15 November Thursday

പ്രളയബാധിതര്‍ക്ക് വീട് പണിയാന്‍ ഒരു ഏക്കര്‍ സ്ഥലം വിട്ടുനല്‍കി അഭിഭാഷകന്‍ പി കെ വിജയന്‍

സ്വന്തം ലേഖകന്‍Updated: Sunday Sep 2, 2018

തലശേരി > പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട സഹജീവികള്‍ക്ക് വീട്പണിയാന്‍ തന്റെ ഒരു ഏക്കര്‍ സ്ഥലം വിട്ടുനല്‍കിയിരിക്കുകയാണ് തലശേരി ജില്ലാ കോടതിയിലെ പ്രമുഖ അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ പി കെ വിജയന്‍.

കണ്ണൂര്‍ താലൂക്കിലെ കടന്നപ്പള്ളിപാണപ്പുഴ പഞ്ചായത്തിലെ കണാരംവയലിലും മാനന്തവാടി താലൂക്കില്‍ തൊണ്ടര്‍നാട് പഞ്ചായത്തില്‍ കോറോം ചാലിലുമായുള്ള അമ്പത്സെന്റ് വീതം സ്ഥലമാണ് പ്രളയബാധിതര്‍ക്കായി നല്‍കുന്നത്. അറുപത്‌ ല‌ക്ഷത്തോളം രൂപ വിലമതിക്കുന്ന സ്ഥലമാണിത്.

പ്രളയബാധിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ സ്ഥലം നല്‍കാനുള്ള സന്നദ്ധത അറിയിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം കണ്ണൂര്‍ ജില്ലസെക്രട്ടറി പി ജയരാജനും പി കെ വിജയന്‍ കത്തയച്ചിരുന്നു.  തലശേരി ജില്ലകോടതിയില്‍ അഭിഭാഷകനും കണ്ണൂര്‍ ജില്ല മുന്‍ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമാണ് പി കെ വിജയന്‍.

എസ്എഫ്ഐ കോഴിക്കോട് ജില്ലാ ജോയന്റ്സെക്രട്ടറി, ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ ജോയന്റ് സെക്രട്ടറി, മാടായി ബ്ലോക്ക് പ്രസിഡന്റ്, ലോയേഴ്സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ സിഐടിയു ഉള്‍പ്പെടെ നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു. ഓള്‍ കേരള ലൈസന്‍സ്ഡ് വയര്‍മെന്‍ അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാനാണിപ്പോള്‍.

മഹാഭാരതംസുയോധനപര്‍വം, മഹാഭാരതംആര്യാവര്‍ത്തം, മഹാഭാരതംരാവണായണം, യേശുവിന്റെ നിര്‍വാണം തുടങ്ങിയ നോവലുകളുടെ കര്‍ത്താവാണ്. കിടപ്പാടവും ജീവിതവും നഷ്ടപ്പെട്ടവര്‍ക്ക് തികഞ്ഞ അഭിമാനത്തോടെയാണ് സ്ഥലം നല്‍കുന്നതെന്ന് അഡ്വ. പി കെ വിജയന്‍ പറഞ്ഞു. കടന്നപ്പള്ളിപാണപ്പുഴ പഞ്ചായത്തിലെ കണാരംവയല്‍ സ്വദേശിയായ പി കെ വിജയന്‍ ദീര്‍ഘകാലമായി തലശേരി ഹോളോവേ റോഡിലെ കുയ്യിലാനിക്കല്‍ ഹൗസിലാണ് താമസം. ഭാര്യ: കെ ഉഷ. മക്കള്‍: അനൂയ വിജയന്‍ (എന്‍ജിനിയര്‍, ചെന്നൈ), ഡോ ബിന്ദ്യവിജയന്‍ (ബംഗളൂരു).  

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top