19 January Saturday

അലോക‌് വർമയെ പുറത്താക്കിയത‌് മുഖം പിച്ചിച്ചീന്തുമെന്ന‌് ഉറപ്പായതിനാൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

 കൽപ്പറ്റ

മുഖം പിച്ചിച്ചീന്തുമെന്ന‌് ഉറപ്പായതിനാലാണ‌് പ്രധാനമന്ത്രി നരേന്ദ്രമോഡി സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും അലോക‌് വർമയെ പുറത്താക്കിയതെന്ന‌് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ‌. പി സതീദേവി പറഞ്ഞു. മഹിളാ അസോസിയേഷൻ കൽപ്പറ്റ ഏരിയാ സമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അവർ. സുപ്രീംകോടതി ഉത്തരവ‌് പ്രകാരം സിബിഐ ഡയറക്ടർ സ്ഥാനത്ത‌് തിരിച്ചെത്തിയ അലോക‌് വർമ മണിക്കൂറുകൾക്കകം മാറ്റിയത‌് റാഫേൽ അന്വേഷണം ഭയന്നാണ‌്. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം തങ്ങളുടെ വരുതിയിലാക്കാൻ നികൃഷ‌്ടമായ നിലപാടുകളാണ‌് കേന്ദ്രം സ്വീകരിക്കുന്നത‌്. ബിജെപിക്ക‌് ഇനി ഇന്ത്യൻ ഭരണത്തിൽ സ്ഥാനമില്ലെന്നാണ‌് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകൾ തെളിയിച്ചത‌്. 
ദൈവത്തെ പരിചയാക്കി കേരളത്തെ കലാപഭൂമിയാക്കാനാണ‌് ആർഎസ‌്എസും ബിജെപിയും ശ്രമിച്ചത‌്. പ്രളയം  കഴിഞ്ഞ‌് അതിജീവനത്തിന്റെ പാതയിലേക്ക‌് നാടിനെ എങ്ങനെ നയിക്കാമെന്ന‌് ചിന്തിക്കുമ്പോഴാണ‌് വർഗീയ അജൻഡയുമായി ബിജെപി ഇറങ്ങിതിരിച്ചത‌്. ഇവരുടെ പ്രചാരണങ്ങളിലൊന്നും വീണുപോകുന്നവരല്ല കേരളീയർ. ആണിനെപോലെ പെണ്ണിനും അന്തസോടെ ജീവിക്കാൻ കഴിയുന്ന ജനകീയ മുന്നേറ്റം ഇവിടെ രൂപപ്പെട്ടു. അതായിരുന്നു വനിതാമതിൽ. നൂറ്റാണ്ടുകൾക്ക‌് പിന്നിലേക്ക‌് കേരളത്തെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന‌് വനിതാ മതിൽ  പ്രഖ്യാപിച്ചു. നേദിച്ചുകൊണ്ടുപോയ തേങ്ങകൊണ്ട‌് അമ്മയെ കൊല്ലാൻ ആക്രോശിക്കുന്ന ക്രിമിനൽ കൂട്ടമാണ‌് ശബരിമലയെ കലുഷിതമാക്കിയത‌്.  ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ നേടിയെടുത്തുവേണം സ‌്ത്രീകൾ മുന്നോട്ട‌് പോകാൻ. അല്ലാതെ തുല്യത തങ്ങൾക്ക‌് വേണ്ടായെന്ന‌് പറഞ്ഞ‌് നാമജപം നടത്തുകയല്ല വേണ്ടതെന്നും അവർ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top