21 November Wednesday

സഹകരണ ബാങ്കുകൾ നിയമനടപടിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018
കൽപ്പറ്റ
നിക്ഷേപത്തേക്കാൾ പതിന്മടങ്ങ് തുക പിഴയായി ഈടാക്കാനുള്ള ആദായനികുതി വകുപ്പ് തീരുമാനത്തിനെതിരെ ബാങ്കുകൾ നിയമനടപടിക്ക്. പിഴ ഈടാക്കുന്നത് ചോദ്യം ചെയ്ത്  ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യാൻ  നോട്ടീസ് ലഭിച്ച ജില്ലയിലെ ഏഴ് സഹകരണബാങ്കുകൾ തീരുമാനിച്ചു. തിങ്കളാഴ്ച കൽപ്പറ്റ സർവീസ് സഹകരണബാങ്കിൽ ചേർന്ന യോഗത്തിലാണ് ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാൻ ബാങ്കുകൾ തീരുമാനിച്ചത്.  
ഇരുപതിനായിരം രൂപയിൽ കൂടുതൽ പണമിടപാട് നിരോധിച്ച നിയമഭേദഗതി മറവിലാണ് സാധാരണക്കാരുടെയും കർഷകരുടേയും ഏക ആശ്രയമായ സഹകരണബാങ്കുകളെ തകർക്കാൻ ആദായനികുതി വകുപ്പിന്റെ തീരുമാനം. കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധനയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സഹകരണബാങ്കുകൾക്കെതിരെയുള്ള ഈ നടപടി. കാർഷിക ജില്ലയായ വയനാട്ടിൽ ഏറ്റവും കൂടുതൽ കർഷകർ വായ്പ എടുത്തത് സഹകരണബാങ്കുകളിൽനിന്നാണ്. കാർഷിക മേഖലയിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്ക് നിദാനമായത് പ്രാഥമിക കാർഷിക സഹകരണസംഘങ്ങളാണ്. ഇവ ബാങ്കുകളായി തന്നെയാണ് കേരളത്തിൽ ഇക്കാലമത്രയും പ്രവർത്തിച്ച് വരുന്നത്. സഹകരണബാങ്കുകളെ തകർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്. നോട്ട് നിരോധനിച്ചപ്പോഴും സഹകരണബാങ്കുകളെ തള്ളുന്ന നയമായിരുന്നു കേന്ദ്രസർക്കാരിന്റേത്. സംസ്ഥാന സർക്കാരിന്റെ ഫലപ്രദമായ ചെറുത്ത് നിൽപ്പാണ് അന്ന് സഹകരണബാങ്കുകൾക്ക് തുണയായത്.
ആദായനികുതി വകുപ്പ് നിയമത്തിലെ 269ടി, 269 എസ്എസ്് വകുപ്പുകളുടെ മറ പിടിച്ചാണ്  നഷ്ടത്തിലോടുന്ന സഹകരണബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് മേൽ കോടികൾ പിഴ ചുമത്തിയത്. നിലവിൽ ജില്ലയിൽ ഏഴ് ബാങ്കുകൾക്കെതിരെയാണ് നോട്ടീസ് നൽകിയത്. എന്നാൽ മറ്റ് ബാങ്കുകൾക്ക് കൂടി ഉടൻ നോട്ടീസ് അയക്കുന്നതോടെ സഹകരണമേഖല വൻ പ്രതിസന്ധിയിലാകും. ഇരുപതിനായിരം രൂപയിൽ കൂടുതൽ പണമിടപാട് പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന ആദായനികുതി വകുപ്പ് നിയമ ഭേദഗതിയിൽ ബാങ്കുകൾക്ക് പുറമേ സർക്കാരുകൾ രൂപീകരിക്കുന്ന കോർപറേഷനുകളെ ഒഴിവാക്കിയിട്ടുണ്ട്. ഈ  ക്ലോസ് ചൂണ്ടിക്കാട്ടിയാണ് ബാങ്കുകൾ കോടതിയെ സമീപിക്കുക.  എത്ര രൂപയുടെ ഇടപാട് നടത്തിയോ അത്രയും തുക പിഴയായി ഒടുക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇപ്പോൾ ഏഴ് ബാങ്കുകൾക്ക് നോട്ടീസ് ലഭിച്ചത് ഒരു വർഷത്തെ പിഴ അടക്കാനാണ്. അത് തന്നെ നിക്ഷേപത്തിന്റെ ഇരട്ടിയിലധികം വരുന്നുണ്ട്. വരുംവർഷങ്ങളിലെ തുക കുടി അടക്കാൻ നോട്ടീസ് ലഭിക്കുന്നതോടെ സഹകരണബാങ്കുകൾ പൂട്ടേണ്ടി വരുമെന്നാണ് ബാങ്കുകളുടെ ആശങ്ക.
സംസ്ഥാനത്തെ സാധാരണക്കാരുടേയും കർഷകരുടേയും പ്രധാന ഇടപാട് കേന്ദ്രമെന്ന നിലയിൽ ആദായനികുതി വകുപ്പ് ഭേദഗതിയിൽനിന്നും സംസ്ഥാനത്തെ സഹകരണബാങ്കുകളെ ഒഴിവാക്കാൻ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ തുടക്കം മുതൽ തന്നെ സഹകരണമേഖലയുടെ കഴുത്ത് ഞെരിക്കാനുള്ള കേന്ദ്രസർക്കാർ നിലപാടും സംസ്ഥാനത്തോടും കർഷകരോടുമുള്ള വിരുദ്ധ മനോഭാവവുമാണ് പ്രശ്നം സങ്കീർണമാക്കുന്നത്.
21 കോടി രൂപ മാത്രം നിക്ഷേപമുള്ള മീനങ്ങാടി സർവീസ് സഹകരണബാങ്കിന് 50 കോടി രൂപ പിഴ അടക്കാനാണ്  നിർദേശം.113 കോടി മാത്രം നിക്ഷേപമുള്ള ബത്തേരി സഹകരണബാങ്ക് 218 കോടിയും ഏഴ് കോടി രൂപ മാത്രം നിക്ഷേപമുള്ള കണിയാമ്പറ്റ സഹകരണബാങ്ക് 21.44 ലക്ഷവും 40 ലക്ഷം രൂപ മാത്രം നിക്ഷേപമുള്ള പൂതാടി ബാങ്ക് 78 കോടിയും പിഴ അടക്കണം. 23 കോടി രൂപ നിക്ഷേപമുള്ള കൽപ്പറ്റ സഹകരണ ബാങ്കിന് 66 കോടി രൂപയും 51 കോടി നിക്ഷേപമുള്ള മടക്കിമല ബാങ്കിന് 64 കോടി രൂപയും പിഴ അടക്കാനുണ്ട്. ഇത് 2014‐15 വർഷത്തെ മാത്രം പിഴയാണ്. അടുത്ത രണ്ട് വർഷത്തെ പിഴ കൂടിയാകുമ്പോൾ ഈ ബാങ്കുകൾ പൂർണമായും പൂട്ടേണ്ടി വരും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top