടൈം, ബ്രേക്ക് ഡൗണ്‍, അപകടങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചെല്ലാം കണക്ക് ദേശീയ ശരാശരിയിലേയ്ക്ക് ഉയര്‍ന്നേ പറ്റൂ. അത് ഒഴിവാക്കി കെ.എസ്.ആര്‍.ടി.സി മുന്നോട്ടു പോകാന്‍ ഇനി കഴിയില്ല.ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നത് എങ്ങനെ കൈവിടലാകും? പക്ഷെ ഇപ്പോള്‍ പ്രതിമാസം വരവും ചെലവും തമ്മിലുള്ള വിടവ് 150 കോടി രൂപയാണ്. ശമ്പളത്തിനും പെന്‍ഷനും വേണ്ടി വരുന്ന ചെലവിനേക്കാള്‍ കൂടുതല്‍.

ഇത് എങ്ങനെ തുടര്‍ന്നാലും സര്‍ക്കാര്‍ ബജറ്റില്‍ നിന്നും നികത്തിക്കൊടുത്തോളണം എന്ന വാദം സ്വീകാര്യമല്ല. എന്നു മാത്രമല്ല, ആഗ്രഹിച്ചാലും നടപ്പാക്കാന്‍ കഴിയുന്ന സാമ്പത്തിക പരുവത്തിലല്ല സര്‍ക്കാര്‍. ഏതായാലും പെന്‍ഷന്‍ കുടിശികയുടെ ഒരു ഭാഗമെങ്കിലും നല്‍കാന്‍ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുക്കാന്‍ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കിയിട്ടുണ്ട്. ക്രിസ്തുമസിന് മുമ്പ് ഇതു വിതരണം ചെയ്യാന്‍ കഴിയും. പക്ഷെ ഇതൊരു മുട്ടുശാന്തി മാത്രമാണ്. സ്ഥായിയായ പരിഹാരത്തിന് സുശീല്‍ഖന്ന പാക്കേജ് പൂര്‍ണ്ണമായും സമയബന്ധമായും നടപ്പാക്കുന്നതിന് എല്ലാവരും സഹകരിക്കണം.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top