23 September Sunday
പ്രാഥമിക റിപ്പോർട്ട് നൽകി

അഗ്രി ഫെസ്റ്റ് അഴിമതി വിശദമായി അന്വേഷിക്കണമെന്ന് വിജിലൻസ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

 മാനന്തവാടി

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മാനന്തവാടിയിൽ നടത്തിയ അഗ്രി ഫെസ്റ്റിലെ അഴിമതികൾ വിശദമായി അന്വേഷിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വയനാട് വിജിലൻസ് ഡിവൈഎസ്പി വിജിലൻസ് ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. 2014ൽ കൃഷി, യുവജന ക്ഷേമ വകുപ്പുകൾ ചേർന്ന് നടത്തിയ പരിപാടിയുടെ ചെലവുകൾ സംബന്ധിച്ച് വ്യക്തതയില്ല. കണക്കുകൾ ഓഡിറ്റ് ചെയ്തിട്ടില്ല. ഏതെങ്കിലും ഏജൻസിയെകൊണ്ട് രണ്ടുവകുപ്പുകളുടെയും കണക്കുകൾ ഓഡിറ്റ് ചെയ്യിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഡിറ്റ് കഴിഞ്ഞാൽ മാത്രമേ വിശദമായ പരിശോധനയും അന്വേഷണവും നടത്താനാവുകയുള്ളുവെന്ന് വിജിലൻസ് ഡിവൈഎസ്പി പി ആർ ജയരാജ് പറഞ്ഞു. പ്രാഥമീക പരിശോധനയിൽതന്നെ വകുപ്പുകളുടെ കണക്കുകളിൽ വ്യത്യാസമുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ട് വകുപ്പുകളുടെയും കണക്കുകൾ ഒരുഏജൻസി ഓഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അതാതുവകുപ്പുകളുടെ ഓഡിറ്റിങ്ങിൽ ഡബിൾ എൻട്രികൾ കണ്ടെത്താനാവില്ല.
മാനന്തവാടി വള്ളിയൂർക്കാവിൽ ഒരാഴ്ച നടത്തിയ അഗ്രിഫെസ്റ്റ് ധൂർത്തായതായി അന്നേ ആരോപണം ഉയർന്നിരുന്നു. പരിപാടികൊണ്ട് കാർഷിക മേഖലയിലോ, കൃഷിക്കാർക്കോ പ്രത്യേക നേട്ടങ്ങളൊന്നും ഉണ്ടായില്ല. കൃഷി വകുപ്പിനൊപ്പം യുവജനക്ഷേമവകുപ്പും പരിപാടിക്കായി തുക ചെലവഴിച്ചു. അന്നത്തെ പട്ടികർഗ, യുവജന ക്ഷേമ മന്ത്രിയും മാനന്തവാടി എംഎൽഎയുമായിരുന്ന പി കെ ജയലക്ഷ്മി മുൻകൈയെടുത്താണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ആദിവാസി കലാരൂപങ്ങൾ അവതരിപ്പിച്ചതിന്റെയും മറ്റും മറവിൽ 10 ലക്ഷത്തോളം രൂപയുടെ അഴിമതി നടത്തിയതായിട്ടായിരുന്നു പരാതി. കലക്ടർ ചെയർമാനും സബ് കലക്ടർ ജനറൽ കൺവീനറും അന്നത്തെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡിഡിസി സെക്രട്ടറിയുമായിരുന്ന എം ജി ബിജു വർക്കിങ് ചെയർമാനുമായ കമ്മിറ്റിക്കായിരുന്നു നടത്തിപ്പ് ചുമതല. എന്നാൽ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പൂർണമായും സംഘാടനം. ബിജു അഴിമതി നടത്തിയതായി ആക്ഷേപം ഉയർന്നു. കമ്മിറ്റി അംഗങ്ങൾ തന്നെ ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തി. പരിപാടിക്ക് ശേഷം കൃത്യമായി കണക്കുകൾ അവതരിപ്പിച്ചില്ല. അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള  സംഘടനകൾ സമരം നടത്തി.
വിജിലൻസിന്റെ പ്രാഥമീക പരിശോധനയിൽതന്നെ യുവജന ക്ഷേമബോർഡിന് വീഴ്ച്ചകൾ സംഭവിച്ചതായി കണ്ടെത്തി. അത്യാവശ്യം തെളിവുകൾ മാത്രമാണെടുത്തത്. വ്യക്തിപരമായ അഴിമതികളുടെ പരിശോധന നടത്തിയിട്ടില്ല. പ്രഥമദൃഷ്ട്യ അഴിമതി കണ്ട സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് വിജിലൻഡ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയത്.
 
പ്രധാന വാർത്തകൾ
Top