13 November Tuesday

ഓഖി ദുരിതാശ്വാസ പാക്കേജിന് മികച്ച പിന്തുണ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018


തിരുവനന്തപുരം > ഓഖി ദുരന്തബാധിതർക്കായി സർക്കാർ നടപ്പാക്കിയ ദുരിതാശ്വാസ പാക്കേജ് സമൂഹം മുഴുവൻ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ സർക്കാർ മനുഷ്യസാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും നടത്തി. മറ്റു പല ദുരന്തങ്ങളുമായി ബന്ധപ്പെട്ട പാക്കേജുകളിൽനിന്ന് വ്യത്യസ്തമായ പാക്കേജ് ഓഖി ദുരിതബാധിതർക്കായി നടപ്പാക്കിയത് ഒരു കീഴ്വഴക്കവും മാനദണ്ഡവും നോക്കാതെയാണ്. മത്സ്യത്തൊഴിലാളികളുടെ സമഗ്രമായ വികസനത്തിനായാണ് സർക്കാർ 2000

കോടി രൂപയുടെ പാക്കേജ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ഭവനം ഒരു സമ്മാനം പദ്ധതിയുടെ താക്കോൽദാനവും സാന്ത്വനമാംഗല്യം പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓഖിയുടെ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകൾ ആദ്യമുണ്ടായിരുന്നു. എന്നാൽ, അന്നേദിവസം ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ചുഴലിക്കാറ്റാണെന്ന മുന്നറിയിപ്പ് ലഭിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്കുവരെ സമ്മതിക്കേണ്ടിവന്നതോടെ തെറ്റിദ്ധാരണയെല്ലാം നീങ്ങി. മുന്നറിയിപ്പ് ലഭിച്ചതോടെ സർക്കാർ എല്ലാ സംവിധാനങ്ങളെയും കൂട്ടിയോജിപ്പിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് മത്സ്യത്തൊഴിലാളികളെ കൂട്ടിയും രക്ഷാപ്രവർത്തനം നടത്തി. 1200ലേറെപ്പേരെ രക്ഷിക്കാനായി. എങ്കിലും നിരവധി വിലപ്പെട്ട ജീവൻ നമുക്ക് നഷ്ടപ്പെട്ടു. മരിച്ചവർ കുടുംബത്തിന് നൽകിയിരുന്ന സുരക്ഷ അത്രയും വലുതായിരുന്നുവെന്ന് സർക്കാരിന് അറിയാം. മുമ്പും ദുരന്തങ്ങളുണ്ടായിട്ടുണ്ട്. അക്കാലത്ത് നൽകിയ സാമ്പത്തികസഹായം പത്തുലക്ഷംവരെയായിരുന്നുവെങ്കിൽ ഓഖിയിൽ 20 ലക്ഷമാക്കി. കാണാതായവരുടെ കുടുംബത്തിനും ഈ തുക അനുവദിക്കുന്നതിന് സെക്രട്ടറിതല സമിതിയെ നിയോഗിച്ചു. നഷ്ടപ്പെട്ട യാനങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം അതിവേഗം നൽകുന്നതിനും തീരുമാനിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് അവരുടെ യോഗ്യതയ്ക്ക് അനുയോജ്യമായ ജോലി നൽകുമെന്ന പ്രഖ്യാപനവും നടപ്പാക്കും. തകർന്ന വീടുകൾ പുനർനിർമിച്ചുനൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top