ad
Deshabhimani

ഗ്രൂപ്പുകളെ വെട്ടി വന്നു; ഗ്രൂപ്പുകള്‍ വെട്ടും മുമ്പ് രാജി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 10, 2017, 08:23 AM | 0 min read

തിരു> എല്ലാ ഗ്രൂപ്പുകളും ഒന്നിച്ചെതിര്‍ത്തിട്ടും കെപിസിസി അധ്യക്ഷപദവി പിടിച്ച സുധീരനെ ഒടുവില്‍ ഗ്രൂപ്പുകള്‍ പുകച്ചുതന്നെ പുറത്താക്കി. അധികാരാരോഹണം തന്നെ പരസ്യ പ്രതിഷേധങ്ങള്‍ക്ക് നടുവിലായിരുന്നിട്ടും മൂന്നുവര്‍ഷം പിടിച്ചുനിന്നതില്‍ സുധീരന് അഭിമാനിയ്ക്കാമെന്നുമാത്രം.

സുധീരനെ നീക്കണമെന്ന ഇ മെയിലുകളും കമ്പിസന്ദേശങ്ങളും ഹൈക്കമാണ്ടിലേയ്ക്ക് പ്രവഹിയ്ക്കുന്നതിനിടയിലാണ് സുധീരന്റെ മുഖം രക്ഷിയ്ക്കല്‍ രാജി.

2014 പെബ്രുവരിയിലാണ് സുധീരന്‍ പ്രസിഡണ്ടായത്. സുധീരനെ പ്രസിഡന്റാക്കിയ ഹൈക്കമാന്‍ഡ് രീതിയില്‍ പ്രതിഷേധിച്ച് സുധീരന്റെ സ്ഥാനാരോഹണച്ചടങ്ങും സ്വീകരണപരിപാടിയും ഉമ്മന്‍ചാണ്ടി അന്ന് ബഹിഷ്കരിച്ചു. സംസ്ഥാനത്തെ രണ്ടു പ്രബലഗ്രൂപ്പുകള്‍ എതിര്‍ത്തിട്ടും സുധീരനെ പ്രസിഡന്റാക്കിയത് ടിവി വാര്‍ത്തയിലൂടെ അറിയേണ്ടിവന്നുവെന്നത് അപമാനകരമായി എന്നാണ് ഉമ്മന്‍ചാണ്ടി എ കെ ആന്റണിയെ അറിയിച്ചത്.

ഘടകകക്ഷികളെ പ്രത്യേകിച്ച് മുസ്ളീംലീഗിനെ ഒപ്പം നിര്‍ത്തി ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പുകള്‍ മറികടക്കാനാണ് സുധീരന്‍ തുടക്കത്തില്‍ ശ്രമിച്ചത്.  അധികാരമേറ്റെടുക്കല്‍ ചടങ്ങ് തന്നെ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ കാര്‍മികത്വത്തിലായിരുന്നു. ഘടകകക്ഷികളെ എതിരാക്കി കെപിസിസി കസേരയില്‍നിന്ന് താഴത്തിറക്കാനുള്ള നീക്കം കോണ്‍ഗ്രസില്‍ ഉണ്ടായേക്കാമെന്ന് മുന്‍കൂട്ടി കണ്ട് അതിനെ തടയാനാണ് സുധീരന്‍ ശ്രമിച്ചത്. കരിമണല്‍ വിഷയത്തിലടക്കം ചാനലുകളില്‍ കുഞ്ഞാലിക്കുട്ടിക്കു നേരെ പുലിയെപ്പോലെ ചീറിയ ആള്‍ പുതിയ കസേര കാക്കാന്‍ അന്ന് പൂച്ചയായി. സുധീരനെ സ്തുതിച്ച് കുഞ്ഞാലിക്കുട്ടിയും ചാനലുകളില്‍ എത്തി.

എന്നാല്‍ ലോക് സഭാതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും എത്തിയപ്പോള്‍ ഘടകകക്ഷികളടക്കം യുഡിഎഫില്‍ ഏറെക്കുറെ എല്ലാവരും തന്നെ സുധീരനെതിരായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര സീറ്റില്‍ മത്സരിയ്ക്കാന്‍ സുധീരന്റെ പിന്തുണ പ്രതീക്ഷിച്ച എം പി വീരേന്ദ്രകുമാര്‍ ആദ്യം പിണങ്ങി. പിന്നാലെ പലരും.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനഘട്ടത്തിലാകട്ടെ ആദര്‍ശ ധീരതയൊക്കെ മറന്ന് എല്ലാ അഴിമതിയുടെയും അധ്യക്ഷപദവിയും സുധീരന് വഹിക്കേണ്ടിവന്നു. അഴിമതിയ്ക്കെതിരെയും. മുസ്ളിംലീഗ്, കേരളകോണ്‍ഗ്രസ് എം എന്നിവയുടെ സമുദായ കച്ചവടരാഷ്ട്രീയത്തിന് എതിരെയും നടത്തിയിരുന്ന ഗര്‍ജനങ്ങള്‍ വിഴുങ്ങി നിയമസഭാതെരഞ്ഞെടുപ്പില്‍ അഴിമതി മുന്നണിയുടെ കാര്‍മ്മികനായും സുധീരനെ കേരളം കണ്ടു.
 
എനാല്‍  ഒപ്പം നിന്ന അപൂര്‍വ്വം നേതാക്കള്‍ക്കുപോലും തെരഞ്ഞെടുപ്പില്‍ സീറ്റ് നേടിക്കൊടുക്കാന്‍ സുധീരനു കഴിഞ്ഞില്ല. സീറ്റുവേണ്ടെന്നു നടിച്ച് ആദര്‍ശനാടകമാടിയ ഉറ്റ അനുയായി ടി എന്‍ പ്രതാപന്റെ സീറ്റുമാറ്റമോഹവും മറ്റ് ഗ്രൂപ്പുകള്‍ തല്ലിക്കെടുത്തി.

നിയാമാസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ മുഖ്യകാരണക്കാരന്‍ സുധീരനാണെന്നായിരുന്നു ഗ്രൂപ്പുകളുടെ ഏകാഭിപ്രായം. ഭരണമാറ്റത്തിനുശേഷം ഓരോ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്കും പിന്നാലെ സുധീരനെ മാറ്റണമെന്ന മെയിലുകളും സന്ദേശങ്ങളും ഡല്‍ഹിയ്ക്ക് പറന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനും  നിരവധി പരാതി ലഭിച്ചിട്ടുണ്ട്.

സുധീരന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെത്തിയശേഷം സംഘടനാ സംവിധാനങ്ങള്‍ തകര്‍ന്നെന്നും താഴെത്തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം ദുര്‍ബലമായെന്നുമാണ് പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയത്. ഡിസിസി നിയമനങ്ങളും സുധീരനെതിരായ നീക്കം ശക്തമാക്കി. സ്വന്തമായി ഒരു ഗ്രൂപ്പെന്ന സുധീരന്റെ നീക്കങ്ങളും വിജയിച്ചില്ല.

ഇപ്പോള്‍ സുധീരനെ മാറ്റി സംഘടനാതെരഞ്ഞെടുപ്പെന്ന ആവശ്യവുമായി ഗ്രൂപ്പുകള്‍ ഒന്നിച്ച് പടനീക്കം നടത്തുന്ന ഈ വേളയില്‍ മുഖം രക്ഷിയ്ക്കാന്‍ രാജി സുധീരനെ സഹായിച്ചേക്കാം. സുധീരനെതിരെ ഒന്നിച്ചുനിന്ന ഗ്രൂപ്പുകള്‍ ഇനി പുതിയ പ്രസിഡണ്ടിനെ ചൊല്ലി പരസ്പരം പോരുതുടങ്ങുമ്പോള്‍ അതുകണ്ട് ആശ്വസിച്ച് കളത്തിനുപുറത്തിരിയ്ക്കുകയും ചെയ്യാം.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home