24 September Monday

പിന്തുണയുമായി ​ഗള്‍ഫ് രാജ്യങ്ങള്‍; ഖത്തറിന്റെ 35 കോടി

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018


പ്രളയദുരിതത്തിലായ കേരളത്തിന‌് ഗൾഫ് നാടിന്റെ സഹായഹസ്തം. കേരളത്തിന‌് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി  50 ലക്ഷം ഡോളറിന്റെ (35 കോടി രൂപ) അടിയന്തര സഹായം പ്രഖ്യാപിച്ചു. കേരളത്തിന് സഹായം എത്തിക്കാൻ റോയൽ ചാരിറ്റി ഓർഗനൈസേഷന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നിർദേശം നൽകി. കേരളത്തിന‌് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗദിയും കുവൈത്തും രം​ഗത്തെത്തി.

ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച സന്ദേശത്തിൽ ഖത്തർ അമീൻ വ്യക്തമാക്കി. കേരളത്തെ സഹായിക്കാനും പിന്തുണയ്ക്കാനുമായി പ്രത്യേക ക്യാമ്പയിന് ഖത്തർ ചാരിറ്റി തുടക്കംകുറിച്ചു. ആദ്യ ഘട്ടത്തിൽ അഞ്ചുലക്ഷം റിയാലിന്റെ സഹായപ്രവർത്തനങ്ങളാണ് നടപ്പാക്കുക. ഖത്തർ ചാരിറ്റിയുടെ ഇന്ത്യയിലെ  ഓഫീസ് മുഖേനയായിരിക്കും പ്രവർത്തനങ്ങൾ. കേരളത്തിന് സഹായം ലഭ്യമാക്കാൻ പ്രത്യേക ഫണ്ട് സമാഹരണപദ്ധതിക്കും ഖത്തർ ചാരിറ്റി രൂപം നൽകി. 40 ലക്ഷത്തിലധികം റിയാൽ (7.60 കോടി രൂപ) സമാഹരിച്ച് 60,000 പേർക്ക് അടിയന്തരസഹായം എത്തിക്കുകയാണ് ലക്ഷ്യം.
മഴയിൽ നിരവധി കുടുംബം പ്രയാസപ്പെടുകയും അടിസ്ഥാന സൗകര്യങ്ങൾ നശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബഹ്‌റൈൻ രാജാവ് കേരളത്തിന‌് അടിയന്തര സഹായമത്തെിക്കാൻ നിർദേശിച്ചത്.

കേരളത ജനതയുടെ ദുഃഖത്തിൽ പങ്കുചേർന്നും ഐക്യദാർഢ്യം പ്രകടിപ്പിച്ചും സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും രാഷ്ട്രപതി രാംനാഥ് കോവിന്ദിന‌് സന്ദേശം അയച്ചു.  കുവൈത്ത് അമീർ ഷെയ്ഖ് സബാൽ അൽ അഹമ്മദ് അൽ ജാബെർ അൽ സബാ രാഷ്ട്രപതിക്ക‌് സന്ദേശം അയച്ചു.
കേരളത്തിന‌് സഹായം നൽകാൻ തങ്ങൾ ഒന്നിച്ചണിചേരുകയാണെന്ന് യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായെദ് അൽ നഹ്യാൻ ട്വീറ്റ് ചെയ്തു.
യുഎഇ ക്യാബിനറ്റ് മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗെർഗാവി ശനിയാഴ്ച രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ ബന്ധപ്പെട്ട്  കേരള ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top