16 November Friday
പ്രാഥമിക സഹായം 100 കോടി മാത്രം ; ആവശ്യപ്പെട്ടത‌് 1220 കോടി

വലിയ ദുരന്തം: കേന്ദ്രമന്ത്രി ; സംസ്ഥാന സർക്കാരിന്റേത‌് മികച്ച പ്രവർത്തനം

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

എറണാകുളം എളന്തിക്കരയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ കേന്ദ്രമന്ത്രി രാ‌ജ‌് നാഥ‌് സിങ്ങും മുഖ്യമന്ത്രി പിണറായി വിജയനും

കൊച്ചി 
പ്രളയക്കെടുതിയിൽ അടിയന്തരസഹായമായി 1220 കോടി രൂപ ആവശ്യപ്പെട്ട കേരളത്തിന‌് കേന്ദ്രം പ്രഖ്യാപിച്ചത‌് 100 കോടിമാത്രം. ഗുരുതരമായ സ്ഥിതിവിശേഷമാണ‌് കേരളത്തിലേതെന്ന‌് ബോധ്യപ്പെട്ടുവെന്നും സംസ്ഥാനത്തിന്റെ നഷ്ടം കനത്തതാണെന്നും പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ‌്നാഥ‌് സിങ്ങാണ‌് ദുരിതബാധിതപ്രദേശങ്ങൾ സന്ദർശിച്ചശേഷം അടിയന്തരസഹായമായി 100 കോടി അനുവദിക്കുന്നതായി അറിയിച്ചത‌്. 

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത അവലോകനയോഗത്തിനുശേഷം  നെടുമ്പാശേരി സിയാൽ ഗോൾഫ് കോഴ്സിൽ വാർത്താസമ്മേളനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. കേരളത്തിന്റെ മറ്റ‌് ആവശ്യങ്ങൾ വിദഗ‌്ധസമിതിയുടെ റിപ്പോർട്ട‌് കിട്ടിയശേഷം പരിഗണിക്കുമെന്ന‌് രാജ‌്നാഥ‌് സിങ‌് പറഞ്ഞു. നേരത്തേ രണ്ടുതവണ 80 കോടി രൂപവീതം കേന്ദ്രസഹായം അനുവദിച്ചിരുന്നു. കൂടുതൽ ധനസഹായത്തിനായുള്ള സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കും.

മഴക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ഉടൻ കേരളത്തിലെത്തും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും  അധികസഹായം അനുവദിക്കുക. നാശനഷ്ടത്തിന്റെ വ്യാപ്തി സന്ദർശനത്തിൽ ബോധ്യമായി. റോഡ്, വൈദ്യുതിവിതരണം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾക്ക‌് വലിയ നാശമാണ‌് ഉണ്ടായത‌്. വീടുകൾക്കും മറ്റ‌് വസ‌്തുവകകൾക്കും വ്യാപകനാശം സംഭവിച്ചു. വിനോദസഞ്ചാരമേഖലയെയും  ബാധിച്ചു.

ഒരുലക്ഷത്തോളം പേർ  ദുരിതമനുഭവിക്കുന്നു. കേന്ദ്രസഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നിവേദനം അനുഭാവപൂർവം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനയുടെ  പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് 12.30ന‌് നെടുമ്പാശേരിയിൽ ഇറങ്ങിയ രാജ‌്നാഥ‌് സിങ്ങും കേന്ദ്രസഹമന്ത്രി അൽഫോൺസ് കണ്ണന്താനവും മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ഇ ചന്ദ്രശേഖരൻ, അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ എന്നിവർക്കൊപ്പം ഹെലികോപ്റ്ററിൽ ഇടുക്കി, എറണാകുളം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഇതിനുശേഷം പറവൂർ എളന്തിക്കര ഗവ. എൽപി സ്കൂളിലെ ക്യാമ്പും സന്ദർശിച്ചു. തുടർന്ന‌ായിരുന്നു അവലോകനയോഗം.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ  ചന്ദ്രശേഖരൻ, ജി സുധാകരൻ, മാത്യു ടി തോമസ്, വി എസ് സുനിൽകുമാർ, കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച്  കുര്യൻ, പ്രിൻസിപ്പൽ സെക്രട്ടറി ടി കെ  ജോസ്, ഡിജിപി ലോക്‌നാഥ് ബെഹ്റ, ഐജി വിജയ് സാക്കറെ, കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ദുരന്തം നേരിടാൻ സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനമാണ‌് നടത്തുന്നതെന്ന‌്   കേന്ദ്ര ആഭ്യന്തരമന്ത്രി രാജ‌്നാഥ‌് സിങ്ങ‌്.
ദുരിതാശ്വാസ ക്യാമ്പുകളിൽ മികച്ച സൗകര്യങ്ങളാണ‌് ഒരുക്കിയിരിക്കുന്നതെന്ന‌് അവിടെ താമസിക്കുന്നവരുമായി സംസാരിച്ചപ്പോൾ ബോധ്യമായി. ദേശീയ ദുരന്തനിവാരണസേനയുടെ 14 സംഘങ്ങളെ സംസ്ഥാനത്ത‌് വിന്യസിച്ചിട്ടുണ്ട‌്.  ആവശ്യമെങ്കിൽ കൂടുതൽ സേനയെ അയക്കുമെന്നും രാജ‌്നാഥ‌് സിങ‌് പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top