18 November Sunday

ഇന്ധനവില കുതിക്കുന്നു ; തിരുവനന്തപുരത്ത‌് ഒരു ലിറ്റർ ഡീസലിന‌് 75.44 രൂപ

സ്വന്തം ലേഖകൻUpdated: Saturday Sep 1, 2018

കൊച്ചി > തുടർച്ചയായ എട്ടാം ദിവസവും പെട്രോളിനും ഡീസലിനും വില കുത്തനെ കൂട്ടി.  ഡീസൽ വില സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. തിരുവനന്തപുരത്ത‌് ഒരു ലിറ്റർ ഡീസലിന‌് 75.44 രൂപയായി. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കെ അടുത്ത രണ്ടാഴ‌്ചയ‌്ക്കുള്ളിൽ പെട്രോൾ, ഡീസൽ വിലയിൽ രണ്ടര രൂപയോളം ഇനിയും വർധിപ്പിക്കുമെന്നാണ‌് എണ്ണ കമ്പനി അധികൃതരുടെ മുന്നറിയിപ്പ്.

വെള്ളിയാഴ‌്ച രാത്രി ഡീസൽ ലിറ്ററിന് 22 പൈസയും പെട്രോളിന‌് 17 പൈസയുമാണ‌് വർധിച്ചത‌്. ഇതോടെ പെട്രോളിന‌് 81.83 രൂപയായി. വ്യാഴാഴ‌്ച അർധ രാത്രി നിലവിൽവന്ന വിലവർധനയോടെ കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ ഡീസലിന്റെ വില ലിറ്ററിന‌് 3.27 രൂപയും പെട്രോൾ വില 3.30 രൂപയും വീതമാണ‌് കൂടിയത‌്.

ഇന്ധനവില വർധന പ്രളയദുരന്തത്തിൽ കഷ‌്ടപ്പെടുന്ന കേരള ജനതയുടെ  ദുരിതം ഇരട്ടിയാക്കും. ചരക്ക് കടത്തുചെലവ‌് വർധിക്കുന്നത‌് ആവശ്യവസ‌്തുക്കളുടെ വില കുതിക്കാനിടയാക്കും.  കേന്ദ്രം വർധിപ്പിച്ച നികുതിയും എണ്ണക്കമ്പനികൾ വർധിപ്പിച്ച ലാഭവിഹിതവും പിൻവലിക്കുകയാണ‌് പ്രതിസന്ധിക്ക‌് പരിഹാരമെന്ന‌് പെട്രോളിയം ഡിലേഴ‌്സ‌് അസോസിയേഷൻ പ്രസിഡന്റ‌് രാധാകൃഷ‌്ണൻ പറഞ്ഞു.

2014ൽ കേന്ദ്രസർക്കാർ ഒരുലിറ്റർ ഡീസലിന് 3.46 രൂപയാണ‌് എക്സൈസ് നികുതിയായി ഈടാക്കിയിരുന്നത്. ഇന്ന്  അത‌് 15.33 രൂപയാണ‌്.  ഒരുലിറ്റർ പെട്രോളിന്റെ എക‌്സൈസ‌് തീരുവ 9.48 രൂപയിൽ  19.48 രൂപയുമാക്കി. 2014ൽ എണ്ണക്കമ്പനികൾ 10 ശതമാനത്തിൽത്താഴെയാണ‌് ലാഭം ഈടാക്കിയിരുന്നത്. ഇന്ന‌് സ്വകാര്യകമ്പനികളെ സഹായിക്കാൻ ലാഭം  16 ശതമാനമാക്കി. ഇത‌് വെട്ടിച്ചുരുക്കണമെന്നാണ‌് ആവശ്യം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top