24 September Monday

പ്രളയക്കെടുതിയിലും കേരളത്തെ പിഴിഞ്ഞ് കേന്ദ്രം; സൗജന്യമായി അരി നല്‍കില്ലെന്നും 233 കോടി നല്‍കണമെന്നും ഭക്ഷ്യമന്ത്രാലയം

സ്വന്തം ലേഖകന്‍Updated: Tuesday Aug 21, 2018

തിരുവനന്തപുരം >  പ്രളയ ദുരന്തത്തില്‍ അകപ്പെട്ട  കേരളത്തിന് സൗജന്യ അരി തരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കിലോഗ്രാമിന് 25 രൂപ നിരക്കില്‍ വില നല്‍കണമെന്നാണ് കത്തില്‍ പറയുന്നത്.
 
സംസ്ഥാനത്തിന്റെ ഒരു മാസത്തെ റേഷന്‍ വിഹിതമായ 1,11,000 മെട്രിക് ടണ്‍ അരി സൗജന്യമായി നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍  89,540 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. ഒരു മാസത്തിനകം എഫ്‌സിഐ ഗൊഡൗണില്‍നിന്ന് ഈ അരി എടുക്കാം.

എന്നാല്‍ കേന്ദ്രം തരുന്ന അരിക്ക് കിലോഗ്രാമിന് 25 രൂപ നിരക്കില്‍ നല്‍കണമെന്ന് കത്തില്‍ പറയുന്നു. ഇതുപ്രകാരം സംസ്ഥാനം  233 കോടി രൂപ നല്‍കേണ്ടിവരും. അരി എഫ്‌സിഐ  ഗോഡൗണില്‍  നിന്നെടുക്കാന്‍  തല്‍ക്കാലം പണം നല്‍കേണ്ടെങ്കിലും കേന്ദ്രം സംസ്ഥാനത്തിന് അനുവദിക്കുന്ന ഫണ്ടില്‍നിന്ന് അനുവദിച്ച അരിക്കായുള്ള പണം ഈടാക്കുമെന്ന് കത്തില്‍ പറയുന്നു.
 
 കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമം നിലവില്‍ വന്നതോടെ സംസ്ഥാനത്തിന് ലഭിച്ചുവന്നിരുന്ന റേഷന്‍ വിഹിതത്തില്‍ വലിയ കുറവുണ്ടായി. ഇത് പരിഹരിക്കണമെന്ന ആവശ്യം കേന്ദ്രം ഇതുവരെ പരിഗണിച്ചിട്ടില്ല. ഇപ്പോള്‍ സംസ്ഥാനം പ്രളയക്കെടുതിയിലമരുകയും പത്ത് ലക്ഷത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രം അനുവദിക്കുന്ന അരിക്ക് 25 രൂപ നിരക്കില്‍ 233 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, കേരളത്തിന് അരി നല്‍കുന്നത് സൗജന്യമായാണെന്ന്  കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ പ്രതികരിച്ചു. അരി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പണം ആവശ്യപ്പെട്ടത് വിവാദമായ സാഹചര്യത്തിലാണ്  പാസ്വാന്റെ പ്രതികരണം. എന്നാല്‍ ഇത് സംബന്ധിച്ച  ഔദ്യോഗികമായ ഒരു വിവരവും സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല.

 സാധാരണ മൂന്ന് രൂപ നിരക്കിലാണ് കേന്ദ്രം സംസ്ഥാനത്തിന് സബ്‌സിഡി അരി നല്‍കുന്നത്. ഈ നിരക്കില്‍ പോലും അരി അനുവദിക്കാന്‍ കേന്ദ്രം തയ്യാറായില്ല. കേന്ദ്രത്തിന്റെ കത്ത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top