Top
20
Wednesday, September 2017
About UsE-Paper

വില്‍സനെ കാണാതായത് വിശ്വസിക്കാതെ കുടുംബവും നാട്ടുകാരും

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌



പടിഞ്ഞാറത്തറ > 'ദിവസവും  അഞ്ചും ആറും കിലോ മീന്‍വരെ വില്‍സണ്‍ ഡാമില്‍നിന്നും പിടിച്ചിരുന്നു. ഒപ്പം പശുവിനെ വളര്‍ത്തിയുമാണ് കുടുംബം പുലര്‍ത്തിയിരുന്നത്. അവനും മക്കളുമെല്ലാം നല്ല നീന്തല്‍ക്കാരായിരുന്നു. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്ന് മനസ്സിലാകുന്നില്ല' ഡാമില്‍ കാണാതായ വില്‍സന്റെ മൂത്ത സഹോദരന്‍ തോമസ് പറയുന്നു.
ബാണാസുര സാഗര്‍ അണക്കെട്ട് വന്നപ്പോള്‍ കുടിയൊഴിയേണ്ടിവന്ന തോമസ് ഇപ്പോള്‍ താമസിക്കുന്ന കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയില്‍നിന്നും സഹോദരനെ കാണാതായതറിഞ്ഞ് അമ്മ മറിയാമ്മയേയും കൂട്ടിവന്നതാണ്. ഏതൊഴുക്കിലും പുഴയിലും ഡാമിലും നീന്തിക്കയറിയിരുന്നവനാണ് വില്‍സനെന്നും തോമസ് പറയുന്നു.
ഞായറാഴ്ച രാത്രി എല്ലാവരും വില്‍സന്റെ വീട്ടില്‍ എത്തി ഇവിടെനിന്നും ഒമ്പതോടെയാണ് മീന്‍ പിടിക്കാനായി പോയത്. പതിവായി വില്‍സന്‍ ഡാമില്‍ മീന്‍പിടിക്കാന്‍ പോയിരുന്നതിനാല്‍ വീട്ടുകാരും മറ്റൊന്നും കരുതിയില്ല. നേരം വെളുത്തിട്ടും എത്താത്തതിനാല്‍ ആധിയായി. പിന്നീട് നാലുപേരെ കാണാതായതെന്ന  വാര്‍ത്തയും വീട്ടിലെത്തി. ഇതോടെ നിലവിളിയായി. വില്‍സന്റെ ഭാര്യ ശ്രീജയേയും മക്കളായ ബിബിനേയും ജിജീഷിനേയും ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും അയല്‍വാസികളും കുഴങ്ങി. തീര്‍ത്തും ദരിദ്രമായ ചുറ്റുപാടിലാണ് കുടുംബം കഴിയുന്നത്. പശുവളര്‍ത്തലും ഡാമില്‍നിന്നും ലഭിച്ചിരുന്ന മീനും മറ്റുമായിരുന്നു ഉപജീവനമാര്‍ഗം. ഡാമില്‍നിന്നും മീന്‍പിടിക്കാന്‍ ഔദ്യോഗിക അനുമതി ഇല്ലെങ്കിലും പ്രദേശവാസികള്‍ പതിവായി ഇവിടെനിന്നും മീന്‍പിടിച്ചിരുന്നു. നേരത്തെ ജില്ലാപഞ്ചായത്ത് ഡാമില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു.