14 November Wednesday

എസ്എഫ്ഐ സമ്മേളനപ്രമേയം; പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കാര്യക്ഷമമാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018



കൊല്ലം

എൽഡിഎഫ‌് നേതൃത്വത്തിൽ കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം രാജ്യത്തിനു തന്നെ മാതൃകയാണ‌് . കേന്ദ്രസർക്കാരി​ന്റെ വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം ദ്രുത​ഗതിയിൽ രാജ്യത്താകെ നടപ്പാക്കാൻ ശ്രമിക്കുമ്പോഴും ഈ തെറ്റായ നയങ്ങൾക്കെതിരെ മാതൃകാപരമായ വിദ്യാഭ്യാസ നയം രൂപീകരിച്ച് പ്രതിരോധം തീർക്കുകയാണ് കേരളം. 

രാജ്യത്താകെ പൊതുവിദ്യാഭ്യാസരം​ഗം തകർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽപോലും കേരളത്തി​ന്റെ പൊതുവിദ്യാഭ്യാസ മണ്ഡലം മികച്ച നിലവാരത്തിൽ ഉയർന്നു വരികയാണ്. പൊതുവിദ്യാലയങ്ങളിലേക്ക് കഴിഞ്ഞ രണ്ട് അധ്യയന വർഷം കടന്നുവന്ന വിദ്യാർഥികളുടെ എണ്ണം ആനുപാതികമായി വർധിച്ചുവരുന്നു.  ഇവയെല്ലാം കേരളത്തി​ന്റെ പൊതുവിദ്യാഭ്യാസരം​ഗത്തി​ന്റെ ഉയർച്ചയുടെ വലിയ സൂചനകളാണ‌്.

സമയബന്ധിതമായി പാഠപുസ്തകം വിതരണം ചെയ്ത‌ും സൗജന്യ യൂണിഫോം നൽകിയും സംസ്ഥാന സർക്കാർ വിദ്യാർഥികളോടുള്ള പ്രതിബദ്ധത വീണ്ടും തെളിയിച്ചു.
സ‌്മാർട്ട് ക്ലാസ് റൂമുകൾ ആരംഭിച്ച‌്  സർക്കാർ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. യുഡിഎഫ‌് സർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച മലാപറമ്പ്, മാങ്ങാട്ടുമുറി തുടങ്ങിയ സ്കൂളുകൾ ഏറ്റെടുത്ത അഭിമാനകരമായ ഇടപെടലുകളും സംസ്ഥാന സർക്കാരി​ന്റെ ഭരണരം​ഗത്തെ മികവ‌് വ്യക്തമാക്കുന്നു.
രാജ്യത്തി​ന്റെ സങ്കീർണമായ സാഹചര്യത്തിൽ കേരളമുയർത്തുന്ന ബദൽ നയങ്ങളോടൊപ്പം ചേർന്ന് സംരക്ഷണയജ്ഞത്തിന് കരുത്തു പകരാൻ എസ്എഫ്ഐ 33﹣ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top