10 December Monday

കുട്ടികള്‍ക്കെതിരായ അതിക്രമം സമൂഹം ജാഗ്രത പുലര്‍ത്തണം

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

 

കല്‍പ്പറ്റ > ജില്ലയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മാതാപിതാക്കളും സമൂഹവും മാധ്യമങ്ങളും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്  ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ബത്തേരിയില്‍ നടത്തിയ സെമിനാര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഒരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം പന്ത്രണ്ടോളം പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.  സംസ്ഥാനത്ത്  ഏറ്റവും കുറവ് പോക്സോ കേസുകളാണ് കഴിഞ്ഞ വര്‍ഷം വരെ ജില്ലയിലുണ്ടായിരുന്നതെങ്കിലും ഇപ്പോഴുള്ള സ്ഥിതി ആശങ്കാജനകമാണ്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍, ബാലവിവാഹം തുടങ്ങിയവ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലായിരുന്നു മുമ്പ് കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ മറ്റു വിഭാഗങ്ങളിലും ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാറിയ സമൂഹത്തില്‍ കുട്ടികള്‍ ഉള്‍പ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ജാഗ്രതയോടെയാവണം. 
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും മാധ്യമ ജാഗ്രതയും എന്ന വിഷയത്തില്‍ ജില്ലാ പ്രോബേഷന്‍ ഓഫീസര്‍ അഷ്റഫ് കാവില്‍ ക്ളാസ്സെടുത്തു.  കുട്ടികള്‍ക്കായുളള കരുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ എന്ന വിഷയത്തില്‍ കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം ക്ളാസെടുത്തു. ജാഗ്രത റിപ്പോര്‍ട്ടിങ്, എഡിറ്റിങ്ങ്, ലേഔട്ട് എന്ന വിഷയത്തില്‍ വയനാട് പ്രസ് ക്ളബ് സെക്രട്ടറി പി ഒ ഷീജയും കുട്ടികളുമായി ബന്ധപ്പെട്ട ശരണബാല്യം പദ്ധതിയെക്കുറിച്ച് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി എം അസ്മിതയും വിശദീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ പി അബ്ദുള്‍ ഖാദര്‍ മോഡറേറ്ററായി. അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ പി ജിനീഷ്, ബത്തേരി പ്രസ്സ് ക്ളബ്ബ് പ്രസിഡന്റ് എന്‍ എ സതീഷ് എന്നിവര്‍ സംസാരിച്ചു. 
 
 

 

പ്രധാന വാർത്തകൾ
Top