13 November Tuesday

എസ്ബിഐ കറൻസി ചെസ്റ്റുകൾ പൂട്ടുന്നു; പണം കൈമാറ്റം അവതാളത്തിലാകും

എൻ കെ സുജിലേഷ‌്Updated: Friday Aug 31, 2018



കണ്ണൂർ
സിവിൽ സ്റ്റേഷൻ ബ്രാഞ്ചുകളിലടക്കമുള്ള കറൻസി ചെസ്റ്റുകൾ എസ്ബിഐ നിർത്തലാക്കുന്നു. സംസ്ഥാനത്താകെ 32 കറൻസി ചെസ്റ്റുകൾ നിർത്തലാക്കാനാണ് എസ്ബിഐ തീരുമാനം. ചെലവു ചുരുക്കലിന്റെ ഭാഗമായാണെന്നാണ്  വാദമെങ്കിലും ചെസ്റ്റുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ‌് പിന്നിൽ.

ട്രഷറി, ബാങ്ക് ശാഖകൾ, എടിഎമ്മുകൾ എന്നിവിടങ്ങളിലേക്ക് കറൻസി എത്തിക്കുന്നതിനാണ് ചെസ്റ്റുകൾ. തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ശാഖകളിലാണ് ചെസ്റ്റുകൾ പ്രവർത്തിക്കുന്നത്. റിസർവ് ബാങ്കിൽനിന്ന് ഇവ വഴിയാണ് കറൻസികൾ കൈമാറുന്നത്. സംസ്ഥാനത്താകെ നൂറ്റമ്പതിലേറെ ചെസ്റ്റുകളാണ് എസ്ബിഐക്കുള്ളത്. ആവശ്യമുള്ളിടത്ത് പരമാവധി വേഗത്തിൽ പണം എത്തിക്കുന്നതിന് ഇതുവഴി സാധ്യമായിരുന്നു. 32 ചെസ്റ്റുകൾ ഒറ്റയടിക്ക് നിർത്തലാക്കുന്നതോടെ എസ്ബിഐയിൽനിന്നുള്ള പണം കൈമാറ്റം വൻ പ്രതിസന്ധിയിലേക്ക് നീങ്ങും. ഈ മാസം 31 മുതലാണ് ചെസ്റ്റുകൾ നിർത്തലാക്കാനുള്ള ഉത്തരവ് നടപ്പാവുക. മറ്റു പല ബാങ്കുകളും പലയിടത്തും എസ്ബിഐ ചെസ്റ്റുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരം ബാങ്കുകളുടെ പ്രവർത്തനത്തെയും ഇത് പ്രതികൂലമായി ബാധിക്കും.

കണ്ണൂർ സിവിൽ സ്റ്റേഷൻ, ശ്രീകണ്ഠപുരം, കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡ്, ആലപ്പുഴ സിവിൽ സ്റ്റേഷൻ, ആലുവ, അമ്പലപ്പുഴ, അങ്കമാലി ടൗൺ, ചവറ, കൽപ്പറ്റ, കണ്ണൂർ റോഡ് കോഴിക്കോട്, കൊല്ലം സിവിൽ സ്റ്റേഷൻ, കോതമംഗലം, കുണ്ടറ, കുന്നംകുളം ടൗൺ, മഞ്ചേരി ടൗൺ, മാന്നാർ, മൂലമറ്റം, നായരമ്പലം, കൊച്ചി ഓവർസീസ് ബാങ്ക്, പന്തളം, പത്തനംതിട്ട, പെരുമ്പാവുർ ടൗൺ, ശ്രീകൃഷ്ണപുരം, തിരുവല്ല, തൃശൂർ ട്രഷറി, തിരൂരങ്ങാടി, കായംകുളം ടൗൺ, ആറ്റിങ്ങൽ ട്രഷറി, തൃപൂണിത്തുറ ട്രഷറി, എറണാകുളം ട്രഷറി ബ്രോഡ്വേ, തിരുവനന്തപുരം മെയിൻ, വെള്ളയമ്പലം സ്ക്വയർ എന്നീ ബ്രാഞ്ചുകളിലെ ചെസ്റ്റുകളാണ് നിർത്തലാക്കുന്നത്. നേരത്തെയും ചെലവുചുരുക്കലെന്ന പേരിൽ ചെസ്റ്റുകൾ നിർത്തലാക്കിയിരുന്നു. അടുത്തഘട്ടത്തിൽ മലയോര മേഖലയിലടക്കമുള്ള കൂടുതൽ ചെസ്റ്റുകൾ നിർത്തലാക്കാനും എസ്ബിഐ നീക്കമുണ്ട്.  കൂടുതൽ പണം കൈമാറ്റം നടക്കുന്ന ചെസ്റ്റുകളാണ് നിർത്തലാക്കിയവയിൽ മിക്കതുമെന്ന് ജീവനക്കാർ പറയുന്നു. നിർത്തലാക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഇത്തരം സ്ഥലങ്ങളിലെ ബാങ്ക് ശാഖകളിലേക്ക് വിദൂര സ്ഥലങ്ങളിൽനിന്ന് പണമെത്തിക്കേണ്ടി വരും.  എസ്ബിഐയിൽ എസ്ബിടി ലയിപ്പിച്ചതിനുശേഷം സംസ്ഥാനത്ത് ശാഖകളുടെ എണ്ണം ഇരട്ടിയായി വർധിച്ചിരുന്നു. ഇവയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് കുടുതൽ ചെസ്റ്റുകൾ അനുവദിക്കുന്നതിന് പകരമാണ് കൂട്ടത്തോടെ അടച്ചുപൂട്ടാനുള്ള തീരുമാനം. 

അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ചെസ്റ്റുകളിൽ നിയോഗിക്കേണ്ടത്. ഇവിടുത്തെ പ്രവർത്തനങ്ങൾക്കായുള്ള ജീവനക്കാരും വേണം. 32 ചെസ്റ്റുകൾ പൂട്ടുന്നതോടെ നൂറ്റമ്പതിലേറെ വിമുക്തഭടന്മാരാണ് ഒഴിവാകേണ്ടി വരിക. സ്വകാര്യ ബാങ്കുകൾക്ക് ചെസ്റ്റുകൾ അനുവദിക്കാൻ തുടങ്ങിയതോടെയാണ് എസ്ബിഐ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളുടെ ചെസ്റ്റുകൾക്ക് താഴുവീണത്. സംസ്ഥാനത്ത് പലയിടത്തുമായി ചെസ്റ്റുകൾ അനുവദിക്കുന്നതിനുള്ള പുതുതലമുറ സ്വകാര്യ ബാങ്കുകളുടെ അപേക്ഷ ആർബിഐക്ക് മുന്നിലുണ്ട്. ഇതിൽ തീരുമാനമെടുക്കുന്നതിനുമുന്നേയാണ് എസ്ബിഐ ചെസ്റ്റുകൾ പൂട്ടുന്നതെന്നതാണ് ശ്രദ്ധേയം.


പ്രധാന വാർത്തകൾ
Top