25 September Tuesday

സംസ്ഥാനത്തെ എല്ലാ ആരോഗ്യ പദ്ധതികളെയും ഒരു കുടക്കീഴിലാക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി ടി പി രാമകൃഷ്‌ണന്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

തിരുവനന്തപുരം > സംസ്ഥാനത്തെ എല്ലാ ആരോഗ്യ പദ്ധതികളെയും ഒരു കുടക്കീഴിലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്‌ണന്‍. കേരളത്തില്‍ നിരവധി ആരോഗ്യ-ക്ഷേമ പദ്ധതികളുണ്ട്. വിവിധ മേഖലകളിലായി തുടര്‍ന്നു വരുന്ന എല്ലാ ആരോഗ്യ പദ്ധതികളെയും ഒന്നിപ്പിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് ആനൂകൂല്യം ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പദ്ധതികളുടെ ഗുണഭോക്താക്കള്‍ സാധാരണക്കാരായ ജനങ്ങളാണ്. അര്‍ഹതയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും ആനുകൂല്യം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആര്‍എസ്ബിവൈ/ചിസ്,എസ്ചിസ് എന്നീ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളിലെ  എന്റോള്‍മെന്റ് 40 ലക്ഷം കടന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി 2018-19 വര്‍ഷം മികച്ച എന്റോള്‍മെന്റ് നടത്തിയവര്‍ക്കുള്ള അവാര്‍ഡ് വിതരണം തിരുവനന്തപുരത്ത്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ക്ഷേമപദ്ധതി ഗുണഭോക്താക്കളായി അനര്‍ഹര്‍ കടന്നുകൂടുന്നുവെന്ന് പരാതികളുണ്ട്.  ഇത്തരം ആളുകളെ കണ്ടെത്തി ഒഴിവാക്കും. അതിന് ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്. ക്ഷേമ പദ്ധതികള്‍ അനര്‍ഹരില്‍ എത്തുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സൗജന്യ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പ്രയോജനം 41 ലക്ഷത്തോളം കുടുംബങ്ങളിലേക്ക് എത്തിക്കാനായത് കേരളത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്. 2018-19ല്‍ ആറു ലക്ഷം കുടുംബങ്ങളെ കൂടി പദ്ധതിയില്‍ അംഗങ്ങളാക്കിയാണ് 41 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താന്‍ കേരളത്തിന് കഴിഞ്ഞത്.

അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ ആവിഷക്രിച്ച ആര്‍എസ്ബിവൈ പദ്ധതിയുടെ ആനുകുല്യങ്ങള്‍ അര്‍ഹരായ കൂടുതല്‍ കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കിയത്. അര്‍ഹതയുള്ള എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ ആരോഗ്യപരിരക്ഷയാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ലക്ഷക്കണക്കിനു കുടുംബങ്ങളെ  ആര്‍എസ്ബിവൈ-ചിസ് പദ്ധതിയില്‍ കൂടുതലായി  ഉള്‍പ്പെടുത്തി. അന്ത്യോദയ,  അന്നയോജന വിഭാഗത്തിലും മുന്‍ഗണനാപട്ടികയിലും ഉള്‍പ്പെട്ട റേഷന്‍കാര്‍ഡുടമകള്‍, ആയിരം രൂപ വരെ ഇപിഎഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍, ആഭരണതൊഴിലാളി ക്ഷേമനിധിബോര്‍ഡ്, കള്ളുചെത്ത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ്, കശുവണ്ടിതൊഴിലാളി ക്ഷേമനിധിബോര്‍ഡ് എന്നിവയിലെ ഇഎസ്ഐ ആനുകൂല്യം ലഭിക്കാത്ത അംഗങ്ങള്‍, ചികിത്സാര്‍ഥം സംസ്ഥാന മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട റേഷന്‍കാര്‍ഡുടമകള്‍, ചെറുകിട പവര്‍ലൂം മേഖലയിലെ തൊഴിലാളികള്‍ എന്നീ  വിഭാഗങ്ങളെയാണ്  പുതുതായി ചിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ആനുകൂല്യത്തിന് അര്‍ഹതയുള്ള എല്ലാവരെയും പദ്ധതിയുടെ കീഴില്‍കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ചിസ് പദ്ധതിയില്‍ അംഗങ്ങളായിട്ടില്ലാത്ത അര്‍ഹരായ  കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്കും ആനുകൂല്യം ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.  മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്കും അപകടങ്ങളില്‍ പെടുന്നവര്‍ക്കും ചികിത്സക്കായി ചിസ് പ്ലസ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. 60 വയസ്സിനുമുകളിലുള്ളവര്‍ക്ക് മുപ്പതിനായിരം രൂപയുടെ അധികചികിത്സാസഹായം ലഭിക്കുന്ന സീനിയര്‍ സിറ്റിസണ്‍സ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പദ്ധതിയും സംസ്ഥാനത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്.

പതിനെട്ടിനും  50 വയസ്സിനുമിടയില്‍  പ്രായമുള്ള ആം ആദ്മി ബീമായോജന അംഗങ്ങള്‍ക്കുള്ള സഹായധനം അപകടമരണത്തിന് 75,000 രൂപയില്‍ നിന്ന് നാല് ലക്ഷമായും സ്വാഭാവികമരണത്തിന് മുപ്പതിനായിരം രൂപയില്‍ നിന്ന് രണ്ടു ലക്ഷമായും വര്‍ധിപ്പിച്ചു. പൂര്‍ണ അംഗവൈകല്യത്തിന് 75,000 രൂപയില്‍നിന്ന് രണ്ടു ലക്ഷമായും ഭാഗിക അംഗവൈകല്യത്തിന് 37,500 രൂപയില്‍നിന്ന് ഒരു ലക്ഷം രൂപയായും സഹായം വര്‍ധിപ്പിച്ചു.

മുപ്പത്തിരണ്ടര ലക്ഷത്തോളം കുടുംബങ്ങളെ 2017-18ല്‍ അംഗങ്ങളാക്കാന്‍ ചിയാക്കിന് കഴിഞ്ഞു.  2017-18ല്‍ പദ്ധതിയിലുള്ള കുടുംബങ്ങള്‍ 35 ലക്ഷത്തോളമായി വര്‍ധിച്ചു. വാര്‍ഷിക ചികിത്സാ ആനുകൂല്യം 314 കോടി രൂപയായി ഉയര്‍ന്നു. രണ്ടു വര്‍ഷം കൊണ്ട് 735 കോടിയോളം രൂപയുടെ സൗജന്യചികിത്സ ലഭ്യമാക്കാനായി. 581 ആശുപത്രികള്‍  കഴിഞ്ഞ വര്‍ഷത്തോടെ പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 281 എണ്ണം സര്‍ക്കാര്‍ ആശുപത്രികളാണ്. പദ്ധതിയില്‍ അംഗങ്ങളായ കുടുംബങ്ങളുടെ എണ്ണം 41 ലക്ഷമായി ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ആശുപത്രികളെ എംപാനല്‍ ചെയ്യുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍എസ്ബിവൈയ്ക്ക് പകരമായി കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്‌തിട്ടുള്ള പ്രധാനമന്ത്രി രാഷ്ട്രീയ സ്വാസ്ഥ്യ സുരക്ഷാമിഷന്‍ കേരളത്തിന്റെ പദ്ധതി നടത്തിപ്പിന് വിഘാതമാകുമോയെന്ന് പഠിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.  അര്‍ഹരായ കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ ചികിത്സാസഹായമാണ് പുതിയ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. 2011ലെ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് ആധാരമാക്കിയാണ് ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത്. ആര്‍എസ്ബിവൈ പദ്ധതിയില്‍ നിലവിലുള്ള എല്ലാ കുടുംബങ്ങളും പ്രധാനമന്ത്രി രാഷ്ട്രീയ സ്വാസ്ഥ്യ സുരക്ഷാമിഷന്‍ പദ്ധതിയില്‍ അംഗങ്ങളാകാന്‍ അര്‍ഹരാണെന്ന് പറയുന്നുമുണ്ട്. അതേസമയം 18.58 ലക്ഷം കുടുംബങ്ങള്‍ക്കാണ് സെന്‍സസ് പട്ടികപ്രകാരം അര്‍ഹതയെന്നും പറയുന്നു. 2018-19ലെ സ്മാര്‍ട്ട് കാര്‍ഡ് വിതരണത്തിനുശേഷം മാത്രമേ  ആര്‍എസ്ബിവൈ അംഗങ്ങളുടെ പട്ടിക തയ്യാറാക്കാനാവൂ എന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് കാരുണ്യ സുരക്ഷാപദ്ധതിയുമായി ചേര്‍ന്ന് രണ്ടു ലക്ഷം രൂപ ഇന്‍ഷൂറന്‍സ് വഴിയും മൂന്നു ലക്ഷം രൂപ അഷ്വറന്‍സ് വഴിയും നല്‍കാനാണ് ധാരണ. ഈ വര്‍ഷത്തെ ആര്‍എസ്ബിവൈ-ചിസ് പദ്ധതിയിലെ കണക്കുകളനുസരിച്ച് 26 ലക്ഷത്തോളം കുടുംബങ്ങള്‍ കേന്ദ്രസഹായത്തോടെ പ്രധാനമന്ത്രി രാഷ്ട്രീയ സ്വാസ്ഥ്യ സുരക്ഷാമിഷന്‍ പദ്ധതിയില്‍ അംഗങ്ങളാകാന്‍ അര്‍ഹരാണ്. കേന്ദ്രസഹായമുള്ള കുടുംബങ്ങളുടെ പ്രീമിയം തുകയുടെ സംസ്ഥാന വിഹിതവും ബാക്കി കുടുംബങ്ങളുടെ മൊത്തം പ്രീമിയവും ഉള്‍പ്പെടെ പദ്ധതിയുടെ 75 ശതമാനം ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടിവരും. നിലവില്‍ ആനുകൂല്യം ലഭിക്കുന്നവര്‍ക്കെല്ലാം തുടര്‍ന്നും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
 
സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ തൊഴിലാളികളുടെയും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളുടെയും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇത് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് കൂട്ടായ ശ്രമം തുടരണമെന്നും മന്ത്രി ആഹ്വാനം ചെയ്‌തു. ചടങ്ങില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ് അധ്യക്ഷയായിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജീവ് സദാനന്ദന്‍, ചിയാക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.അശോക് കുമാര്‍, റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ജെയിന്‍, സിഡിഓ ആനന്ദ് സിംഗി എന്നിവര്‍ പ്രസംഗിച്ചു.

പ്രധാന വാർത്തകൾ
Top