ചങ്ങരംകുളത്ത് ആര്‍എസ്എസ് ഭീകരത; ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീടു തകര്‍ത്തു

എടപ്പാള്‍ > ചങ്ങരംകുളത്ത് ആര്‍എസ്എസ്-ബിജെപി സംഹാരതാണ്ഡവം. ഡിവൈഎഫ്ഐ നേതാവിന്റെ വീട് തകര്‍ത്തു. നാലുവാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ചത്ത നായയെ കിണിറ്റിലെറിഞ്ഞ് വെള്ളം അശുദ്ധമാക്കി. ചങ്ങരംകുളത്തിനടുത്ത് മൂക്കുതലയിലാണ് സംഭവം.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ആര്‍എസ്എസ്-ബിജെപിക്കാരായ ഇരുപതോളം പേര്‍ കൊലവിളിയുമായി ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിലെത്തിയത്. സിപിഐ എം നന്നംമുക്ക് ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ എടപ്പാള്‍ ബ്ളോക്ക് ജോയിന്റ് സെക്രട്ടറിയുമായ മനയില്‍ അജയ്ഘോഷിന്റെ വീട്ടിലെത്തിയ ഇവര്‍ വാതില്‍ മുട്ടിവിളിച്ചു. വീട്ടുകാര്‍ വാതില്‍ തുറന്നില്ല. മുന്‍വശത്തുള്ള ജനല്‍ തുറന്നുനോക്കിയപ്പോഴാണ് ഇരുമ്പുവടിയും വാളുമായി ഇരുപതോളം പേര്‍ നില്‍ക്കുന്നത് കണ്ടത്.
അജയ്ഘോഷിനെ വെട്ടിനുറുക്കുമെന്ന് ആക്രോശിച്ച് ഇവര്‍ വാതിലില്‍ ഇടിച്ചു. വാതില്‍ തുറക്കടാ ഇല്ലെങ്കില്‍ പെട്രോള്‍ ഒഴിച്ചുകത്തിക്കുമെന്ന് ഭീഷണിയും മുഴക്കി. വാതില്‍ തുറക്കാതിരുന്നപ്പോള്‍ മുന്‍വശത്തെ ജനല്‍ ഇരുമ്പുവടി കൊണ്ട് അടിച്ചുതകര്‍ത്തു. മുന്‍വശത്ത് നിറുത്തിയിട്ടിരുന്ന അജയ്ഘോഷിന്റെ സഹോദരങ്ങളുടെ വാഹനങ്ങളായ കാര്‍, ഗുഡ്സ് ഓട്ടോറിക്ഷ, എന്‍ഫീല്‍ഡ് ബുള്ളറ്റ്, സ്കൂട്ടര്‍ എന്നിവ അടിച്ചുതകര്‍ത്തു, തുടര്‍ന്ന് കൊലവിളി നടത്തി തിരിച്ചുപോയി. ഈ സമയം അജയ്ഘോഷ് വീട്ടിലുണ്ടായിരുന്നില്ല. കുട്ടിക്ക് സുഖമില്ലാത്തതിനെ തുടര്‍ന്ന് നാലുദിവസമായി അജയ്ഘോഷ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.
രാവിലെ വെള്ളമെടുക്കാനായി കിണറ്റിലെത്തിയപ്പോള്‍ അസഹ്യമായ ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കിണറ്റില്‍ ചത്ത നായയെ കണ്ടത്. കാറിന്റെ നാലുവശത്തെയും ചില്ലുകള്‍ അടിച്ചുതകര്‍ത്ത നിലയിലാണ്. ബൈക്കുകളുടെ ലൈറ്റും സൈഡ് ഭാഗവും ഇരുമ്പുവടി കൊണ്ട് തകര്‍ത്തു. . ആര്‍എസ്എസ്-ബിജെപി പ്രാദേശിക നേതാക്കളായ മൂക്കുതല, കാട്ടുപറമ്പ്, ഗുരുജി നഗര്‍ സ്വദേശികളായ കാരയില്‍ ജിജേഷ്, ഒലിയില്‍ പടിഞ്ഞാക്കര പ്രസാദ്, വിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാര്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. 
ചൊവ്വാഴ്ച ചാലിശ്ശേരി പൂരപ്പറമ്പില്‍ വച്ച് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ സിപിഐ എം പ്രവര്‍ത്തകരെ അക്രമിച്ചിരുന്നു. മൂക്കുതല വടക്കുമുറി ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം കഴിഞ്ഞുവരികയായിരുന്ന സിപിഐ എം- ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂക്കുതല സ്വദേശികള്‍ തോട്ടുപുറത്ത് അഖില്‍ദാസ്(20), കുന്നത്ത് പറമ്പില്‍ ശ്രീരാഗ്(20), പകരാവൂര്‍ സുമേഷ്(28), കുന്നത്ത് പറമ്പില്‍ ഷിജു(19) എന്നിവരെ ആര്‍എസ്എസ്-ബിജെപി സംഘം അക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു.
ഇവര്‍ ഇപ്പോഴും എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ കൊലവിളി നടത്തുന്ന ഇത്തരക്കാരെ പിടികൂടി തുറുങ്കിലടയ്ക്കണമെന്ന് സിപിഐ എം എടപ്പാള്‍ ഏരിയാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.











0 comments