21 November Wednesday

ഡൽഹിയിൽ സംസ്ഥാനങ്ങളുടെ പ്രത്യേക കൺവൻഷൻ വിളിക്കും: ധനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018


കേന്ദ്രസർക്കാരിന്റെ വിവേചനത്തിനെതിരെ സംസ്ഥാനങ്ങളുടെ പ്രത്യേക കൺവൻഷൻ ഡൽഹിയിൽ വിളിച്ചുചേർക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിമാർ, രാഷ്ട്രീയ പാർടിനേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിനൊടുവിൽ ഡൽഹി പ്രഖ്യാപനമുണ്ടാകും. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുന്ന കേന്ദ്ര സർക്കാരിന്റെ വിവേചനങ്ങളോടുള്ള പ്രതിഷേധമുന്നേറ്റമായി ഇത് മാറും. സംസ്ഥാനങ്ങൾക്ക് വിഭജിച്ചു നൽകുന്ന കേന്ദ്ര നികുതി വിഹിതം 42 ശതമാനത്തിൽനിന്ന‌് 50 ശതമാനം ആക്കുക എന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. ഇതടക്കം ആവശ്യപ്പെടുന്ന നിവേദനം പതിനഞ്ചാം ധനകമീഷന്റെ മുന്നിൽ സർക്കാർ സമർപ്പിച്ചു.

വർധിച്ച സെസിന്റെയും സർചാർജുകളുടെയും ഫലമായി സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതത്തിലുണ്ടായ കുറവ്, ജിഎസ്ടി ഏർപ്പെടുത്തിയതിനെ തുടർന്ന് കേന്ദ്രവും സംസ്ഥാനവും തുല്യനിരക്കിൽ നികുതി പങ്കിടുന്നതു മൂലം സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന നികുതിയിലുണ്ടായ കുറവ് എന്നിവ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട‌്. എസ്ഡിആർഎഫിന് 3000 കോടിയായും ഇതിലെ കേന്ദ്ര വിഹിതം 90 ശതമാനമായും ഉയർത്തണം.പബ്ലിക് കലാമിറ്റി ഇൻഷൂറൻസ് സ്‌കീം, വാർഡ് ലവൽ കലാമിറ്റി റസ്‌പോൺസ് ഫണ്ട്, ജൻഡർ സെൻസിറ്റീവ് ഡിസാസ്റ്റർ റിസ്‌ക് റിഡക‌്ഷൻ എന്നിവയ്ക്ക് ഗ്രാന്റ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2017‐18ൽ സംസ്ഥാനത്തിന്റെ ധനകമ്മി ഗണ്യമായി കുറഞ്ഞു. അടുത്ത സാമ്പത്തിക വർഷം ഇത‌് സാധാരണ നിലയിലേക്ക‌് എത്തിക്കുമെന്നും  നിയമസഭയിൽ റോജി എം ജോൺ, രമേശ‌്ചെന്നിത്തല എന്നിവരെ അറിയിച്ചു.

കിഫ്ബിക്ക് വിദേശ നിക്ഷേപം സമാഹരിക്കുന്നതിന്റെ ആദ്യഘട്ടമായി സിംഗപ്പൂർ, യുകെ രാജ്യങ്ങളിൽ മസാല ബോണ്ട്‌ പുറപ്പെടുവിക്കും. പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കാൻ  പ്രത്യേക സംവിധാനം ഒരുക്കുമെന്നും എം സ്വരാജ‌്, ടി വി രാജേഷ‌്, ഐ ബി സതീഷ‌്, കെ വി അബ്ദുൾഖാദർ, ജോർജ‌് എം തോമസ‌് എന്നിവരെ മന്ത്രി അറിയിച്ചു.

പ്രധാന വാർത്തകൾ
Top