17 August Friday

എല്ലാ ക്ഷേമപെൻഷനുകളും ഓണത്തിന്‌ മുമ്പ്‌ നൽകും ; 6500 ഓണചന്ത സജ്ജീകരിക്കും

ജി രാജേഷ‌് കുമാർUpdated: Friday Jul 20, 2018

തിരുവനന്തപുരം> ഓണം വരവേൽക്കാൻ വിവിധ വകുപ്പുകൾ ഏകോപിച്ചുള്ള വിപുലമായ ഒരുക്കത്തിന‌് സർക്കാർ തുടക്കമിട്ടു. സാമൂഹ്യസുരക്ഷാ പെൻഷൻ അടക്കം എല്ലാ ആനുകൂല്യവും ഓണത്തിനുമുമ്പ് വിതരണം ചെയ്യും. നിത്യോപയോഗ സാധനങ്ങളും പച്ചക്കറിയും വിലകുറച്ച് ലഭ്യമാക്കുന്നതിന് സംസ്ഥാനത്ത് 6500ൽപരം ഓണച്ചന്ത സജ്ജമാക്കും. സഹകരണവകുപ്പിന്റെ കീഴിൽമാത്രമായി 3500 ചന്തയും സപ്ലൈകോ 1500ൽപരം ചന്തയും തുറക്കും.

മാവേലി സ്റ്റോറുകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും അനുബന്ധമായി പ്രത്യേക ചന്തയുമുണ്ടാകും. മാവേലി സ്റ്റോറില്ലാത്ത 26ൽപരം പഞ്ചായത്തിലും പ്രത്യേക ചന്തയുണ്ടാകും.  ഇതിന‌ു പുറമെ 14 ജില്ലാ ആസ്ഥാനത്തും എല്ലാ താലൂക്ക് കേന്ദ്രത്തിലും ഡിപ്പോ കേന്ദ്രങ്ങളിലും വിപുലമായ ഓണച്ചന്തയും ഒരുക്കും.

കൃഷിവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ കഴിഞ്ഞ ഓണത്തിന് 1320 പഴം‐പച്ചക്കറി ചന്ത പ്രവർത്തിപ്പിച്ചിരുന്നു. ഇത്തവണ എണ്ണം വർധിപ്പിക്കും. ഒപ്പം കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങൾ, വിവിധ വിപണന സ്ഥാപനങ്ങൾ, കർഷകരുടെ ഉൽപ്പാദക കൂട്ടായ്മകൾ എന്നിവ വഴിയും ചന്ത തുടങ്ങും.

42,17,097 പേർക്കാണ് ജൂലൈമുതലുള്ള പെൻഷൻ നൽകുക. ഇതിൽ 8,73,504 പേർ എൽഡിഎഫ് സർക്കാർ വന്നശേഷം പട്ടികയിൽ ഉൾപ്പെടുത്തിയവരാണ്. 1733 കോടി രൂപ ഇതിനുവേണം.

പരമ്പരാഗതമേഖലയിലെ വേതനം ഉറപ്പാക്കൽ പദ്ധതിയിൽ 42 കോടി രൂപ അനുവദിച്ചു. ഖാദിത്തൊഴിലാളികൾക്ക് 16.80 കോടി രൂപയും ഹാൻഡ്ലൂം‐ടെക‌്സ‌്റ്റൈൽ  തൊഴിലാളികൾക്ക് 1.89 കോടി രൂപയും ഈറ്റ‐കാട്ടുവള്ളി തൊഴിലാളികൾക്ക് 2.40 കോടി രൂപയും കൈത്തറി തൊഴിലാളികൾക്ക് 1.83 കോടി രൂപയും ബീഡി‐സിഗാർ തൊഴിലാളികൾക്ക് 80 ലക്ഷം രൂപയും കയർത്തൊഴിലാളികൾക്ക് 18.37 കോടി രൂപയും ഓണത്തിനുമുമ്പ് ബാങ്ക് അക്കൗണ്ട‌ുവഴി വിതരണം ചെയ്യും. വിവിധ തൊഴിൽ വിഭാഗങ്ങളിലെ ബോണസ് അടക്കമുള്ള ഓണക്കാല ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ ചർച്ചകളും നടക്കുന്നു.

ഓണത്തെ വരവേൽക്കാൻ ടൂറിസംവകുപ്പും ഒരുങ്ങി. പ്രധാന ആഘോഷം തലസ്ഥാനത്താണ്. വിപുലമായ കലാപരിപാടികളും ഘോഷയാത്രയും സംഘടിപ്പിക്കും.

ജില്ലാ കേന്ദ്രങ്ങളിൽ ഡിടിപിസി നേതൃത്വം നൽകും. വിദേശ, സ്വദേശ സഞ്ചാരികൾക്ക‌് നാട്ടിൻപുറങ്ങളിലെ കുടുംബങ്ങളിൽ ഓണസദ്യ ഒരുക്കുന്നത‌് ഇത്തവണത്തെ പ്രത്യേകതയാണ്.
 ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുക.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top