21 January Monday

ഓഖി: കേന്ദ്രസംഘം തീരമേഖലയില്‍ സന്ദര്‍ശനം നടത്തി; ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 27, 2017

കൊച്ചി > ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ ദുരിതം നേരിട്ട തീരമേഖലകളിലും ഹാര്‍ബറുകളിലും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേകസംഘം സന്ദര്‍ശനം നടത്തി. മുനമ്പം, തോപ്പുംപടി ഫിഷിങ് ഹാര്‍ബറുകള്‍, കണ്ണമാലി, ചെല്ലാനം, വൈപ്പിന്‍ എന്നിവിടങ്ങളാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനിലെ ബീച്ച് ഇറോഷന്‍ വിഭാഗം ഡയറക്ടര്‍ ആര്‍. തങ്കമണി, കേന്ദ്ര കുടിവെള്ള മന്ത്രാലയത്തിലെ അസി. അഡൈ്വസര്‍ സുമിത് പ്രിയദര്‍ശി എന്നിവര്‍ സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തിയത്. ജില്ലയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സംഘം ഇനി ആലപ്പുഴയിലേക്ക് പോകും.

തീരമേഖലകളിലെ സന്ദര്‍ശനത്തിന് മുന്നോടിയായി കേന്ദ്രസംഘം രാവിലെ നെടുമ്പാശ്ശേരിയില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തി. ഓഖിയെ തുടര്‍ന്ന് ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുള്ള സംഘത്തിന് മുന്നില്‍ അവതരണം നടത്തി. കടലാക്രമണം തടയുന്നതടക്കം അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും കളക്ടര്‍ സംഘത്തെ ധരിപ്പിച്ചു. വീടുകള്‍ക്കും മത്സ്യബന്ധനയാനങ്ങള്‍ക്കുമുണ്ടായ നാശം, കൃഷിനാശം, റോഡ്, ജലസേചനം, കുടിവെള്ള വിതരണം തുടങ്ങിയവയ്ക്കുണ്ടായ നാശം, ജീവഹാനി എന്നിവ സംബന്ധിച്ച് സ്ഥിതിവിവരക്കണക്കുകളടങ്ങിയ റിപ്പോര്‍ട്ടും കളക്ടര്‍ സംഘത്തിന് കൈമാറി.

നെടുമ്പാശ്ശേരിയില്‍ നിന്നും തോപ്പുംപടി ഫിഷറീസ് ഹാര്‍ബറിലെത്തിയ സംഘം പ്രൊഫ. കെ.വി. തോമസ് എം.പി, കെ.ജെ. മാക്സി എം.എല്‍.എ, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍, ബോട്ടുടമാ സംഘം ഭാരവാഹികള്‍ എന്നിവരുമായി ആശയവിനിമയം നടത്തി. കടല്‍ക്ഷോഭത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ തൊഴിലാളികളോടും സംഘം സംസാരിച്ചു. തുടര്‍ന്ന് കണ്ണമാലി, ചെല്ലാനം വേളാങ്കണ്ണിപ്പള്ളി, കമ്പനിപ്പടി, ബസാര്‍ എന്നിവിടങ്ങളില്‍ കടല്‍ഭിത്തി തകര്‍ന്ന പ്രദേശങ്ങളും വീടുകളിലേക്ക് കടല്‍ കയറിയ മേഖലകളും സന്ദര്‍ശിച്ചു. ഉച്ചയ്ക്കു ശേഷമാണ് വൈപ്പിനില്‍ സന്ദര്‍ശനം നടത്തിയത്. എസ്. ശര്‍മ എം.എല്‍.എയും ജനപ്രതിനിധികളും സംഘത്തിന് വിശദീകരണം നല്‍കി. മുനമ്പം ഹാര്‍ബര്‍ ചൊവ്വാഴ്ച്ച സംഘം സന്ദര്‍ശിച്ചിരുന്നു.

ഞാറക്കല്‍, ഐസിഎആര്‍ എന്നിവിടങ്ങളില്‍ കടല്‍ ഭിത്തി തകര്‍ന്ന ഭാഗങ്ങളും വെളിയത്താംപറമ്പില്‍ വീടുകള്‍ തകര്‍ന്ന പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി. കടലാക്രമണഭീഷണി നേരിടുന്ന പ്രദേങ്ങളില്‍ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും പുലിമുട്ട് നിര്‍മിക്കണമെന്നും നിലവിലുള്ള കടല്‍ഭിത്തി ശക്തിപ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. എടവനക്കാട് അണിയില്‍ കടപ്പുറത്തും തകര്‍ന്ന വീടുകള്‍ സംഘം സന്ദര്‍ശിച്ചു.

ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുള്ള, ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ ഇമ്പശേഖര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എം.കെ. കബീര്‍, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ ഷീലാദേവി, അസി. കളക്ടര്‍ ഈശപ്രിയ, കൊച്ചി തഹസില്‍ദാര്‍ കെ.വി. അംബ്രോസ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, ജലസേചനം, പൊതുമരാമത്ത്, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

ഓഖിയെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ വിവിധ ഇനങ്ങളിലായി 3015.55 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ജില്ലയില്‍ കണക്കാക്കിയിരിക്കുന്നത്. പത്തു വീടുകളും ആറ് കുടിലുകളും പൂര്‍ണമായി തകര്‍ന്നു. 464 വീടുകള്‍ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു. വീടു നഷ്ടപ്പെട്ടവര്‍ക്കും കേടുപാടു പറ്റിയവര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ 2376 ലക്ഷം രൂപ വേണ്ടി വരും. രണ്ടു മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 40 പേര്‍ക്ക് പരിക്കേറ്റു. കടലില്‍ നിന്നും കൊച്ചിയിലെത്തിച്ച അഞ്ചു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. 32 പേരെ കാണാതായി. ഇതില്‍ 30 പേര്‍ തമിഴ്നാട് സ്വദേശികളും രണ്ടു പേര്‍ ആസാം സ്വദേശികളുമാണ്. കൃഷിനാശം മൂലം 31.40 ലക്ഷം രൂപയുടെ നഷ്ടം വിലയിരുത്തുന്നു. 368.90 ലക്ഷം രൂപയുടെ നാശനഷ്ടമാണ് മത്സ്യബന്ധന അനുബന്ധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 132 മത്സ്യബന്ധന യാനങ്ങള്‍ക്ക് കേടുപാടു സംഭവിച്ചതിലുള്ള നഷ്ടം 327.2 ലക്ഷം രൂപ. മത്സ്യബന്ധനവലകള്‍ക്കുണ്ടായ നഷ്ടം 27 ലക്ഷം രൂപ. തീരമേഖലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ പത്ത് കിലോമീറ്ററോളം റോഡിന് കേടുപാടുണ്ടായി. ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമായ 25 കിണറുകള്‍ വീണ്ടെടുക്കാന്‍ 12.50 ലക്ഷം രൂപയും പഞ്ചായത്ത് റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ ഒന്‍പതു ലക്ഷം രൂപയും ചെലവിട്ടു. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് 88 ലക്ഷം രൂപയുടെ സൗജന്യ റേഷന്‍ നല്‍കി. ഖരമാലിന്യ സംസ്‌കരണം, ശുചിമുറി മാലിന്യം നീക്കല്‍ എന്നിവയ്ക്കായി 4.44 ലക്ഷം രൂപയും ചെലവഴിച്ചു.

മുനമ്പം മുതല്‍ ചെല്ലാനം വരെയുള്ള തീരമേഖലയില്‍ കടലാക്രമണം തടയുന്നതിന് കടല്‍ഭിത്തി, ജിയോ ടെക്സ്‌റ്റൈല്‍ ട്യൂബ് എന്നിവ സ്ഥാപിക്കുന്നതിന് 8594.50 ലക്ഷം രൂപ ചെലവു വരുമെന്ന് കേന്ദ്രസംഘം മുമ്പാകെ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ചെല്ലാനത്ത് 5134.50 ലക്ഷവും വൈപ്പിനില്‍ 3460 ലക്ഷവുമാണ് ചെലവു കണക്കാക്കിയിരിക്കുന്നത്. ചെല്ലാനത്ത് വേളാങ്കണ്ണി പള്ളി, കമ്പനിപ്പടി, ചെറിയകടവ്, വാച്ചാക്കല്‍ മേഖലകളില്‍ കടലാക്രമണം പ്രതിരോധിക്കുന്നതിന് ജിയോ ടെക്സ്‌റ്റൈല്‍ ട്യൂബ്, പുത്തന്‍തോട് ഫിഷിങ് ഗ്യാപ്പില്‍ 110 മീറ്റര്‍ നീളത്തില്‍ ജിയോ ടെക്സ്റ്റൈല്‍ ബാഗുകള്‍, കണ്ടക്കടവിലും പഞ്ചായത്തിലെ മറ്റ് മേഖലകളിലും കടല്‍ഭിത്തി നിര്‍മാണം, കടല്‍ഭിത്തി സംരക്ഷണം എന്നിവയാണ് റിപ്പോര്‍ട്ടില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. വൈപ്പിനില്‍ എടവനക്കാട് അണിയില്‍, ചാത്തങ്ങാട്, പഴങ്ങാട്, നായരമ്പലം പഞ്ചായത്തിലെ വെളിയത്താംപറമ്പ്, ഐസിഎആറിനു സമീപമുള്ള പ്രദേശങ്ങള്‍, എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ചാപ്പ എന്നീ പ്രദേശങ്ങളിലെ കടല്‍ഭിത്തി സംരക്ഷണം, വൈപ്പിനില്‍ കടലാക്രമണഭീഷണി നേരിടുന്ന മറ്റ് പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മാണം എന്നിവയും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

 

പ്രധാന വാർത്തകൾ
Top