17 December Monday
ഡോണ്‍ ബോസ്കോ എസ്എഫ്ഐ സമരം

നീതിക്കായി കണ്ണിചേര്‍ന്ന് ബഹുജനം

സ്വന്തം ലേഖകന്‍Updated: Tuesday Nov 14, 2017

മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുക്കുന്നു

 ബത്തേരി > എസ്എഫ്ഐ സമരത്തിന് ഐക്യദാര്‍ഢ്യവുമായി  സമരസഹായ സമിതി നേതൃത്വത്തില്‍ ബത്തേരിയില്‍ നടന്ന മനുഷ്യച്ചങ്ങല താക്കീതായി മാറി. കോളേജിന് പുറത്ത് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഡോണ്‍ബോസ്കോ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ ജിഷ്ണു വേണുഗോപാലിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തില്‍ കോളേജിന് മുമ്പില്‍ നടക്കുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് തിങ്കളാഴ്ച വൈകിട്ട് നടന്ന പ്രതിഷേധച്ചങ്ങലയില്‍ നൂറുകണക്കിന് ബഹുജനങ്ങള്‍ പങ്കാളികളായി.

ഡോണ്‍ബോസ്കോ കോളേജ് പരിസരത്തെ എസ്എഫ്ഐ സമരപ്പന്തല്‍ മുതല്‍ കോട്ടക്കുന്ന് മൈസൂരു റോഡ് ജങ്ഷന്‍ വരെ നീണ്ട മനുഷ്യച്ചങ്ങലയില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വീട്ടമ്മമാര്‍,  ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വ്യാപാരികള്‍  തുടങ്ങിയവര്‍ക്കൊപ്പം ഡോണ്‍ബോസ്കൊ കോളേജ് വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കളും കണ്ണികളായി. 133 ദിവസം മുമ്പാണ് ജിഷ്ണു വേണുഗോപാലിനെ പ്രിന്‍സിപ്പല്‍ ജോയി ഉള്ളാട്ടില്‍ കോളേജില്‍ നിന്നും പുറത്താക്കിയത്. ജിഷ്ണുവിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നെങ്കിലും മാനേജ്മെന്റ് അധികൃതരും പ്രിന്‍സിപ്പലും  സമരങ്ങളെ അവഗണിക്കുകയും മോശമായി ചിത്രീകരിക്കുകയും  വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ  ഒരു മാസത്തിലേറെ ജയിലില്‍ അടപ്പിക്കുകയുമുണ്ടായി. 
ജിഷ്ണുവിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി കോളേജിന് മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം തിങ്കളാഴ്ച 26 ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി പേരാണ് നിത്യവും സമരപ്പന്തലില്‍ എത്തുന്നത്. സമരം വരും ദിവസങ്ങളില്‍ ശക്തിപ്പെടുത്താനാണ് എസ്എഫ്ഐ തീരുമാനം. വിദ്യാര്‍ഥി സമരത്തെ അപകീര്‍ത്തിപ്പെടുത്താനും തകര്‍ക്കാനുമുള്ള കോളേജ് മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ സമരസഹായ സമിതി ബത്തേരിയില്‍ രൂപം കൊണ്ടിട്ടുണ്ട്. വിദ്യാര്‍ഥി സമരത്തിനോടുള്ള മാനേജ്മെന്റ് നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് ജനങ്ങളിലുള്ളത്. സമരം ഒത്തുതീര്‍ക്കാന്‍ കോളേജ് അധികൃതര്‍ തയാറായില്ലെങ്കില്‍ സമരസഹായ സമിതി സമരം  ഏറ്റെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.  മനുഷ്യച്ചങ്ങലയില്‍ അണിനിരന്ന ബഹുജനങ്ങള്‍ സമരത്തില്‍ പങ്കാളികളാകുമെന്ന് പ്രതിജ്ഞ ചൊല്ലിയാണ് പിരിഞ്ഞത്. 
മനുഷ്യച്ചങ്ങലയ്ക്ക് ശേഷം കോട്ടക്കുന്നില്‍ നടന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ ശശാങ്കന്‍ ഉദ്ഘാടനംചെയ്തു. ചെയര്‍മാന്‍ ബാബു അബ്ദുറഹിമാന്‍ അധ്യക്ഷനായി. ബത്തേരി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍, നഗരസഭാ ചെയര്‍മാന്‍ സി കെ സഹദേവന്‍, ബേബി വര്‍ഗീസ്,  പി ആര്‍ ജയപ്രകാശ്, ടി ബി സുരേഷ്, പി വാസുദേവന്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ്ഷാഫി, സെക്രട്ടറി ജോബിന്‍സണ്‍ ജെയിംസ്, സംസ്ഥാന സെക്രട്ടറിയറ്റംഗം എം എസ് ഫെബിന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ റഷീദ് സ്വാഗതവും കെ കെ കുര്യാക്കോസ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top