14 November Wednesday

ജെംസ് കോളേജ് യൂണിയന്‍: പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധമായ വാര്‍ത്ത; നേതൃത്വത്തോട് ആലോചിക്കാതെ തീരുമാനമെടുത്ത യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടിരുന്നു - എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018

മലപ്പുറം > രാമപുരം ജെംസ് കോളേജില്‍ കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്ന യൂണിയനുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്ന് എസ്എഫ്‌ഐ.

കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ പിന്തുണ സ്വീകരിച്ചാണ് യൂണിയന്‍ അധികാരത്തില്‍ വന്നത് എന്നാണ് പ്രചരിപ്പിരിപ്പിക്കുന്നത്, എന്നാല്‍ എസ്എഫ്ഐ മങ്കട ഏരിയാ കമ്മിറ്റിയുടെയോ ജില്ലാ കമ്മിറ്റിയുടെയോ അറിവോടെ ആയിരുന്നില്ല ക്യാമ്പസ് ഫ്രണ്ടിന്റെ പിന്തുണ സ്വീകരിച്ചത്.  കോളേജ് യൂണിറ്റ് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ മാത്രമായി എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ക്യാമ്പസ് ഫ്രണ്ടുമായി ചേര്‍ന്ന് യൂണിയന്‍ ഉണ്ടായത്. ഇതിന്റെ ഭാഗമായി ജെംസ് കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി തൊട്ടടുത്ത ദിവസത്തില്‍ യോഗംചേര്‍ന്ന് പിരിച്ചു വിടുകയും ചെയ്തു.  ആറുമാസങ്ങള്‍ക്ക് ശേഷമാണ് പുതിയ യൂണിറ്റ് കമ്മിറ്റി നിലവില്‍ വന്നത്.  ഇതെല്ലാം മറച്ചുവച്ച് ദാരുണമായ കൊലപാതകത്തെ മറയ്ക്കാന്‍ വേണ്ടിയുള്ള പ്രചാരണങ്ങള്‍ നടത്താനാണ് ക്യാമ്പസ് ഫ്രണ്ട്, എംഎസ്എഫ്, കെഎസ്യു സംഘടനകള്‍ ശ്രമിക്കുന്നത്.

ജെംസ് കോളേജില്‍ തെരഞ്ഞെടുപ്പ് നടന്ന അവസരത്തില്‍ ക്ലാസ് റെപ്പുമ്മാരെ തെരഞ്ഞെടുത്ത ഘട്ടത്തില്‍ 21 സീറ്റ് എസ് എഫ്ഐക്കും 21 സീറ്റ് യുഡിഎസ്എഫ് സഖ്യത്തിനും ലഭിച്ചിരുന്നു. എന്നാല്‍  ജനറല്‍ സീറ്റിലേക്ക് ഭൂരിപക്ഷം നേടാനായി നേതൃത്വത്തോട് അലോചിക്കാതെ ക്യാമ്പസ് ഫ്രണ്ടിന് ലഭിച്ച രണ്ട് പ്രതിനിധികളുടെ പിന്തുണ വാങ്ങിയാണ്  നിലവിലെ
യൂണിയന്‍ അധികാരത്തില്‍ വന്നത്.

2014ല്‍ ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിനെ കൂട്ടുപിടിച്ചാണ് യുഡിഎസ്എഫ് യൂണിയന്‍ സ്വന്തമാക്കിയത്. ക്യാമ്പസ് ഫ്രണ്ടുകാരായ ജനറല്‍  ക്യാപ്റ്റനെയും  രണ്ടാം വര്‍ഷ റെപ്പിനെയുമാണ് ഇവര്‍ കൂടെക്കൂട്ടിയത്. 2016ല്‍ പുത്തനത്താണി സിപിഎ കോളേജില്‍ ക്യാമ്പസ് ഫ്രണ്ടുകാരനായ ഒന്നാം   വര്‍ഷ റെപ്പിനെ കൂടെക്കൂട്ടി യൂണിയന്‍ പിടിച്ചു. സമാനമായ സംഭവം മൂത്തേടം ഫാത്തിമ കോളേജിലും വള്ളുവമ്പ്രം എംഐസി കോളേജിലും ആവര്‍ത്തിച്ചു.ഒരു നടപടിയും എടുക്കാന്‍ ഈ കൂട്ടര്‍ തയ്യാറാവാതെയാണ് എസ്എഫ്ഐയെ കുറ്റപ്പെടുത്തുന്നത്. ഇത് വ്യക്തമായ വര്‍ഗീയ അജന്‍ഡയുടെ ഭാഗമായിട്ടാണ്. ഇത്തരം പ്രചാരവേലകള്‍ പൊതുസമൂഹം അര്‍ഹിക്കുന്ന അവജ്ഞതയോടെ  തള്ളിക്കളയുമെന്ന് എസ്എഫ്‌ഐ മലപ്പുറം  ജില്ലാ സെക്രട്ടറി കെ എ സക്കീറും  പ്രസിഡന്റ് ഇ അഫ്സലും പ്രസ്താവനയില്‍ പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top