13 November Tuesday

മുഖഛായ മാറാൻ തോട്ടം മേഖല

എം കെ പത്മകുമാർUpdated: Friday Jun 22, 2018



പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തോട്ടംമേഖലയെ രക്ഷിക്കാൻ ജനകീയ സർക്കാരിന്റെ സുധീരമായ നടപടി. നിയമസഭയിൽ ഒമ്പതിന പരിപാടി അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ എന്നും ജനപക്ഷത്താണെന്ന‌് ഒരുവട്ടംകൂടി പ്രഖ്യാപിച്ചു. ആത്മഹത്യാമുനമ്പിൽ നിൽക്കുന്ന തൊഴിലാളികളെയും  അടച്ചുപൂട്ടലിന്റെ വക്കിൽനിൽക്കുന്ന ചെറുകിട തോട്ടം ഉടമകളെയും പ്രതിസന്ധിയിൽനിന്ന‌് കരകയറ്റുന്നതാണ‌് തീരുമാനം.

തോട്ടംമേഖലയിൽ പണിയെടുക്കുന്ന മൂന്നരലക്ഷം തൊഴിലാളികൾക്കും ആശ്രയിച്ചു ജീവിക്കുന്ന 17 ലക്ഷംപേർക്കും നേരിട്ട‌് ഗുണം ലഭിക്കും.  എന്നാൽ, എൽഡിഎഫ‌് സർക്കാരിനെ അന്ധമായി എതിർക്കുന്ന മാധ്യമങ്ങൾ കപട പരിസ്ഥിതിവാദികളെ കൂട്ടുപിടിച്ച‌്  പ്രഖ്യാപനത്തിനെതിരെ രംഗത്തിറങ്ങിയിട്ടുണ്ട‌്.
ഇന്ത്യയുടെ തോട്ടവിള ഉൽപ്പാദനത്തിന്റെ 46 ശതമാനം കേരളത്തിൽനിന്നാണ‌്. പ്ലാന്റേഷന്റെ 39 ശതമാനവും ഇവിടെത്തന്നെ. ആസിയാൻ, സാർക‌് കരാറുകൾ, ആഗോളവൽക്കരണത്തെതുടർന്നുള്ള മറ്റ‌് വാണിജ്യകരാറുകൾ, ഇറക്കുമതി , വിലത്തകർച്ച എന്നിവയെതുടർന്ന‌് മേഖല  പ്രതിസന്ധിയിലാണ‌്.

പ്രതിസന്ധിയെതുടർന്ന‌് അഞ്ചുതോട്ടങ്ങളാണ‌് അടച്ചുപൂട്ടിയത‌്. തിരുവനന്തപുരത്ത‌് ബോണക്കാട‌്, ഇടുക്കിയിൽ പീരുമേട‌്, ബാണാമി, കോട്ടമല, മേത്താനത്ത‌് എസ‌്റ്റേറ്റുകളിലായി 2015 തൊഴിലാളികളുണ്ട‌്. പ്ലാന്റേഷൻ ടാക‌്സ‌്, കാർഷികാദായനികുതി എന്നിവ ഒഴിവാക്കുന്നതോടെ ഈ എസ‌്റ്റേറ്റുകൾ വീണ്ടും  പ്രവർത്തിക്കാനുള്ള സാധ്യത തുറക്കുകയാണ‌്. ലൈഫ‌് പദ്ധതിയിൽപ്പെടുത്തി ലയങ്ങൾ നിർമിക്കുന്നത‌് അടച്ചുറപ്പുള്ള, വാസയോഗ്യമായ കെട്ടിടത്തിൽ താമസിക്കുക എന്ന  തൊഴിലാളികളുടെ സ്വപ‌്നം സഫലമാക്കും. റബറിന്റെ വിലത്തകർച്ചയോടെ പ്രതിസന്ധിയിലായ കർഷകർക്കും  പ്രഖ്യാപനം അനുഗ്രഹമാകും.
മുഖച്ഛായ മാറ്റുന്ന തീരുമാനങ്ങളെ വിമർശിക്കാൻ മാധ്യമങ്ങൾ കൂട്ടുപിടിച്ചത‌് കേരള വനം (പരിസ്ഥിതി, ശാസ‌്ത്രപരമായി ദുർബലമായ ഭൂപ്രദേശങ്ങളുടെ നിക്ഷിപ‌്തമാക്കലും കാര്യകർതൃത്വം നടത്തിപ്പും) ആക്ടിനെയാണ‌്.

തോട്ടങ്ങളെ ഇതിന്റെ പരിധിയിൽനിന്ന‌് ഒഴിവാക്കിയിട്ടുണ്ടെന്ന‌് പ്രഖ്യാപനത്തിലുണ്ട‌്. എന്നാൽ, സർക്കാർ പുതിയതായി എടുത്ത തീരുമാനമല്ല നേരത്തെ ഉള്ള നിയമമാണിത‌്. പ്രതിസന്ധിയിൽനിന്ന‌് തൊഴിലാളികളെയും ഉടമകളെയും രക്ഷിക്കാൻ സർക്കാർ കൈക്കൊള്ളുന്ന നടപടികളുടെ തുടർച്ചയാണ‌്  പ്രഖ്യാപനം. തൊഴിൽനയത്തിൽ തോട്ടം തൊഴിലാളികൾക്കുള്ള ചികിത്സാസൗകര്യം മെച്ചപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു.

കുട്ടികളുടെ ചികിത്സാസൗകര്യം മെച്ചപ്പെടുത്താനും തൊഴിലാളികുടുംബങ്ങൾക്ക‌് സമഗ്ര ആരോഗ്യ ഇൻഷുറൻസ‌് പദ്ധതി നടപ്പാക്കാനും  മന്ത്രി ടി പി രാമകൃഷ‌്ണൻ നേരത്തെ നിയമസഭയിൽ അവതരിപ്പിച്ച തൊഴിൽനയത്തിൽ പദ്ധതികളുണ്ട‌്.

പ്രധാന വാർത്തകൾ
Top