17 December Monday

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 7 മുതല്‍ 9 വരെ; സ്വര്‍ണക്കപ്പ് ഈ വര്‍ഷം നല്‍കില്ല

സ്വന്തം ലേഖകന്‍Updated: Tuesday Sep 18, 2018

തിരുവനന്തപുരം > പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ ആര്‍ഭാട രഹിതമായി നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ മൂന്ന് ദിവസമായി ഡിസംബര്‍ 7,8,9 എന്നീ തീയതികളില്‍ നടത്താന്‍ ചൊവ്വാഴ്ച ചേര്‍ന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഗുണനിലവാര പരിശോധനാ സമിതി (ക്യുഐപി) സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു.

ഓവറോള്‍ കിരീടമായ സ്വര്‍ണക്കപ്പ് ഈ വര്‍ഷം നലകില്ല. ഗ്രേസ് മാര്‍ക്കും സര്‍ട്ടിഫിക്കറ്റും മാത്രം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. വ്യക്തിഗത ട്രോഫികളും സ്‌കൂളുകള്‍ക്കുള്ള പോയിന്റും നല്‍കില്ല. സംസ്ഥാന കലോത്സവത്തില്‍ മത്സരങ്ങള്‍ സ്റ്റേജിനങ്ങള്‍ മാത്രമായിരിക്കും. സ്റ്റേജ് ഇതര മത്സരങ്ങള്‍ (കഥാരചന, കവിതാരചന, ചിത്രരചന,ജലച്ചായം, എണ്ണച്ചായം, പെന്‍സില്‍, കാര്‍ട്ടൂണ്‍, കൊളാഷ്) ജില്ലാതലത്തില്‍ ഒരേവിഷയത്തില്‍ ഒറ്റദിവസം നടത്തി എ ഗ്രേഡോഡുകൂടി ഒന്നാം സ്ഥാനം നേടിയ രചനകള്‍ സംസ്ഥാനതലത്തില്‍ വിധി നിര്‍ണ്ണയിച്ച് ഗ്രേഡ് നല്കും. ഇവയ്ക്ക് സംസ്ഥാന മത്സരങ്ങള്‍ ഉണ്ടാകില്ല.

സ്‌കൂള്‍ തല മത്സരങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 13 വരെയും സബ് ജില്ലാ മത്സരങ്ങള്‍ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 3 വരെയും ജില്ലാ മത്സരങ്ങള്‍ നവംബര്‍ 12 മുതല്‍ 24 വരെയും നടത്തും. സബ് ജില്ലാ മേളകള്‍ ഒറ്റ ദിവസം കൊണ്ടും ജില്ലാ മേളകള്‍ 2 ദിവസം കൊണ്ടും തീര്‍ക്കും. എല്‍ പിയു പി. കലാമത്സരങ്ങള്‍ സ്‌കൂള്‍തലത്തില്‍ അവസാനിക്കും.

 മേളകളില്‍ ഉദ്ഘാടനസമാപന ചടങ്ങുകളും ഘോഷയാത്രകളും മറ്റ് ആര്‍ഭാടങ്ങളും ഒഴിവാക്കും. ഗ്രേഡോട് കൂടിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഒരു തലത്തിലും ക്യാഷ് അവാര്‍ഡും ട്രോഫിയും ഈ വര്‍ഷം നല്‍കുന്നതല്ല. എല്ലാ തലങ്ങളിലും കര്‍ശനമായ ചെലവു നിയന്ത്രണം പാലിക്കും. പരമാവധി കെട്ടുപന്തലുകള്‍ ഒഴിവാക്കി ഹാളുകളില്‍ നടത്തേണ്ടതാണെന്ന് തീരുമാനിച്ചു. ഭക്ഷണം കുടുംബശ്രീയെ ഏല്പിച്ച് വിതരണം ചെയ്യണം.

സ്‌പെഷ്യല്‍ സ്‌കൂള്‍ സംസ്ഥാന കലോത്സവം ഒക്ടോബര്‍ 26,27,28 തീയതികളില്‍ കൊല്ലത്ത് നടക്കും.സംസ്ഥാന ശാസ്‌ത്രോത്സവം നവംബര്‍ 24,25 തീയതികളില്‍ കണ്ണൂരില്‍ നടക്കും. സംസ്ഥാന കായികമേള ഒക്ടോബര്‍ 26,27,28 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. ഒരു ജില്ലയില്‍ നിന്നും സംസ്ഥാനതലത്തില്‍ രണ്ടു എന്‍ട്രിമാത്രം. ഗെയിംസ് മത്സരങ്ങള്‍ സോണല്‍ മത്സരത്തില്‍ നിന്നും വിജയിക്കുന്ന മൂന്നുവീതം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്കുന്നതിനുള്ള മെരിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും. സംസ്ഥാന ഗെയിംസ് മത്സരങ്ങള്‍ ഒഴിവാക്കും. സോണല്‍ തലത്തിലെ ജേതാക്കളില്‍നിന്ന് ദേശീയ ഗെയിംസില്‍ പങ്കെടുക്കേണ്ടവരെ കണ്ടെത്തും കായികമേളയില്‍ കിഡീസ് വിഭാഗം മത്സങ്ങള്‍ ഒഴിവാക്കും. കഴിഞ്ഞ വര്‍ഷം നടത്തിയ ഇനങ്ങള്‍ പൂര്‍ണമായും ഈ വര്‍ഷം നടത്തും.

 


പ്രധാന വാർത്തകൾ
Top