25 April Wednesday

നീലിമലയിലെ തര്‍ക്ക ഭൂമിയില്‍നിന്നും പഞ്ചായത്ത് വിളവെടുക്കരുത

വെബ് ഡെസ്‌ക്‌Updated: Tuesday Dec 19, 2017


കല്‍പ്പറ്റ > നീലിമലയിലെ തര്‍ക്ക ഭൂമിയില്‍നിന്നും വിളവെടുക്കാനുള്ള മൂപ്പൈനാട് പഞ്ചായത്തിന്റ നീക്കം അവസാനിപ്പിക്കണമെന്ന് നീലിമല പരിസ്ഥിതി സംരക്ഷ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായാണ് ഇവിടെ പഞ്ചായത്ത് അഞ്ച് ഏക്കര്‍ ഭൂമി വാങ്ങിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഈ ഭൂമി പഞ്ചായത്ത് രജിസ്റ്റര്‍ ചെയ്ത് വാങ്ങിയത് നിയമങ്ങള്‍ പാലിക്കാതെയാണ്. സ്ഥലത്തിന്റെ പോക്ക്വരവ് നടത്തരുതെന്നും കൈവശാവകാശം നല്‍കരുതെന്നും സബ്കലക്ടറുടെ ഉത്തരവുണ്ട്. പഞ്ചായത്ത് ഡയറക്ടര്‍ ഈ ഭൂമി ഇടപാടിലെ ക്രമക്കേടുകള്‍ നേരിട്ട് മനസിലാക്കുകയും പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഭൂമി നല്‍കിയ വ്യക്തിയോട് പണം തിരികെ നല്‍കാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയതുമാണ്.
 ഭൂമി സംബന്ധിച്ച് ലാന്‍ഡ് ബോര്‍ഡില്‍ കേസുമുണ്ട്. നിക്ഷിപ്ത വനഭൂമി അതിര്‍ത്തിയുമാണ്.  നിലവിലെ സാഹചര്യത്തില്‍ ഈ ഭൂമിയില്‍നിന്നും വിളവെടുക്കാന്‍ പഞ്ചായത്തിന് അവകാശമില്ല. എന്നാല്‍ വിളവെടുപ്പിനുള്ള നടപടികളുമായി ഭരണ സമിതി മുന്നോട്ടുപോകുകയാണ്. ഇത് നിയമ ലംഘനമാണ്. വിഷയത്തില്‍ കലക്ടര്‍ ഇടപെടണം.
പഞ്ചായത്ത് വിഭാവനം ചെയ്യുന്ന ശ്മശാനം, അറവ്ശാല, മാലിന്യ പ്ളാന്റ് എന്നിവക്ക് ഈ ഭൂമി അനുയോജ്യമല്ലെന്ന് വനം വകുപ്പ്, ടൌണ്‍ പ്ളാനിങ്, ശുചിത്വമിഷന്‍ എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടേക്ക് റോഡ് സൌകര്യം ഇല്ല. സമീപത്ത് ആദിവാസി കോളനിയും എല്‍പി സ്കൂളുമുണ്ട്. ഇവിടെനിന്നും താഴ്ന്ന പ്രദേശങ്ങളിലേക്ക് ജലസ്രോതസ്സുകളുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
സമിതി ചെയര്‍മാന്‍ പി ഒ തോമസ്, കണ്‍വീനര്‍ യു ബാലന്‍, വി ആര്‍ ശശിധരന്‍, കെ വി അനീഷ്, സാജന്‍ മാത്യു എന്നിവര്‍  വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.്

പ്രധാന വാർത്തകൾ
Top