14 November Wednesday

റോഡുകൾ വെള്ളത്തിനടിയിൽ ദുരിതത്തിൽ മുങ്ങി മാനന്തവാടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

പാൽച്ചുരത്തുണ്ടായ മണ്ണിടിച്ചിൽ

മാനന്തവാടി
കാലവർഷ ദുരിതത്തിൽ മുങ്ങി മാനന്തവാടി. താലൂക്കിൽ കാലവർഷക്കെടുതികൾ വർധിച്ചു. രണ്ട് ദിവസമായി താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്.  പതിനൊന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളായി പ്രവർത്തിക്കുന്നത്.  ഇരുനൂറോളം കുടംബങ്ങളിലെ എഴുന്നൂറിലധികംപേർ ഈ ക്യാമ്പുകളിലായുണ്ട്.
റോഡുകളിൽ വെള്ളം കയറി ഗതാഗതം പൂർണമായും മുടങ്ങി.  മാനന്തവാടി‐വള്ളിയൂർക്കാവ്, മാനന്തവാടി‐ചൂട്ടക്കടവ്, മാനന്തവാടി‐പാണ്ടിക്കടവ്‐അഗ്രഹാരം, പേര്യ‐വട്ടോളി തുടങ്ങിയ റോഡുകളിലാണ് വെള്ളം കയറിയത്. വള്ളിയൂർക്കാവ് റോഡിൽ പലയിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ആറാട്ടുതറയിൽ റോഡ് വെള്ളത്തിനടിയിലായതോടെ ബസ് സർവീസ് ഉൾപ്പെടെ നിലച്ചു. മാനന്തവാടി തലശ്ശേരി റോഡിൽ പേര്യ നാൽപ്പത്തി ഒന്നാം മൈലിൽ റോഡ് ഇടിഞ്ഞുതാഴ്ന്നു. പൊതുമരാമത്ത് വകുപ്പ് താൽകാലികമായി റോഡ് നന്നാക്കിയുണ്ടെങ്കിലും ചരക്ക് ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. റോഡ് താഴുന്നതിനാൽ ഗതാഗത തടസ്സവും ഉണ്ടായി. തിരുനെല്ലി റോഡിൽ ചൊവ്വാഴ്ച രാത്രി മണ്ണിടിഞ്ഞ് ബുധനാഴ്ച ഉച്ചവരെ ഗതാഗതം മുടങ്ങി. തിരുനെല്ലി ക്ഷേത്രം റോഡിൽ കെടിഡിസിക്ക് സമീപമാണ് മണ്ണിടിഞ്ഞത്.  മണ്ണ് നീക്കി ബുധനാഴ്ച ഉച്ചേ്യാടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
തിരുനെല്ലി ഊരുകൂട്ടം ഭവൻ, ആറാട്ടുതറ ജിഎച്ച്എസ്എസ്, മാനന്തവാടി ജിവിഎച്ച്എസ്എസ്, വള്ളിയൂർക്കാവ് എൽപിഎസ്, വിളമ്പുകണ്ടം ജിഎൽപിഎസ്, പാലിയണ ജിഎൽപിഎസ്,   ഇല്ലത്തുവയൽ, ലിറ്റിൽ ഫ്ളവർ സൺഡേ സ്കൂൾ കമ്മന,  വാളാട് കബനി ആർട്സ് ആൻഡ് സ്പോർട് ക്ലബ് എന്നിവിടങ്ങളിലാണ് താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.  ക്യാമ്പുകളിൽ ആവശ്യമായ സൗകര്യങ്ങഴൊരുക്കുകയും ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ എത്തിച്ചിട്ടുമുണ്ട്.
 

 

പ്രധാന വാർത്തകൾ
Top