24 September Monday

നിപാ ഉറവിടം: പഠനപദ്ധതി സമർപ്പിച്ചു‌

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018


നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പഠനപദ്ധതി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ പരിഗണനയിലാണെന്ന‌് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.  എ സി മോഹൻദാസ‌് പറഞ്ഞു.

നിപാ വൈറസ‌് ബാധ റിപ്പോർട്ട‌് ചെയ‌്ത പേരാമ്പ്ര സന്ദർശിച്ച ദേശീയ മൃഗ സംരക്ഷണ കമീഷണറുടെ നിർദേശത്തെ തുടർന്നാണ‌് ആറുമാസം ദൈർഘ്യമുള്ള പഠനത്തിന്റെ രൂപരേഖ മൃഗ സംരക്ഷണ വകുപ്പ‌് തയ്യാറാക്കി നൽകിയത‌്.

വവ്വാലുകളിൽ നിന്നാണ‌് വൈറസ‌് ബാധയുണ്ടായതെന്നാണ‌് സംശയിക്കുന്നത‌്‌. എന്നാൽ ശാസ‌്ത്രീയമായി തെളിയിക്കാനായിട്ടില്ല. ഇൗ സാഹചര്യത്തിലാണ‌്  വവ്വാൽ പഠനത്തിന്റെ രൂപരേഖ തയ്യാറാക്കിയത‌്. 

ആദ്യഘട്ടത്തിൽ വവ്വാൽ ഉൾപ്പെടെയുള്ളവയിൽ നിന്ന‌് സാമ്പിളുകൾ ശേഖരിക്കും. എലി, പൂച്ച, വെരുക്‌ എന്നീ ജീവികളിലും പരിശോധന നടത്തും.
വൈറസിന്റെ ഉറവിടം ഏതു ജീവിയിൽ നിന്നാണെന്നും ആ ജീവിയിൽ വൈറസിനെതിരെയുള്ള ആന്റിബോഡികളുടെ സാന്നിധ്യമുണ്ടോയെന്ന‌് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന വാർത്തകൾ
Top