13 November Tuesday

പെട്രോൾ‐ഡീസൽ വില : തീരുവ കുറയ്ക്കില്ല: കേന്ദ്രം

പ്രശാന്ത്Updated: Tuesday Jun 19, 2018


ന്യൂഡൽഹി
പെട്രോൾ‐ ഡീസൽ വില എത്ര ഉയർന്നാലും എക്സൈസ് തീരുവ ഒരുകാരണവശാലും കുറയ്ക്കില്ലെന്ന് കേന്ദ്ര സർക്കാർ. അസുഖം മൂലം തൽക്കാലത്തേക്ക് ധനവകുപ്പിന്റെ ചുമതലയിൽനിന്ന് മാറിനിൽക്കുന്ന മന്ത്രി അരുൺ ജെയ്റ്റ്ലി ഫെയ്സ് ബുക്കിലൂടെയാണ് കേന്ദ്രനിലപാട് വെളിപ്പെടുത്തിയത്. കേരളമാതൃകയിൽ ഇന്ധനതീരുവ കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകുന്ന നടപടി കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ ജെയ്റ്റ്ലി, കേന്ദ്രം എക്സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് പകരം ജനം നികുതിവിഹിതം സത്യസന്ധമായി അടയ്ക്കുകയാണ് വേണ്ടതെന്ന്  ഉപദേശിച്ചു.

എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന കേന്ദ്രനിലപാട്, ഉയർന്ന ഇന്ധന വിലമൂലം പൊറുതിമുട്ടുന്ന സാധാരണക്കാർക്ക‌്‌ കനത്ത തിരിച്ചടിയാണ്. മോഡി 2014 ൽ അധികാരമേറ്റശേഷം പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുത്തനെ ഉയർത്തി. 2014‐18 കാലയളവിൽ എട്ടുലക്ഷം കോടിയോളം രൂപയാണ്  ഉയർന്ന തീരുവ ചുമത്തി മോഡി സർക്കാർ ജനങ്ങളിൽനിന്ന‌് കവർന്നത്. എൻഡിഎ അധികാരത്തിൽ വരുമ്പോൾ പെട്രോൾ ലിറ്ററിന് 9.30 രൂപയും ഡീസലിന് 3.46 രൂപയുമായിരുന്നു തീരുവ. പിന്നീട് പല ഘട്ടമായി  ഉയർത്തി. 2017 ആഗസ്തിൽ തീരുവ പെട്രോളിന് 21.48 രൂപയും ഡീസലിന് 17.33 രൂപയുമായിരുന്നു. നിലവിൽ പെട്രോളിന് 19.48 ഉം ഡീസലിന് 15.33 രൂപയുമാണ് തീരുവ.

ആഭ്യന്തരവിപണിയിൽ പെട്രോൾവില എൺപത് രൂപയ‌്ക്ക് മുകളിലും ഡീസലിന് 70 രൂപയ‌്ക്ക് മുകളിലും എത്തിയതോടെയാണ്  തീരുവ കുറയ്ക്കണമെന്ന ആവശ്യം ശക്തമായത്. എന്നാൽ, കർണാടക തെരഞ്ഞെടുപ്പ് മുൻനിർത്തി അടിക്കടിയുള്ള ഇന്ധനവിലവർധന തൽക്കാലത്തേക്ക് മാറ്റിവയ്ക്കുകമാത്രമാണ് സർക്കാർ ചെയ്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെതന്നെ വിലവർധന നടപടിയിലേക്ക് മടങ്ങി. കേരളം നികുതി കുറയ്ക്കാൻ സന്നദ്ധമായപ്പോൾ നികുതി കുറയ്ക്കില്ലെന്ന വാശിയിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രം. 

പെട്രോൾ‐ ഡീസൽ എക്സൈസ് തീരുവ കുറയ്ക്കുന്നത് മോഡി സർക്കാരിന്റെ ധനകമ്മി ലക്ഷ്യങ്ങളെ തകിടംമറിക്കുമെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡീസ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തീരുവ കുറയ്ക്കില്ലെന്ന് കേന്ദ്രം തുറന്നുപറഞ്ഞത്. മൂഡീസ് പോലുള്ള റേറ്റിങ് ഏജൻസികളെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യവും ജെയ്റ്റ്ലിക്കുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top