Top
20
Monday, November 2017
About UsE-Paper

കായല്‍ കയ്യേറ്റം: തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളി; പരാമര്‍ശങ്ങള്‍ നീക്കാന്‍ കലക്ടറെ സമീപിക്കാം

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌


 കൊച്ചി> കായല്‍ കയ്യേറി നിലം നികത്തിയതുമായി ബന്ധപ്പെട്ട് ആലപ്പുഴ  കലക്ടര്‍ സമര്‍പ്പിച്ച  റിപ്പോര്‍ട്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നീക്കാന്‍ കലക്ടറെ സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജഡ്ജിമാരായ പി എന്‍ രവീന്ദ്രനും ദേവന്‍ രാമചന്ദ്രനുമാണ് ഹര്‍ജി പരിഗണിച്ചത്. റിപ്പോര്‍ട്ടില്‍ 15 ദിവസത്തിനകം കലക്ടര്‍ തീരുമാനമെടുക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു.

ഹര്‍ജി പിന്‍വലിക്കുന്നുണ്ടോയെന്ന് കോടതി രാവിലെ വാദത്തിനിടെ ചോദിച്ചുവെങ്കിലും ഹര്‍ജി പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും കേസുമായിമുന്നോട്ടുപോകുകയാണെന്നും  തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.

മന്ത്രി എന്ന നിലയില്‍ കളക്ടറെ ചോദ്യം ചെയ്യാനാവില്ലെന്നും കോടതി പറഞ്ഞു.മന്ത്രിക്ക് മന്തിസഭക്കെതിരെ പറയാനാവില്ലന്ന തത്വംപോലെ തന്നെയാണിതെന്നും മന്ത്രിയെന്ന നിലയില്‍ ഹര്‍ജിക്കാരനെതിരെ നടപടിയില്ലല്ലോ എന്നും കോടതി ചോദിച്ചു. സര്‍ക്കാരിനെതിരെ ഒരു മന്ത്രിക്ക് കേസ് കൊടുക്കാന്‍ കഴിയുമോയെന്നുംതോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനം രാജിവെച്ചശേഷം കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

മന്ത്രിസഭാ തീരുമാനത്തെ ചേദ്യം ചെയ്യുന്നത് അപക്വമായ നടപടിയെന്നു കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് ആലപ്പുഴ കളക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനെ സര്‍ക്കാരിന്റെ ഭാഗമായ മന്ത്രി തന്നെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു കോടതി പറഞ്ഞത്.റിട്ട് ഹര്‍ജിയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാരിനെ ചോദ്യം ചെയ്യാമെന്നിരിക്കെ തോമസ് ചാണ്ടി മന്ത്രി എന്ന പേരിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

അതേസമയം വ്യക്തിപരമായാണ് കേസ് കൊടുത്തിട്ടുള്ളതെന്ന് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിവേക് തന്‍ഖ അറിയിച്ചു. റിസോര്‍ട്ട് നിര്‍മ്മിച്ച് 9 വര്‍ഷം കഴിഞ്ഞാണ് ആരോപണം ഉയര്‍ന്നതെന്നും തന്‍ഖ കോടതിയെ  അറിയിച്ചു. നടപടിക്ക് ശുപാര്‍ശ ചെയ്ത സ്ഥലം തോമസ് ചാണ്ടിയുടേതല്ലെന്നും കോടതിയെ അറിയിച്ചു.

തോമസ് ചാണ്ടി ഉള്‍പ്പെട്ട ഭൂമികയ്യേറ്റ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.ഇതടക്കം ഈ വിഷയത്തിലുള്ള നാല് കേസുകളാണ് കോടതി ഇന്ന് പരിഗണിച്ചത്.
 

Related News

കൂടുതൽ വാർത്തകൾ »