15 October Monday

ആശ്വാസവുമായി മുഖ്യമന്ത്രിയെത്തി

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017


തിരുവനന്തപുരം > വീശിയടിച്ച ദുരന്തത്തില്‍ വിറങ്ങലിച്ച തീരത്തിന് ആശ്വാസവുമായി മുഖ്യമന്ത്രിയെത്തി. ഓഖി ചുഴലിക്കാറ്റുമൂലം കടലിലകപ്പെട്ട ഉറ്റവര്‍ക്കായി ഇടനെഞ്ചുരുക്കി കാത്തിരിക്കുന്ന വിഴിഞ്ഞം തീരത്താണ് സാന്ത്വനത്തിന്റെ കൈത്താങ്ങുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. വൈകിട്ട് 6.15 ന് എത്തിയ മുഖ്യമന്ത്രി 20 മിനിറ്റോളം മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ചെലവഴിച്ചു. ദുരന്തത്തിനിരയായവര്‍ക്കൊപ്പം സര്‍ക്കാരുണ്ടാകുമെന്ന് മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി.

പള്ളിത്തുറയിലെ പഴയപള്ളിയിലെത്തിയാണ് മുഖ്യമന്ത്രി മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സന്ദര്‍ശിച്ചത്. മത്സ്യത്തൊഴിലാളികളുടെ ആവലാതികള്‍കേട്ട് അവരുടെ ആവശ്യങ്ങളോട് പ്രതികരിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഉല്‍ക്കണ്ഠ സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അതിനൊപ്പമാണ്. ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി സാധ്യമായതെല്ലാം ചെയ്യും. അക്കാര്യങ്ങളില്‍ സര്‍ക്കാര്‍ മുന്നിലുണ്ടാകും. സംസ്ഥാനം മുമ്പ് അഭിമുഖീകരിച്ചിട്ടില്ലാത്തത്ര വലിയ ദുരന്തമാണ് അനുഭവിക്കുന്നത്. ഇനിയും കടലില്‍ കുടുങ്ങിക്കിടക്കുന്ന നിസ്സഹായരായ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനുള്ള തീവ്ര പരിശ്രമം തുടരുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.

തീരദേശ പൊലീസില്‍ മത്സ്യത്തൊഴിലാളികളെ നിയമിക്കുന്നത് ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനു സഹായകരമാകുമെന്ന നിര്‍ദേശം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്സിക്കുട്ടിഅമ്മ, ഇ ചന്ദ്രശേഖരന്‍, മത്സ്യത്തൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, കലക്ടര്‍ കെ വാസുകി, പള്ളിവികാരി ഫാ. വില്‍ഫ്രഡ് എന്നിവരും ഒപ്പമുണ്ടായി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top