26 September Wednesday

വട്ടവടയിലെ വീട്ടിൽ അഭിമന്യുവിന്റെ പ്രിയസഖാവെത്തി... വികാരഭരിതനായി സൈമൺ ബ്രിട്ടോ

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018

വട്ടവട >  അഭിമന്യുവിന്റെ വിയോഗത്തോടെ ഇരുട്ടുനിറഞ്ഞ ആ ഒറ്റമുറി വീട്ടിലേക്ക് അവന്റെ ബ്രിട്ടോ സഖാവെത്തി. പെറ്റമ്മയുടെ കണ്ണുനീര് വീണ കൈകൾ കൊണ്ട് ആ അച്ഛനമ്മമാരെ ചേർത്ത് പിടിച്ചു മഹാരാജാസിന്റെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് സൈമൺ ബ്രിട്ടോ. അഭിമന്യു തന്റെ ജീവനായിരുന്നുവെന്നും വർഗ്ഗീയവാദികൾ കൊണ്ടുപോയത് തന്റെ പകുതി ജീവൻ കൂടിയാണെന്നും സൈമൺ ബ്രിട്ടോ പറഞ്ഞു.

കഴിഞ്ഞ ദിവസം മറയൂരിലെത്തിയ ബ്രിട്ടോയുടെ വരവും പ്രതീക്ഷിച്ച്‌ പാർടി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ തന്നെ അഭിമന്യുവിന്‍റെ വീട്ടില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് ബ്രിട്ടോ കൊട്ടാക്കൊമ്പൂരിലെത്തിയത്. കാത്തു നിന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബ്രിട്ടോയെ വീല്‍ചെയറില്‍ ഇരുത്തി അഭിമന്യുവിന്റെ ഒറ്റമുറി വീട്ടിലെത്തിച്ചു.



വീടിനുള്ളില്‍ കയറണമെന്ന് ബ്രിട്ടോ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നിലത്ത് പായ് വിരിച്ച് വീടിനുള്ളില്‍ എത്തിച്ചു. ബ്രിട്ടോയെ കണ്ടയുടൻ അഭിമന്യുവിന്‍റെ അമ്മ ഭൂപതി കൈകളില്‍ പിടിച്ച് പൊട്ടിക്കരഞ്ഞു. കണ്ട് നിന്നവരുടെയെല്ലാം കണ്ണ് നനയിച്ച നിമിഷങ്ങളായിരുന്നു അത്‌.

അഭിമന്യുവുമായി അടുത്ത വ്യക്തി ബന്ധം സൂക്ഷിച്ചിരുന്നു സൈമണ്‍ ബ്രിട്ടോ. ബ്രിട്ടോയുടെ വീട്ടിലെ പുസ്തകങ്ങളുടെ കൂട്ടുകാരനായിരുന്നു അഭിമന്യു. ഒ‍ഴിവുള്ള ദിവസങ്ങളില്‍ അഭിമന്യുവിന്‍റെ താമസം ആ വീട്ടിലായിരുന്നു. അദ്ദേഹത്തെ പുസ്തകരചനക്ക്‌ സഹായിച്ചിരുന്നതും അഭിമന്യുവായിരുന്നു.



അഭിമന്യു വീട്ടില്‍ സൂക്ഷിച്ചിരുന്ന ബൊളീവിയന്‍ ഡയറി എന്ന പുസ്തകവും, വായിച്ചു തീര്‍ക്കാതെ പോയ റോബിന്‍ ശര്‍മ്മയുടെ ‘‘നിങ്ങള്‍ മരിക്കുമ്പോള്‍ ആര് കരയും’’ എന്ന പുസ്‌തകവും നോട്ടുകളും ബ്രിട്ടോ നോക്കി കണ്ടു. ഒന്നര മണിക്കൂര്‍ നേരം നിലത്ത് വിരിച്ച പായില്‍കിടന്നുകൊണ്ട് അഭിമന്യുവിന്‍റെ കുടുംബത്തോട് അഭിമന്യു തന്നോടൊപ്പം ഉണ്ടായിരുന്ന നിമിഷങ്ങളും ഇടപെടലുകളും മകള്‍ നിലാവിനോടൊപ്പം കളിക്കുന്നതുമെല്ലാം വിവരിച്ചു. അഭിമന്യുവിന്‍റെ ഒപ്പം കുത്തേറ്റ അര്‍ജ്ജുന്‍കൃഷ്ണയുടെ വിവരങ്ങളും പങ്കുവച്ചു.

1983 ഒക്ടോബര്‍ 13 വെള്ളിയാഴ്‌ചയാണ് മഹാരാജാസ് കോളേജില്‍ വച്ചുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളെ കാണുന്നതിനായി ക്യാഷ്വാലിറ്റി വാര്‍ഡിലൂടെ നടന്നു പോകുമ്പോൾ ബ്രിട്ടോയെ കെഎസ്‌യു ഗുണ്ടകൾ കുത്തിവീഴ്ത്തിയത്. തലനാരിഴക്കാണ് അദ്ദേദഹത്തിന്‌ ജീവന്‍ തിരിച്ചുകിട്ടിയത്. അതിനുശേഷം, നീണ്ട 35 വര്‍ഷക്കാലമായി വീല്‍ചെയറിലാണ് ജീവിതം. എല്‍എല്‍ബി പരീക്ഷാ ഫലം വന്ന് വിജയം അറിഞ്ഞ ദിവസമാണ് ബ്രിട്ടോക്ക് കുത്തേറ്റത്.

അനുഭവങ്ങള്‍ പങ്കുവച്ച ശേഷം അഞ്ചരയോടെയാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. വീട്ടില്‍ നിന്നും മടങ്ങിയ ബ്രിട്ടോയെ അഭിമന്യുവിന്‍റെ അച്ഛൻ മനോഹരന്‍, അമ്മ ഭൂപതി, സഹോദരങ്ങളായ കൗസല്യ, പരിജിത്ത് എന്നിവര്‍ ചേര്‍ന്ന് യാത്രയയച്ചു. സൈമണ്‍ ബ്രിട്ടോ വട്ടവടയില്‍ തങ്ങിയ ശേഷം ചൊവ്വാഴ്ച്ച വൈകുന്നേരം എറണാകുളത്തേക്ക് മടങ്ങും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top