21 October Sunday

സാലറി ചലഞ്ചില്‍ മാതൃകയായി അധ്യാപകര്‍; താനൂര്‍ സബ് ജില്ലയിലെ 6 പൊതു വിദ്യാലയങ്ങളിലെ മുഴുവന്‍ അധ്യാപകരും ഒരു മാസത്തെ ശമ്പളം നല്‍കി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 26, 2018

താനൂര്‍ > മഹാപ്രളയത്തില്‍ നിന്നും കരകയറാന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്ത സാലറി ചലഞ്ചിനോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാതൃകയായി താനൂര്‍ സബ് ജില്ലയിലെ ആറ് പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍.

ചെറുമുക്ക് ജിഎംഎല്‍പി സ്‌കൂള്‍, ക്ലാരി വെസ്റ്റ് ജിഎല്‍പിസ്‌കൂള്‍, താനൂര്‍ ജിഎല്‍പി സ്‌കൂള്‍, ചിറക്കല്‍ കെപിഎന്‍എംയുപി സ്‌കൂള്‍, എടക്കടപ്പുറം ജിഎംഎല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ അധ്യാപകരും തങ്ങളുടെ ഒരുമാസത്തെ ശമ്പളം പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. കാട്ടിലങ്ങാടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തിലെ  മുഴുവന്‍ അധ്യാപകരും സാലറി ചലഞ്ചില്‍ പങ്കാളികളായി.

അധ്യാപക സംഘടനയായ കെഎസ്‌ടിഎയിലെ അംഗങ്ങള്‍ മാത്രമായിരുന്നില്ല സാലറി ചലഞ്ച് ഏറ്റെടുത്തത്. നാട് ഒന്നടങ്കം നവകേരളത്തെ സൃഷ്ടിക്കാന്‍ രംഗത്തുവരുമ്പോള്‍ തങ്ങള്‍ക്ക് എങ്ങനെ മാറി നില്‍ക്കാനാവും എന്ന ചോദ്യമാണ് ഇതര സംഘടന അംഗങ്ങള്‍ക്ക് ഉണ്ടായിരുന്നത്. നേതൃത്വത്തിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിരുന്നിട്ട് പോലും അതിനെ മറികടന്നാണ് കോണ്‍ഗ്രസ്മുസ്ലിം ലീഗ് അനുകൂല സംഘടന പ്രതിനിധികള്‍ സാലറി ചലഞ്ചിനെ പിന്തുണച്ചത്.

ദുരിതമനുഭവിക്കുന്നവരോട്, ശമ്പളമില്ലാത്ത ഒരു മാസത്തെ പ്രയാസം പറയുന്നവര്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ അര്‍ഹരല്ലെന്നും, സഹജീവികളോട് കരുണയില്ലാത്ത ഇവര്‍ക്കെങ്ങനെ സമൂഹത്തോട് നന്മയെക്കുറിച്ച് പറയാനാകുമെന്നും സാലറി ചാലഞ്ചില്‍ പങ്കാളികളായിക്കൊണ്ട് അധ്യാപകര്‍ ചോദിച്ചു. കേരളത്തിലങ്ങോളമിങ്ങോളം സാലറി ചാലഞ്ചിന് വന്‍ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
  

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top