18 June Monday

വളർത്താനകളെത്തുന്നു: താപ്പാന പരിശീലനത്തിന്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018
ബത്തേരി
കേരള വനം വകുപ്പിന്റെ മൂന്ന് വളർത്താനകൾ താപ്പാന പരിശീലനത്തിനായി വ്യാഴാഴ്ച തമിഴ്നാട്ടിലെ മുതുമലയിലെത്തും. കോടനാട് ആനവളർത്തു കേന്ദ്രത്തിലെ നീലകണ്ഠൻ, കോന്നി ആനവളർത്തു കേന്ദ്രത്തിലെ സുരേന്ദ്രൻ, മുത്തങ്ങ ആനവളർത്തു കേന്ദ്രത്തിലെ സൂര്യ എന്നീ കൊമ്പൻമാരെയാണ് സംസ്ഥാന വനംവകുപ്പിന്റെ തീരുമാന പ്രകാരം മുതുമല തൊപ്പക്കാട് ആനവളർത്തു കേന്ദ്രത്തിലെ പരിശീലനത്തിന് അയക്കുന്നത്. മുപ്പതിനടുത്ത് പ്രായം വരുന്ന ആനകൾക്ക് നാട്ടിലിറങ്ങി നാശം വിതയ്ക്കുന്ന കാട്ടാനകളെ തുരത്തുന്നതടക്കമുള്ള പരിശീലനമാണ് നൽകുക. സംസ്ഥാന വനം വകുപ്പിന് പരിശീലനം സിദ്ധിച്ച സമർഥരായ താപ്പാനകൾ കുറവായത് നാട്ടിലിറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാട്ടാനകളെ തുരത്തുന്നതിന് തടസമായിരുന്നു. ഇതിന് പരിഹാരമായാണ് മൂന്ന് വളർത്താനകൾക്ക് താപ്പാന പരശീലനം നൽകുന്നത്. നീലകണ്ഠനെയും സുരേന്ദ്രനെയും പരിശീലനത്തിന് മതുമലയിലേക്ക് കൊണ്ടു പോകുന്നതിനെതിരെ കോടനാട്ടും കോന്നിയിലും പ്രദേശികമായ പ്രതിഷേധം ഉയർന്നിരുന്നു. വനം മന്ത്രി കെ രാജുവിന്റെ ഇടപെടലിലാണ് ആനകളെ പരിശീലനത്തിന് അയക്കാനുള്ള തീരുമാനം ഉണ്ടായത്. വനംവകുപ്പ് സീനിയർ വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വയനാട് ആർആർടി സ്ക്വാഡിലെ ഇരുപതോളം പേരാണ് രണ്ട് ആനകളെയും ലോറികളിലായി ചൊവ്വാഴ്ച മുത്തങ്ങയിൽ എത്തിച്ചത്. നീലകണ്ഠനെ പകൽ ഒന്നോടെയും സുരേന്ദ്രനെ രാത്രി ഒമ്പതോടെയുമാണ് എത്തിച്ചത്. പന്തിയിലെ വിശ്രമത്തിന് ശേഷമാണ് ആനകളെ മുതുമലയിലേക്ക് കൊണ്ടുപോവുക.
 
പ്രധാന വാർത്തകൾ
Top