ad
Deshabhimani

കുടുംബാരോഗ്യം : കേരളം ലോകനിലവാരത്തില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 05, 2017, 07:07 PM | 0 min read



ന്യൂഡല്‍ഹി > കുടുംബാരോഗ്യരംഗത്ത് അഭൂതപൂര്‍വമായ മുന്നേറ്റവുമായി കേരളം. കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട ദേശീയ കുടുംബാരോഗ്യസര്‍വേയിലാണ് രാജ്യത്തിനാകെ മാതൃകയാകുന്ന കേരളത്തിന്റെ നേട്ടം വ്യക്തമാക്കുന്നത്. ശിശുമരണനിരക്ക്, സ്ത്രീപുരുഷാനുപാതം, അടിസ്ഥാനസൌകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം കേരളത്തിന്റെ നേട്ടം വികസിതരാജ്യങ്ങള്‍ക്ക് തുല്യം. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജനസംഖ്യാ ശാസ്ത്ര പഠനത്തിനായുള്ള അന്താരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ടാണ് എല്ലാ സംസ്ഥാനങ്ങളിലും ജില്ലാടിസ്ഥാനത്തില്‍ കുടുംബാരോഗ്യ സര്‍വേ നടത്തിയത്. 2004-05ല്‍ നടത്തിയ അവസാനസര്‍വേയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എല്ലാ മേഖലയിലും കേരളം വലിയ മുന്നേറ്റം കൈവരിച്ചതായി കാണാം. എന്നാല്‍, ദേശീയതലത്തില്‍ കേരളത്തിന്റേതിന് ആനുപാതികമായ മുന്നേറ്റം പ്രകടമല്ല.

ശിശുമരണനിരക്ക് ആയിരം നവജാതശിശുക്കളില്‍ ആറ് എന്ന തോതിലേക്ക് കുറയ്ക്കാന്‍ കേരളത്തിന് കഴിഞ്ഞു. 2004-05 സര്‍വേയില്‍ കേരളത്തിലെ ശിശുമരണനിരക്ക് 15 ആയിരുന്നു. ആയിരം ശിശുക്കളില്‍ 41 മരണമെന്ന ഉയര്‍ന്ന തോതിലാണ് ദേശീയതലത്തില്‍ ശിശുമരണനിരക്ക്. 2004-05 സര്‍വേയില്‍ ദേശീയതലത്തില്‍ 57 ആയിരുന്നു ശിശുമരണനിരക്ക്. ആയിരത്തിന് ആറ് എന്ന തോതിലേക്ക് ശിശുമരണനിരക്ക് കുറച്ചതോടെ അമേരിക്കയ്ക്കുതുല്യമാണ് കേരളമിപ്പോള്‍. ഗുജറാത്തില്‍ 34 ആണ് ശിശുമരണനിരക്ക്.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ശിശുമരണനിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ ഏറെ പിന്നിലാണ്. മധ്യപ്രദേശില്‍ 51ഉം ഛത്തീസ്ഗഡില്‍ 54ഉം ജാര്‍ഖണ്ഡില്‍ നാല്‍പ്പത്തിനാലുമാണ് ശിശുമരണനിരക്ക്. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളിലെ മരണനിരക്ക് കേരളത്തില്‍ ആയിരത്തില്‍ ഏഴുമാത്രം. നാല്‍പ്പത്തൊന്നാണ് ദേശീയ ശരാശരി. ത്രിപുരയില്‍ 33ഉം ഗുജറാത്തില്‍ 43ഉം മധ്യപ്രദേശില്‍ 65ഉം ഛത്തീസ്ഗഡില്‍ 64ഉം ജാര്‍ഖണ്ഡില്‍ അമ്പത്തിനാലുമാണ് അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളിലെ മരണനിരക്ക്.

സ്ത്രീപുരുഷാനുപാതം കേരളത്തില്‍ ആയിരം പുരുഷന്മാര്‍ക്ക് 1049 സ്ത്രീകള്‍ എന്ന തോതിലാണ്. ദേശീയ ശരാശരി 991 ആണ്. ഗുജറാത്തില്‍ 950ഉം ത്രിപുരയില്‍ 998ഉം മധ്യപ്രദേശില്‍ 958ഉം ജാര്‍ഖണ്ഡില്‍ 1002ഉം ആണ് സ്ത്രീപുരുഷാനുപാതം. കഴിഞ്ഞ അഞ്ചുവര്‍ഷം ജനിച്ച കുട്ടികളുടെ കണക്കെടുക്കുമ്പോള്‍ കേരളത്തില്‍ സ്ത്രീപുരുഷാനുപാതം 1047ഉം ദേശീയ ശരാശരി 919ഉം ആണ്. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളുടെ അനുപാതം കുറയുന്നുവെന്നാണ് സര്‍വേ കണക്കുകള്‍.

സ്ത്രീസാക്ഷരത കേരളത്തില്‍ 97.9ഉം പുരുഷസാക്ഷരത 98.7ഉം ആണ്. ദേശീയതലത്തില്‍ ഇത് യഥാക്രമം 68.4ഉം 85.6ഉം ആണ്. ഗുജറാത്തില്‍ സ്ത്രീസാക്ഷരത 72.9ഉം പുരുഷസാക്ഷരത 89.6ഉം ആണ്. മധ്യപ്രദേശില്‍ സ്ത്രീസാക്ഷരത 59.4ഉം ജാര്‍ഖണ്ഡില്‍ 59ഉം ആണ്. കേരളത്തില്‍ ആറ് വയസ്സിനുമുകളിലുള്ള സ്ത്രീകളില്‍ 95.4 ശതമാനംപേര്‍ക്കും സ്കൂള്‍വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. ദേശീയ ശരാശരി 68.8 മാത്രമാണ്. ഗുജറാത്തില്‍ 72 ശതമാനം സ്ത്രീകള്‍ക്കുമാത്രമാണ് സ്കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടുള്ളത്. ജാര്‍ഖണ്ഡില്‍ 61ഉം മധ്യപ്രദേശില്‍ 64ഉം ശതമാനം സ്ത്രീകള്‍മാത്രമാണ് സ്കൂളില്‍ പോയിട്ടുള്ളത്.

കേരളത്തില്‍ 99.2 ശതമാനം വീടുകളിലും വൈദ്യുതി എത്തിയപ്പോള്‍ ദേശീയ ശരാശരി 88.2. ജാര്‍ഖണ്ഡില്‍ 20 ശതമാനം വീട്ടില്‍ വൈദ്യുതിയില്ല. കേരളത്തില്‍ 98.1 ശതമാനം വീടുകളിലും ശുചിമുറിയുള്ളപ്പോള്‍ ദേശീയ ശരാശരി 48.4 മാത്രം. ഗുജറാത്തില്‍ 36 ശതമാനം വീടുകളില്‍ കക്കൂസില്ല.

കേരളത്തില്‍ 7.6 ശതമാനം പെണ്‍കുട്ടികള്‍ 18 വയസ്സിനുമുമ്പ് വിവാഹിതരാകുന്നതായി സര്‍വെ പറയുന്നു.  ദേശീയതലത്തില്‍ ഇത് 26.8 ശതമാനവും  ഗുജറാത്തില്‍ 24.9 ശതമാനവുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home