14 December Friday

സുനിൽ പി ഇളയിടത്തെ കല്ലെറിഞ്ഞ്‌ കൊല്ലാൻ ആഹ്വാനവുമായി ആർഎസ്‌എസ്‌; സംഘ്‌ അനുകൂല ഫേസ്‌ബുക്ക്‌ പേജുകളിൽ വിദ്വേഷപ്രചരണം

വെബ് ഡെസ്‌ക്‌Updated: Monday Nov 12, 2018

കൊച്ചി > എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടത്തിനെതിരെ സംഘപരിവാർ വധഭീഷണി. സംഘപരിവാറിന്റെ വിധ്വംസക രാഷ്‌ട്രീയത്തിനെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതാണ്‌ പ്രകോപനം. വിദ്വേഷ‐വ്യാജപ്രചരണങ്ങൾക്ക്‌ കുപ്രസിദ്ധമായ സംഘപരിവാർ നിയന്ത്രിത ഫേസ്‌ബുക്ക്‌ പേജ്‌ സുദർശനം തുടങ്ങിവച്ച വിദ്വേഷപ്രചരണം ഏറ്റെടുത്ത ശ്രീവിഷ്‌ണു എന്ന ആർഎസ്‌എസ്‌ പ്രവർത്തകനാണ്‌ കൊലവിളിയുമായി രംഗത്തെത്തിയത്‌.

‘‘ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞു കൊന്നേക്കണം...’’ എന്നായിരുന്നു സുദർശനം പേജിന്റെ പോസ്റ്റ്‌ ഷെയർ ചെയ്‌തുകൊണ്ട്‌ ശ്രീവിഷ്‌ണു ഫേസ്‌ബുക്കിലൂടെ ആഹ്വാനം ചെയ്‌തത്‌. അടൂർ സ്വദേശിയായ ഇയാൾ അബുദാബിയിൽ ജോലിചെയ്യുന്ന പ്രവാസിയാണെന്നാണ്‌ ഫേസ്‌ബുക്ക്‌ പ്രൊഫൈലിൽ നിന്ന്‌ ലഭിക്കുന്ന വിവരം.  സുനിൽ പി ഇളയിടത്തിന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിമാറ്റി അദ്ദേഹം ആർഎസ്‌എസിന്റെ രാഷ്‌ട്രീയ പദ്ധതിയായ ‘ഹിന്ദുത്വ’യെ വിമർശിക്കുന്നതിനെ ഹിന്ദുസമൂഹത്തിനെതിരെ സംസാരിക്കുന്നു എന്ന്‌ മുദ്രകുത്തിയാണ്‌ സുദർശനം പേജ്‌ വിദ്വേഷപ്രചരണം കൊഴുപ്പിക്കുന്നത്‌. ഈ പോസ്റ്റിനുതാഴെയും തെറിവിളിയും അക്രമാഹ്വാനവുമായി നിരവധി കമന്റുകൾ കാണാം.  

ശബരിമല വിഷയത്തിലെ സംഘപരിവാറിന്റെ ഗൂഢലക്ഷ്യങ്ങൾ തുറന്നുകാട്ടിക്കൊണ്ട്‌ സുനിൽ പി ഇളയിടം നിരവധി വേദികളിൽ പ്രസംഗിക്കുകയും ചാനൽ ചർച്ചകളിൽ സംസാരിക്കുകയും ചെയ്‌തിരുന്നു. ഇതാണ്‌ അദ്ദേഹത്തെ ഹിന്ദുവിരുദ്ധനെന്ന്‌ മുദ്രകുത്തി വിദ്വേഷപ്രചരണവുമായി ഇപ്പോൾ സംഘപരിവാർ രംഗത്തെത്താൻ കാരണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top