22 November Thursday

കൊട്ടിയൂര്‍ പീഡനം : 3 പേരെ പ്രതിപ്പട്ടികയിൽനിന്ന‌് ഒഴിവാക്കി

സ്വന്തം ലേഖകൻUpdated: Thursday Aug 2, 2018



ന്യൂഡൽഹി
കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി മൂന്നു പേരെ പ്രതിപ്പട്ടികയിൽനിന്ന‌് ഒഴിവാക്കി. ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടർമാരായ സിസ്റ്റർ ടെസി തോമസ്, ഹൈദരാലി, അഡ്മിനിസ്ട്രേറ്റർ ആൻസി മാത്യു എന്നിവരെയാണ് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ച് കുറ്റവിമുക്തരാക്കിയത്. പ്രതികളായ വയനാട് ശിശുക്ഷേമസമിതി അധ്യക്ഷനായിരുന്ന ഫാ. തോമസ് തേരകം, സമിതി അംഗമായിരുന്ന സിസ്റ്റർ ബെറ്റിജോസ് എന്നിവരുടെ അപേക്ഷകൾ തള്ളിയ കോടതി ഇരുവരും വിചാരണ നേരിടണമെന്ന് നിർദേശിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം മറച്ചുവച്ചു എന്ന കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മൂന്നു പേരെ പ്രതിപ്പട്ടികയിൽനിന്ന‌് ഒഴിവാക്കിയത്. വിചാരണക്കോടതിയിൽ കേസ‌് ബുധനാഴ്ച വിചാരണ തുടങ്ങിയ സാഹചര്യത്തിലാണ് സുപ്രീംകോടതി അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും ജസ്റ്റിസ് അശോക്ഭൂഷൺ കൂടി അംഗമായ ബെഞ്ച് അറിയിച്ചു.

നേരിട്ടുള്ള തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും എതിരെ നിയമ നടപടികൾ സ്വീകരിക്കുന്നത് ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. പീഡനങ്ങൾക്കും മറ്റും ഇരയാകേണ്ടിവരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് ചികിത്സ നൽകാൻ ആശുപത്രികളും ഡോക്ടർമാരും വിസമ്മതിക്കുന്ന സാഹചര്യം ഉണ്ടാകുമോയെന്ന ആശങ്കയുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കും സംഭവവവുമായി നേരത്തേ ബന്ധമുണ്ടെന്നത് വ്യക്തമാണ്. സംഭവത്തെക്കുറിച്ച് അറിവുണ്ടായിട്ടും അത് മറച്ചുവച്ചത് പോക്സോ, ബാലനീതി നിയമങ്ങൾ പ്രകാരം കുറ്റകരമായതിനാൽ അവർ വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അമ്മ അറിഞ്ഞില്ലെന്ന വാദം വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും കോടതി പരാമർശിച്ചു. പ്രതിപ്പട്ടികയിൽ ഉള്ളവരുടെ പങ്ക് തെളിയിക്കാൻ ഫോൺവിളി രേഖകൾ ഉൾപ്പെടെ തെളിവായുണ്ടെന്നും കുറ്റകൃത്യത്തിന് കൂട്ടുനിന്നവരും വിചാരണ നേരിടണമെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ എൻ ബാലഗോപാലും സ്റ്റാൻഡിങ‌് കോൺസൽ വിപിൻനായരും വാദിച്ചു.

പ്രധാന വാർത്തകൾ
Top