21 November Wednesday

ബത്തേരി കാര്‍ഷിക ബാങ്കിന്റെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിര്‍ണയിക്കാന്‍ ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018
കൽപ്പറ്റ
ബത്തേരി പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിന്റെ സ്റ്റാഫ് പാറ്റേൺ പുതുക്കി നിർണയിക്കാൻ സർക്കാർ ഉത്തരവ്. അനുവദിക്കാവുന്നതിലുമധികം ജീവനക്കാരെ നിയമിച്ച നടപടിയാണ‌് ഇതോടെ ഇല്ലാതാവുന്നത‌്.  ക്ലാസിഫിക്കേഷൻ നടത്താതെയും  സ്ഥാപനത്തിന്റെ സാമ്പത്തികശേഷി പരിഗണിക്കാതെയും  കോൺഗ്രസ‌് ഭരണകാലത്ത‌് ചട്ടങ്ങൾക്കും  മാനദണ്ഡങ്ങൾക്കും വിരുദ്ധമായി ബാങ്കിൽ 29 തസ്തികകൾ അംഗീകരിച്ച സഹകരണ ഉദ്യോഗസ്ഥന്റെ നടപടികൾ പുനഃപരിശോധിക്കാൻ സർക്കാർ അനുവാദം നൽകി.  രജിസ്ട്രാർ, ജോയിന്റ് രജിസ്ട്രാർ തലത്തിൽ ഓഡിറ്റ് റിപ്പോർട്ട‌് പരിശോധിച്ച് ബാങ്കിനെ റീക്ലാസിഫൈ ചെയ്തശേഷം സ്റ്റാഫ് പാറ്റേൺ പുതുക്കണമെന്ന‌്  ഉത്തരവിൽ പറയുന്നു. 
 ബാങ്കിന്റെ പ്രവർത്തനം അതിന്റെ രൂപീകരണത്തിനായുള്ള ഓർഡിനൻസിലെയും സ്കീമിലെയും വ്യവസ്ഥകൾക്കു വിരുദ്ധമായാണെന്നു പരാതി ഉയർന്നിരുന്നു. വയനാട് പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക് വിഭജിച്ച് 2011ൽ രൂപീകരിച്ചതാണ് ബത്തേരി  പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക്. കോൺഗ്രസ് നിയന്ത്രണത്തിലായിരുന്ന ബാങ്ക് കഴിഞ്ഞ ഒന്നര വർഷമായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രവർത്തന പരിധിയിൽനിന്നു ബത്തേരി താലൂക്കിനെ ഒഴിവാക്കി ബത്തേരി ആസ്ഥാനമായി പുതിയ ബാങ്ക് രൂപീകരിക്കുന്നതിനു സ്കീം അംഗീകരിച്ച് ഉത്തരവിട്ടത‌് അന്നത്തെ ജോയിന്റ് രജിസ്ട്രാറാണ്. ഈ സ്കീം പ്രകാരം നാല് തസ്തികകളാണ് ബത്തേരി ബാങ്കിലേക്കു മാറ്റിയത്. 
സഹകരണ ചട്ടങ്ങളനുസരിച്ച് ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ബാങ്ക് ക്ലാസിഫിക്കേഷൻ നടത്തേണ്ടത്. 
 കോൺഗ്രസ‌്  ഭരണത്തിലാണ‌് അനധികൃതമായി ചട്ടങ്ങൾ ലംഘിച്ച‌് നിയമനം നടന്നത‌്.  ബാങ്കിന്റെ ശരിയായ  പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പുതന്നെ, 2013 ജൂൺ 18നു 22 തസ്തികകൾ ഉൾപ്പെടുന്ന സ്റ്റാഫ് പാറ്റേൺ അംഗീകരിച്ച് ജോയിന്റ് രജിസ്ട്രാർ ഉത്തരവായി.   2014 മാർച്ച് 29ന് പുതിയ ഏഴ് എണ്ണംകൂടി ചേർത്ത് 29 തസ്തികകളാക്കി സ്റ്റാഫ് പാറ്റേൺ പുതുക്കി. സഹകരണ ചട്ടം 182 അനുബന്ധം മൂന്ന് സി പ്രകാരം ക്ലാസ് വൺ വിഭാഗത്തിൽപ്പെട്ട പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കിൽ 11 തസ്തികകളാണ് അനുവദനീയം. എന്നിരിക്കെയാണ് ബത്തേരി ബാങ്കിൽ 29 തസ്തികകൾ അനുവദിച്ചത്. 
കേരള സഹകരണ നിയമപ്രകാരം എല്ലാ സംഘങ്ങൾക്കും ചട്ടം 182ലെ അനുബന്ധം മൂന്നു പ്രകാരമുള്ള തരംതിരിവനുസരിച്ചാണ് സ്റ്റാഫ് പാറ്റേൺ നടപ്പിലാക്കേണ്ടത്. പുതിയ ബാങ്കിന്റെ പ്രവർത്തനം അതിന്റെ രൂപീകരണത്തിനായുള്ള ഓർഡിനൻസിലെയും സ്കീമിലെയും വ്യവസ്ഥകൾക്കു വിരുദ്ധമായാണെന്ന   പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് വിഭാഗവും സഹകരണ രജിസ്ട്രാറും വെവ്വേറെ നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തുകയുണ്ടായി. സഹകരണ നിയമത്തിലെ വകുപ്പുകൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായും സഹകരണ രജിസ്ട്രാറുടെ സർക്കുലറിലെ നിർദേശങ്ങൾ പാലിക്കാതെയും ഗുരുതരമായ കൃത്യവിലോപം നടത്തിയതുമൂലം സർക്കാരിനു കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായതായും അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top