19 September Wednesday

താരസംഘടനയില്‍ ജനാധിപത്യമില്ല; സ്കിറ്റ് തമാശയായിരുന്നുവെന്ന വാദം തള്ളി പത്മപ്രിയ

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

കൊച്ചി > താരസംഘടന  എഎംഎംഎയില്‍ ജനാധിപത്യമില്ലെന്ന് നടി പത്മപ്രിയ. ജനറല്‍ ബോഡി യോഗത്തില്‍ മത്സരിക്കാനുള്ള താല്‍പര്യം പാര്‍വതി അറിയിച്ചിരുന്നു. എന്നാല്‍ സെക്രട്ടറി ഇടപെട്ട് പാര്‍വതിയെ പിന്തിരിപ്പിക്കുകയായിരുന്നെന്ന് പത്മപ്രിയ പറഞ്ഞു.

അമ്മയില്‍ ജനാധിപത്യമില്ല, ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് ജനറല്‍ ബോഡി ചേരുന്നതെന്നും ദിലീപിനെ തിരിച്ചെടുക്കാനുള്ള  തീരുമാനം  ജനറല്‍ ബോഡിയുടെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

അമ്മയുടെ പരിപാടിക്കിടെ വനിതാ കൂട്ടായ്മയിലെ അംഗങ്ങളെ പരിഹസിച്ച് അവതരിപ്പിച്ച സ്‌കിറ്റ് തമാശയായി കാണണമെന്ന മോഹന്‍ലാലിന്റെ നിലപാടിനോട് യോജിക്കാനാകില്ല, അത് സ്ത്രീകളെ അപമാനിക്കുന്നതാണെന്ന വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പത്മപ്രിയ കൂട്ടിച്ചേര്‍ത്തു.

റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, ഭാവന എന്നിവര്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഇമെയില്‍ മുഖാന്തരമാണ് രാജിക്കത്ത് നല്‍കിയത്. എന്നാല്‍ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പത്മപ്രിയ കൂട്ടിച്ചേര്‍ത്തു. താരസംഘടനയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മോഹന്‍ലാല്‍ സംഘടനയുടെ നിലപാട് പ്രഖ്യാപിച്ചത്. ഇതിനെ തള്ളിയാണ് പത്മപ്രിയ രംഗത്ത് വന്നത്.

 

പ്രധാന വാർത്തകൾ
Top