Top
20
Wednesday, September 2017
About UsE-Paper

22-ാം പാര്‍ടി കോണ്‍ഗ്രസ് സിപിഐ എം ജില്ലാ സമ്മേളനം കല്‍പ്പറ്റയില്‍

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

കല്‍പ്പറ്റ > സിപിഐ എം ജില്ലാ സമ്മേളനം ഡിസംബര്‍ 26, 27, 28 തിയ്യതികളില്‍ കല്‍പ്പറ്റയില്‍ നടക്കും. 2018 ഏപ്രില്‍ 18മുതല്‍ 22വരെ ഹൈദരാബാദില്‍ ചേരുന്ന 22-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നടക്കുന്ന സമ്മേളനങ്ങള്‍ അവിസ്മരണീയമാക്കാന്‍ പാര്‍ടി പ്രവര്‍ത്തകര്‍ തയ്യാറെടുപ്പ് തുടങ്ങി. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാവും.
വയനാട് ജില്ലയില്‍ ആറ് ഏരിയ കമ്മറ്റികളും 731 ബ്രാഞ്ചുകളും 63 ലോക്കല്‍ കമ്മറ്റികളുമാണുള്ളത്. ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ 15ന് തുടങ്ങി നവംബര്‍ നാലിന് സമാപിക്കും. ഏരിയ സമ്മേളനങ്ങള്‍ നവംബര്‍ 15മുതല്‍ 30വരെ നടക്കും.കല്‍പ്പറ്റ ഏരിയാ സമ്മേളനം നവംബര്‍ 11, 12 തിയ്യതികളില്‍ കോട്ടത്തറയിലും വൈത്തിരി ഏരിയാ സമ്മേളനം നവംബര്‍ 19,20 തിയ്യതികളില്‍ തരിയോടും നടത്തും. ബത്തേരി ഏരിയാ സമ്മേളനം  നവംബര്‍ 26, 27ന്  അമ്പലവയലിലും പുല്‍പ്പള്ളി ഏരിയാ സമ്മേളനം ഡിസംബര്‍ 10, 11 തിയ്യതികളില്‍ കേണിച്ചിറയിലും മാനന്തവാടി ഏരിയാ സമ്മേളനം ഡിസംബര്‍ 3, 4 തിയ്യതികളില്‍  കാട്ടിക്കുളത്തും പനമരം ഏരിയ സമ്മേളനം  ഡിസംബര്‍ 8, 9ന് വെള്ളമുണ്ടയിലുമാണ്.
2015 ഡിസംബര്‍ 31, ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ മാനന്തവാടിയിലായിരുന്നു കഴിഞ്ഞ ജില്ല സമ്മേളനം നടന്നത്.  ആ സമ്മേളന കാലയളവില്‍ 675 ബ്രാഞ്ചുകളും 57 ലോക്കല്‍ കമ്മറ്റികളും  ആറ് ഏരിയ കമ്മറ്റികളുമാണ് ഉണ്ടായിരുന്നത്. ജില്ല സമ്മേളനത്തിന് കല്‍പ്പറ്റ വേദിയാകുമ്പോള്‍   അംഗസംഖ്യ 8894 ല്‍നിന്ന്  10044 ആയി വര്‍ധിച്ചു.
നാടിന്റെ വികസന പ്രശ്നങ്ങള്‍ മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും വര്‍ഗീയതയും ദേശീയ അന്തരാഷ്ട്ര സ്ഥിതിഗതികള്‍വരെ ചര്‍ച്ചകളാണ് ബ്രാഞ്ച് തലം മുതല്‍  സമ്മേളനങ്ങളില്‍ ഉയരുക. കഴിഞ്ഞ സമ്മേളനത്തിന് ശേഷം ജില്ലയില്‍ പാര്‍ടിക്കുണ്ടായ വളര്‍ച്ചയും വീഴ്ചയും സമ്മേളനങ്ങള്‍ ചര്‍ച്ച ചെയ്യും.  വര്‍ഷങ്ങളായി ജില്ലയില്‍ നിലനിന്നിരുന്ന യുഡിഎഫ് കുത്തക തകര്‍ത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് വന്‍മുന്നേറ്റമാണ് നടത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതികളും ജില്ലയോട് പുലര്‍ത്തുന്ന അവഗണനയും തുറന്ന് കാണിക്കുന്ന പ്രക്ഷോഭപരിപാടികളാണ് സിപിഐഎമ്മിന്റെ ജില്ലയിലെ മുന്നേറ്റത്തിന്  ആക്കം വര്‍ധിപ്പിച്ചത്. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് നടത്തിയ പ്രക്ഷോഭങ്ങളാണ് ജില്ലയിലെ ഏറ്റവും കരുത്തുറ്റ സംഘടനയായി സിപിഐ എമ്മിനെ മാറ്റിയത്. തോട്ടം, ആദിവാസി കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിയ നടത്തിയ സമരങ്ങള്‍  ജനകീയ അടിത്തറ ശക്തമാക്കി.   ഈ പ്രക്ഷോഭങ്ങളുടെകൂടി ഫലമായാണ് തെരഞ്ഞെടുപ്പില്‍ പാര്‍ടി ശക്തമായ മുന്നേറ്റം നടത്തിയത്.
പിണറായി സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വയനാടിന്റെ വികസന മുരടിപ്പ് മാറ്റി തുടങ്ങിയിട്ടുണ്ട്. ക്ഷേമ പെന്‍ഷനുകളുടെ വിതരണവും ആദിവാസി മേഖലയിലെ വികസനപ്രവര്‍ത്തനങ്ങളുമെല്ലാം ജില്ലയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്നുണ്ട്. നവകേരളമിഷന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വിജയിപ്പിക്കുന്നതിനും ഹരിതകേരളം മിഷനില്‍ പങ്കാളികളാകുന്നത് സംബന്ധിച്ചും  സമ്മേളനങ്ങള്‍ ചര്‍ച്ച ചെയ്യും. ജില്ലയിലെ  വരള്‍ച്ചയും മഴക്കുറവ് കൊണ്ടുള്ള പ്രത്യാഘാതങ്ങളും ഗുരുതരമാണ്. ഇവ നേരിടാന്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന വിവിധ മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്താനുള്ള തീരുമാനങ്ങളും സമ്മേളനങ്ങളില്‍ ഉണ്ടാകും.

Related News

കൂടുതൽ വാർത്തകൾ »