18 January Friday

# മാനന്തവാടി നഗരസഭ 'സമര നാടക'ത്തിനൊടുവില്‍ യുഡിഎഫ് തടിയൂരി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 19, 2017


മാനന്തവാടി > നഗരസഭയുടെ ജനപക്ഷ വികസന നയങ്ങള്‍ക്ക് തുരങ്കംവെച്ച് നടത്തിയ സമരനാടകം അവസാനിപ്പിച്ച് യുഡിഎഫ് തടിയൂരി. വികസന പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒരുകോടി രൂപ ടൌണിലെ പ്രധാനപ്പെട്ട പദ്ധതികള്‍ക്കായി വകയിരുത്തിയതിനെതിരെയായിരുന്നു യുഡിഎഫ് കൌണ്‍സിലര്‍മാര്‍  നഗരസഭാ ഫ്രണ്ട് ഓഫീസിന് മമ്പില്‍ തിങ്കളാഴ്ച കുത്തിയിരിപ്പ് സമരം നടത്തിയത്.
കഴിഞ്ഞ 16ന് ചേര്‍ന്ന കൌണ്‍സില്‍ യോഗം അടിസ്ഥാന രഹിതമായ കാരണങ്ങള്‍ ഉന്നയിച്ച് അലങ്കോലമാക്കാന്‍ ശ്രമിക്കുകയും നഗരസഭാ സെക്രട്ടറിയുടെ പ്രതിനിധിയായി ഭരണസമിതി യോഗത്തിലെത്തിയ റവന്യു ഇന്‍സ്പെക്ടറെ തടഞ്ഞുവെക്കുകയും ചെയ്തു. എല്‍ഡിഎഫ് അംഗങ്ങള്‍ ശക്തമായി ഇടപെട്ടതോടെ ഇവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു. ഇതിന്റെ ജാള്യത മറക്കാനാണ് സമരം പ്രഖ്യാപിച്ചത്. അണികളില്ലാതെ കൌണ്‍സിലര്‍മാര്‍ മാത്രമാണ് സമരത്തിനെത്തിയത്.
അനാവശ്യസമര പ്രഖ്യാപനത്തെ  ഭരണസമിതി ഗൌനിക്കാതിരുന്നതോടെ സമരത്തിന് മുമ്പ് തന്നെ യുഡിഎഫ് നേതാക്കള്‍ ചര്‍ച്ചക്കുള്ള മുറവിളിയായിരുന്നു. തിങ്കളാഴ്ച കുത്തിയിരിപ്പ് തുടങ്ങിയതോടെ എങ്ങിനേയും അവസാനിപ്പിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു ഇവര്‍. നഗരസഭാ ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണും സ്ഥലത്തില്ലാതിരുന്നിട്ടും ആരെങ്കിലും ചര്‍ച്ചചെയ്താല്‍ മതിയെന്നായിരുന്നു യുഡിഎഫ് നേതൃത്വം. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പിടി ബിജുവും കൌണ്‍സിലര്‍മാരായ അബ്ദുള്‍ ആസിഫ്, എം ഉണ്ണികൃഷ്ണന്‍ എന്നിവരുമായി ഒടുവില്‍ ചര്‍ച്ച നടത്തിയെന്ന് വരുത്തി സമരം അവസാനിപ്പിച്ചു. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് യുഡിഎഫ് കൌണ്‍സിലര്‍മാര്‍ക്കുള്ള സംശയങ്ങള്‍ അടുത്ത കൌണ്‍സില്‍ യോഗത്തില്‍ ദുരീകരിക്കുമെന്ന് ഭരണപക്ഷ കൌണ്‍സിലര്‍മാര്‍ പറഞ്ഞതോടെ ഇവര്‍ സമരം നിര്‍ത്തി. യുഡിഎഫിനെ പ്രതിനിധീകരിച്ച്  മുന്‍ മന്ത്രി പി കെ ജയലക്ഷ്മി, ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി, കൌണ്‍സിലര്‍മാരായ പി വി ജോര്‍ജ്, ജേക്കബ് സെബാസ്റ്റ്യന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഒരുകോടിയില്‍ 60 ലക്ഷത്തോളം രൂപ എരുമത്തെരുവ് മത്സ്യ മാംസ മാര്‍ക്കറ്റ് കെട്ടിടം നവീകരണത്തിനാണ് മാറ്റിയത്. ടൌണിലെ ട്രാഫിക് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാവുന്ന ടൌണ്‍ഹാള്‍ റോഡ് വീതി കൂട്ടി ടാര്‍ ചെയ്യാന്‍ 10 ലക്ഷവും നീക്കി. വള്ളിയൂര്‍ക്കാവ് റോഡിലെ മാലിന്യങ്ങള്‍ നിറഞ്ഞ ഓടവൃത്തിയാക്കാനും, വള്ളിയൂര്‍ക്കാവ് കംഫര്‍ട്ട് സ്റ്റേഷന്‍ നവീകരണത്തിനും ഫണ്ട് വകയിരുത്തി. ഇതിനെതിരെയായിരുന്നു കൌണ്‍സില്‍ യോഗത്തിലും പിന്നീടും യുഡിഎഫിന്റെ 'സമരാഭാസം'. മാനന്തവാടിയുടെ പൊതുവികസനത്തിന് യുഡിഎഫ് എതിര് നില്‍ക്കുന്നതില്‍ യുഡിഎഫ് അണികള്‍ക്കിടയില്‍തന്നെ പ്രതിഷേധം ശക്തമാണ്.

പ്രധാന വാർത്തകൾ
Top