Top
18
Monday, December 2017
About UsE-Paper

നിര്‍മല്‍ ചിട്ടിതട്ടിപ്പ് : വി എസ് ശിവകുമാറിനെ ചോദ്യംചെയ്യും

Wednesday Nov 8, 2017
എം രഘുനാഥ്

നാഗര്‍കോവില്‍ > നിര്‍മല്‍കൃഷ്ണ ചിട്ടിതട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വി എസ് ശിവകുമാര്‍ എംഎല്‍എയെ തമിഴ്നാട് പൊലീസ് ചോദ്യംചെയ്യും. ശിവകുമാറും സഹോദരന്‍ വി എസ് ജയകുമാറും ശ്രീകുമാറും  തങ്ങളുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലം നിര്‍മലന്റെ ഭാര്യയുടെപേരില്‍ രജിസ്റ്റര്‍ചെയ്ത രേഖകളും സ്കെച്ചും തമിഴ്നാട് പൊലീസ് പിടിച്ചെടുത്തു. അടുത്ത ബന്ധുക്കളും സന്തതസഹചാരികളുമായ രണ്ടുപേരെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച നിര്‍ണായക തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെയും ചോദ്യംചെയ്യുന്നത്. കേസില്‍ ശിവകുമാറിനെ പ്രതിചേര്‍ക്കാന്‍ തമിഴ്നാട് പൊലീസ് നിയമോപദേശം തേടിയതായും വിവരമുണ്ട്. പതിനായിരത്തോളം നിക്ഷേപകരില്‍നിന്ന് 600 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നത്.

ശിവകുമാറിന്റെ അടുത്ത ബന്ധുവും എന്‍ആര്‍എച്ച്എം മുന്‍ അഡ്മിനിട്രേറ്റീവ് ഓഫീസറും എച്ച്ആര്‍ മാനേജരുമായിരുന്ന ഹരികൃഷ്ണനെ രണ്ടുദിവസം ചോദ്യംചെയ്തശേഷം വിട്ടയച്ചു. ശിവകുമാറിന്റെ സന്തതസഹചാരി വാസുദേവന്‍ ചൊവ്വാഴ്ച വൈകുംവരെയും തമിഴ്നാട് പൊലീസ് കസ്റ്റഡിയിലാണ്. പൊതുമേഖലാസ്ഥാപനമായ കിറ്റ്സിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ഹരികൃഷ്ണനെ ശിവകുമാര്‍ മന്ത്രിയായ ഉടനെ എന്‍ആര്‍എച്ച്എം തലപ്പത്ത് നിയമിച്ചത് വിവാദമായിരുന്നു. നിര്‍മല്‍ ചിട്ടിതട്ടിപ്പ് കേസിലെ മുഖ്യപ്രതി നിര്‍മലന്‍ മുങ്ങുന്നതുവരെ കേരളത്തിലും തമിഴ്നാട്ടിലും ഹരികൃഷ്ണന്‍ കൂടെയുണ്ടായിരുന്നു. ശിവകുമാറിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന വാസുദേവന്‍.

നിര്‍മലന്‍ മുങ്ങുന്നതിന് മുമ്പും ശേഷവും അയാളുടെ വസ്തുവകകളും ബാങ്ക് നിക്ഷേപങ്ങളും ബിനാമികളുടെ പേരിലേക്ക് മാറ്റിയതുള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം ഹരികൃഷ്ണന്‍ മുന്‍കൈയെടുത്താണെന്ന് പൊലീസ് കണ്ടെത്തി. നിര്‍മലന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് കോടതിയിലും കേസുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കടുത്തും എത്തിയതും ഹരികൃഷ്ണനാണ്.

തമിഴ്നാട് പൊലീസ് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഐജി അശോക്ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സൂപ്രണ്ട് പോള്‍ ദുരൈയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. കേരള ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സഹായിക്കുന്നു.

കേരള-തമിഴ്നാട് അതിര്‍ത്തി കേന്ദ്രീകരിച്ചാണ് നിര്‍മല്‍കൃഷ്ണ ചിട്ടിതട്ടിപ്പ് അരങ്ങേറിയത്. സ്ഥാപനം രജിസ്റ്റര്‍ചെയ്തത് തമിഴ്നാട്ടിലാണെങ്കിലും പ്രധാന ഇരകള്‍ കേരളത്തിലായിരുന്നു. ഇതിനകം നാലായിരംപേര്‍ പരാതി നല്‍കി. ഇത് മാത്രം 400 കോടിയിലേറെ രൂപ വരും. രണ്ട് കോടിയിലേറെ നിക്ഷേപിച്ച വമ്പന്മാരുമുണ്ട്. കള്ളപ്പണമായതിനാല്‍ ഇവര്‍ പരാതി നല്‍കിയിട്ടില്ല. ഇവരെക്കുറിച്ചും തമിഴ്നാട് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇതിനകം 22 പേരെയാണ് പ്രതി ചേര്‍ത്തത്. അഞ്ചുപേര്‍ പിടിയിലാണ്. മറ്റുള്ളവര്‍ മുങ്ങി.