Deshabhimani

വിടവാങ്ങിയത് കര്‍ഷക പോരാളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2016, 06:57 PM | 0 min read

കല്‍പ്പറ്റ >   എ സി വര്‍ക്കിയുടെ വിയോഗം ജില്ലയിലെ കര്‍ഷക പോരാട്ടങ്ങള്‍ക്ക് കനത്ത നഷ്ടം. കാര്‍ഷിക മേഖലയിലെ ദുരിതങ്ങള്‍ കര്‍ഷകരെ വേട്ടയാടിയപ്പോള്‍ ഉടലെടുത്ത സമരമുഖങ്ങളിലെ പ്രമുഖ  നേതൃസ്ഥാനമാണ് ഈ കര്‍ഷക നേതാവിനുള്ളത്.
 യൂത്ത് കോണ്‍ഗ്രസിലും കോണ്‍ഗ്രസ്സിലും കോണ്‍ഗ്രസ് എസ്സിലും നേതാവായി പ്രവര്‍ത്തിച്ച അദ്ദേഹം ഫാര്‍മേഴ്സ് റിലീഫ് ഫോറം എന്ന കര്‍ഷക സംഘടന രൂപീകരിച്ചാണ് ശ്രദ്ദേയമായത്.  നടവയല്‍ എന്ന കുഗ്രാമത്തില്‍ രൂപമെടുത്ത് വയനാട്ടിലാകെയും കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാര്‍ഷിക മേഖലകളിലും വേരോടിയ എഫ്ആര്‍എഫ് എന്ന കര്‍ഷക പ്രസ്ഥാനത്തിന്റെ പിതാവായിരുന്നു വര്‍ക്കി.
മൂന്നു വര്‍ഷം മുമ്പ് വര്‍ക്കിയെ രോഗം തളര്‍ത്തി. പിന്നീട് വീട്ടില്‍തന്നെയായിരുന്നു. വര്‍ക്കി രോഗബാധിതനായതോടെ സംഘടനയുടെ സംസ്ഥാന ഘടകംതന്നെയില്ലാതായി.
1992ല്‍ നടവയല്‍ ആസ്ഥാനമായി പ്രവര്‍ത്തമാരംഭിച്ചതാണ് ഫാര്‍മേഴ്സ് റീലീഫ് ഫോറം. കടക്കെണിയിലകപ്പെട്ട് ജപ്തിഭീഷണിയിലും ആത്മഹത്യാ മുനമ്പിലുമായ കര്‍ഷകര്‍ക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സംഘടനയുടെ രൂപീകരണം. ബാങ്ക് വായ്പകള്‍ അടച്ചുപുതുക്കുന്നതില്‍ സഹായിക്കുന്നതിനായി 1994ല്‍ ആവിഷ്കരിച്ച പ്രാദേശിക വായ്പാ നിധിയാണ് (ലോക്കല്‍ ലോണ്‍ ഫണ്ട്) കര്‍ഷകരെ ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിലേക്ക് കൂട്ടത്തോടെ ആകര്‍ഷിച്ചത്.
1999 ഡിസംബറിലായിരുന്നു നീര ഉല്‍പാദന അവകാശത്തിനായുള്ള എ സി വര്‍ക്കിയുടെ സമരം. ഈ സമരത്തിനു നേതൃത്വം നല്‍കിയ വര്‍ക്കി അബ്കാരി നിയമലംഘനത്തിന് 28 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞു.  ജപ്തി പ്രതിരോധ പ്രക്ഷോഭത്തിന്റെ ഭാഗമായി എഫ്ആര്‍എഫ് വയനാട് കലക്ടറേറ്റ് പടിക്കല്‍ ആഴ്ചകള്‍ നീണ്ട സമരമാണ് നടത്തിയത്. കര്‍ഷകര്‍ ലക്കിടിയില്‍നിന്നു ചുരത്തിലൂടെ അടിവാരത്തേക്ക് നടത്തിയ ശയനപ്രദക്ഷിണവും ഈ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു.
എ സി വര്‍ക്കിയുടെ മൃതശരീരം ഞായറാഴ്ച പകല്‍ മൂന്നു മുതല്‍ അഞ്ചുവരെ നടവയല്‍ സെന്റ് തോമസ് ഹൈസ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. 2.30ന് സംസ്കാര ശുശ്രൂഷകള്‍ വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് മൃതശരീരം സ്കൂളിലേക്ക് മാറ്റും.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home