20 November Tuesday

സുധീരനറിയാത്ത ശ്രീനിവാസന്‍ വധേരയുടെ പങ്കാളി; കൊച്ചിയില്‍ റിയല്‍ എസ്റ്റേറ്റ്‌ കമ്പനി

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018

കൊച്ചി> സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ തലയ്ക്ക് മുകളിലൂടെ എഐസിസി സെക്രട്ടറിയായി നിയമിതനായ കെ ശ്രീനിവാസന്‍  പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെ അടുത്ത ബിസിനസ് പങ്കാളി. വധേരയ്ക്ക് പൂര്‍ണമായോ ഭാഗികമായോ ഉടമസ്ഥതയുണ്ടായിരുന്ന നാല് കമ്പനികളില്‍ ശ്രീനിവാസന്‍ പലപ്പോഴായി ഡയറക്ടറായിരുന്നു. ഇതില്‍ ഒന്നില്‍ പ്രിയങ്കയ്ക്ക് പകരമായാണ് ശ്രീനിവാസന്‍ ഡയറക്ടറായത്. രണ്ടാഴ്ച മുമ്പ് കൊച്ചിയില്‍ പുതിയ നിര്‍മ്മാണ കമ്പനിയ്ക്ക് തുടക്കമിട്ടതിനു പിന്നാലെയാണ് ശ്രീനിവാസനെ എഐസിസി സെക്രട്ടറിയാക്കിയത്.

ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ പെട്ട ശ്രീനിവാസന്‍ തൊണ്ണൂറുകളില്‍ തിരുവനന്തപുരത്ത് പ്രസ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലും പിന്നീട് തിരുവനന്തപുരം ദൂരദര്‍ശന്‍ നിലയത്തില്‍ ന്യൂസ്‌ എഡിറ്ററായും പ്രവര്‍ത്തിച്ചു. 1995ല്‍ കെ കരുണാകരന്‍ കേന്ദ്ര വ്യവസായ മന്ത്രിയായപ്പോള്‍ അദ്ദേഹത്തിനൊപ്പം ഡല്‍ഹിയിലെത്തി. കരുണാകരന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി പ്രവര്‍ത്തിയ്ക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധി,പ്രിയങ്ക ഗാന്ധി,റോബര്‍ട്ട് വധേര തുടങ്ങിയവരുമായി അടുത്ത ബന്ധത്തിലായി. തുടര്‍ന്നാണ്‌ വധേരയുടെ കമ്പനികളില്‍ ഡയറക്ടറായി. വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്ന ബ്ലു ബ്രീസ് ട്രേഡ്സ് കമ്പനിയില്‍ പ്രിയങ്കയ്ക്ക് പകരമായാണ് ശ്രീനിവാസന്‍ ഡയറക്ടറായത്. പ്രോവെസ് ബില്‍ഡ് കോണ്‍, സാകേത് ഹോളിഡേയ്സ്, ക്ലീവ ബില്‍ഡേഴ്സ്  തുടങ്ങിയവയിലും ഡയറക്ടറായി. ഇവയെല്ലാം വധേരയുമായി ബന്ധപ്പെട്ട കമ്പനികളാണ്. പലതും പല വിവാദങ്ങളിലും കുടുങ്ങിയവയും.

ഇതിനിടെ കൊച്ചിയില്‍ സ്വന്തം നിലയില്‍ ഒരു റിയല്‍ എസ്റ്റേറ്റ്‌ കമ്പനി തുടങ്ങി. ശ്രീജോഹ് റിയാല്‍റ്റേഴ്സ് എന്ന പേരില്‍ പനമ്പള്ളി നഗര്‍ ആസ്ഥാനമായ കമ്പനി ഇപ്പോഴുമുണ്ട്. അതിനിടെയാണ് പുതിയൊരു കമ്പനി കൂടി കൊച്ചിയില്‍ രണ്ടാഴ്ച മുമ്പ് തുടങ്ങിയത്. 2018 ജൂണ്‍ എട്ടിന് രജിസ്റ്റര്‍ ചെയ്ത ഈ കമ്പനിയുടെ പേര് അശ്വിന്‍ ബില്‍ഡേഴ്സ്  ആന്‍ഡ്‌ കോണ്‍ട്രാക്‌ടേഴ്സ് എന്നാണ്.

എഐസിസി സെക്രട്ടറിയായി നിയമിക്കപ്പെട്ട ശ്രീനിവാസൻ ആരാണെന്ന‌് വി എം സുധീരന്റെ ചോദ്യംഉയര്‍ത്തിയിരുന്നു. ''ഒരു ശ്രീനിവാസൻ  എഐസിസി സെക്രട്ടറിയായി വന്നിരിക്കുന്നുവെന്നത് അത്ഭുതത്തോടും  ഞെട്ടലോടെയുമാണ് കേരളത്തിലെ പ്രവർത്തകർ അറിഞ്ഞതെ''ന്ന‌് സുധീരൻ ഫെയ‌്സ‌്ബുക‌് പോസ‌്റ്റിൽ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top