24 September Monday
തുറക്കാതെ ‘ആത്മ’ ഓഫീസ്

നടപടിയെടുക്കാൻ കലക്ടറുടെ നിർദേശം

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 കൽപ്പറ്റ

മഴക്കെടുതി നേരിടാൻ എല്ലാ സർക്കാർ ഓഫീസുകളും അവധിയില്ലാതെ തുറന്ന് പ്രവർത്തിക്കണമെന്ന നിർദേശം  അവഗണിച്ച കൃഷിവകുപ്പിന്റെ ആത്മ ഓഫീസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് കലക്ടർ വി കേശവേന്ദ്രകുമാർ. പ്രവൃത്തി ദിവസങ്ങളിലടക്കം  ഈ ഓഫീസ് തുറക്കാതിരുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് നടപടിക്ക് നിർദേശം.ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിന് തൊട്ടടുത്താണ് ആത്മയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. പ്രകൃതി ദുരന്തമുണ്ടായ സാഹചര്യത്തിൽ എല്ലാ സർക്കാർജീവനക്കാരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ഓഫീസ് അടച്ചിടരുതെന്നും കലക്ടർ ഉത്തരവിറക്കിയിരുന്നു. 
ഇതുപ്രകാരം മറ്റെല്ലാ ഓഫീസും തുറന്ന് പ്രവർത്തിക്കുമ്പോഴാണ് പ്രവൃത്തി ദിവസങ്ങളിൽ പോലും ഓഫീസ് തുറക്കാതിരുന്നത്. ആത്മ പ്രൊജക്ട് ഡയറക്ടർ ഉൾപ്പെടെ കൃഷി വകുപ്പിൽനിന്നുള്ള മൂന്ന് ജീവനക്കാരും നാല് താൽക്കാലികക്കാരുമാണ് ഇവിടെയുള്ളത്. ഇതുസംബന്ധിച്ച് കലക്ടർ പ്രിൻസിപ്പൽ കൃഷി ഓഫീസറോട് വിശദീകരണം ചോദിച്ചിരുന്നു. പ്രിൻസിപ്പൽകൃഷി ഓഫീസർ നൽകിയ വിശദീകരണത്തിലും രണ്ട് ദിവസം ഓഫീസ് തുറന്നില്ലെന്ന് സമ്മതിക്കുന്നു. വിളനാശത്തിന്റെ കണക്കെടുപ്പ് തന്റെ ഓഫീസാണ് നിർവഹിക്കുന്നതെന്നും മറുപടിയിൽ പറഞ്ഞിട്ടുണ്ട്. ആത്മയിലെ ജീവനക്കാരുടെ നിരുത്തരവാദ പ്രവർത്തനങ്ങൾക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാൻ എഡിഎമ്മിനോട് കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. 
 
പ്രധാന വാർത്തകൾ
Top