21 September Friday

വിലക്കുറവിന്റെ കേന്ദ്രങ്ങളായി കുടുംബശ്രീ ഓണച്ചന്തകൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018
കൽപ്പറ്റ
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാരംഭിച്ച ഓണച്ചന്തകളിൽ തിരക്കേറുന്നു. കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തുന്ന ജില്ലാ ചന്തയിലും വിവിധ സിഡിഎസുകളിൽ നടത്തുന്ന ചന്തകളിലും ഓണമടുത്തതോടെ തിരക്കേറി. ഗുണമേന്മയും വിശ്വസ്തതയുമാണ് കുടുംബശ്രീ ഓണച്ചന്തകളുടെ മുഖമുദ്ര.
തേങ്ങ, മുരിങ്ങയില, മത്തനില, കപ്പ, മത്തൻ, ഇളവൻ, വെള്ളരി, പാൽചേമ്പ്, ചേന തുടങ്ങിയവ പരമ്പരാഗത ഉൽപ്പന്നങ്ങൾക്കാണ് ആവശ്യക്കാരേറെയുള്ളത്. വയനാടൻ ഗന്ധകശാല അരിയും ഇഞ്ചി, വെളുത്തുള്ളി, നാടൻ തക്കാളി, പച്ചമുളക് തുടങ്ങിയവയും  മേളയിൽ ലഭ്യമാണ്. ശുദ്ധമായ വെളിച്ചെണ്ണയിൽ പാകം ചെയ്ത കായ വറുത്തതും, ശർക്കര ഉപ്പേരി, വറുത്തുപ്പേരി, ചക്ക ചിപ്സ്, അച്ചപ്പം, അരിമുറുക്ക്, ഉണ്ണിയപ്പം തുടങ്ങിയവയും മേളയിലുണ്ട്. ഗുണമേ•യുളള ധാന്യങ്ങളും മസാലകളും ചേർത്ത് തയ്യാറാക്കിയ പൊടികൾ, അച്ചാറുകൾ, ചമ്മന്തിപ്പൊടി, ചക്കപപ്പടം, പപ്പടം തുടങ്ങി എല്ലാ സാധനങ്ങളും പൊതു വിപണിയേക്കാൾ വലിയ വിലക്കുറവിലാണ് ഓണചന്തകളിൽ വിൽക്കുന്നത്. ഇടനിലക്കാരില്ലാത്തതിനാൽ വിൽപനയിലെ ലാഭം ഭൂരിഭാഗവും കർഷകർക്കും ഉൽപാദകർക്കും ലഭിക്കുന്നുവെന്നതാണ് കുടുംബശ്രീ ഓണച്ചന്തകളുടെ സവിശേഷത. കുടുംബശ്രീയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്ന തരത്തിൽ ഗുണമേൻമയേറിയ ഉൽപ്പന്നങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്ന ഓണച്ചന്തകൾ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് പ്രദാനം ചെയ്യുന്നത്. 
കാലവർഷം കുടുംബശ്രീ സംരംഭകർക്കും കർഷകർക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ഓണം, ബക്രീദ് സീസൺ മുന്നിൽകണ്ട് നിരവധി ഉൽപന്നങ്ങൾ സംരംഭകർ തയ്യാറാക്കിയിരുന്നു. കൂടാതെ സംഘകൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഓണത്തിനാവശ്യമായ പച്ചക്കറികൾ ധാരാളമായി കൃഷി ചെയ്തിരുന്നു. എന്നാൽ കനത്ത മഴ ഇവരുടെ പ്രതീക്ഷകൾക്ക് വിലങ്ങുതടിയായി. അതിനാൽ സാധാരണ രീതിയിൽ ജില്ല മുഴുവൻ വിപുലമായി നടത്താറുള്ള ഓണച്ചന്തകൾ ഇക്കുറി നടത്താനായില്ല. എങ്കിലും സാധാരണക്കാർക്കാശ്വാസമായി പരമാവധി ഇടങ്ങളിൽ ഓണച്ചന്തകൾ സംഘടിപ്പിക്കുന്നതിന് ജില്ലാ മിഷൻ ശ്രദ്ധിച്ചിട്ടുണ്ട്.
പ്രധാന വാർത്തകൾ
Top