Top
17
Sunday, December 2017
About UsE-Paper
കൃഷ്ണഗിരി വീണ്ടും ആവേശത്തിലേക്ക്

സി കെ നായിഡു ട്രോഫി: കേരള-ഗുജറാത്ത് മത്സരം നാളെ

Saturday Oct 7, 2017
വികാസ് കാളിയത്ത്
ഗുജറാത്ത് ടീം കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പരിശീലനത്തില്‍

കൃഷ്ണഗിരി > വയനാടന്‍ മലനിരകളെ ഒരിക്കല്‍കൂടി ക്രിക്കറ്റ്  ആരവത്തിലേക്ക് ഉണര്‍ത്തി  കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ സി കെ നായിഡു  ട്രോഫി അണ്ടര്‍ 23 ചതുര്‍ദിന ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാവും.  അന്താരാഷ്ട്ര ക്രിക്കറ്റ് ഭൂപടത്തില്‍ ഇതിനകംതന്നെ ഇടം കണ്ടെത്തിയ സ്റ്റേഡിയം ഒരു വര്‍ഷത്തെ ഇടവേളക്ക്ശേഷമാണ് വീണ്ടും സുപ്രധാന മത്സരത്തിന് വേദിയാവുന്നത്. നായിഡു ട്രോഫിക്ക്വേണ്ടിയുള്ള പ്രാഥമികഘട്ടത്തിലെ മൂന്നുമത്സരങ്ങളാണ് വരുന്ന ഒരുമാസക്കാലയളവില്‍ കൃഷ്ണഗിരിയില്‍ അരങ്ങേറുന്നത്. കേരളത്തിന് പുറമെ ഗുജറാത്ത്, മുംബൈ, തമിഴ്നാട് എന്നീ ടീമുകളാണ് കൃഷ്ഗിരിയില്‍ എത്തുന്നത്. രഞ്ജി, ഇന്ത്യന്‍ അണ്ടര്‍-19 താരങ്ങളടക്കമുള്ളവര്‍ വരും ദിവസങ്ങളില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും ക്രിക്കറ്റ് ആരാധകര്‍ക്ക് വിരുന്നൊരുക്കും. 
എട്ട് മുതല്‍ 11വരെ നടക്കുന്ന ആദ്യമത്സരത്തില്‍ കേരളം ഗുജറാത്തിനെയാണ്  നേരിടുന്നത്. കേരള ടീമിന്റെ ക്യാമ്പ് കഴിഞ്ഞ രണ്ടാഴ്ചയായി കൃഷ്ണഗിരിയില്‍ നടന്നു.  ഇരുടീമുകളും വെള്ളിയാഴ്ച സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തി. രാവിലെ ഗുജറാത്ത് ടീം നെറ്റ്സിലും തുടര്‍ന്ന് സ്റ്റേഡിയത്തിലും കഠിന പരിശീലനം നടത്തി. രാവിലെ സ്റ്റേഡിയത്തിലെ ജിംനേഷ്യത്തില്‍ പരിശീലനം നടത്തിയ കേരളടീം ഉച്ചകഴിഞ്ഞ് സ്റ്റേഡിയത്തില്‍ തീവ്രപരിശീലനത്തില്‍ ഏര്‍പ്പെട്ടു. രഞ്ജിതാരം കൂടിയായ ഫാബിദ് ഫാറുഖിന്റെ നായകത്വത്തിലാണ് കേരള ടീം  ഇറങ്ങുന്നത്. മറ്റൊരു രജ്ഞിതാരം സല്‍മാന്‍ നിസാര്‍, അണ്ടര്‍-19 മത്സരത്തില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ ഡാരില്‍ ഫെറാറോ, റോഹന്‍ കുന്നുമ്മല്‍, സിജോമോന്‍ ജോസഫ് എന്നിവരും കേരളടീമിലുണ്ട്. അതിഫ് ബിന്‍ അഷ്റഫും മുഹമ്മദ് ഫാനൂസും കെ സി അക്ഷയും അടങ്ങുന്ന ബൌളിങ് നിരയും കേരളത്തിന് പ്രതീക്ഷ പകരുന്നു. തികച്ചും സന്തുലിതമായ ടീമാണ് കേരളത്തിന്റേതെന്നും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും കേരള ടീം മാനേജര്‍ യു മനോജ് പറഞ്ഞു. എം രാജഗോപാലും റാം പ്രകാശുമാണ് കേരളത്തിന്റെ പരിശീലകര്‍.
റക്സ്ലീ ടെയ്ലറുടെ നായകത്വത്തില്‍ ഇറങ്ങുന്ന ഗുജറാത്ത്ടീമും പ്രാഥമികമത്സരത്തില്‍ മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കളത്തിലിറങ്ങുന്നത്. അണ്ടര്‍-19 മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഷിതു പട്ടേല്‍, ദേശീയശ്രദ്ധയാകര്‍ഷിച്ച താരങ്ങളായ കഥന്‍ പട്ടേല്‍, രാഹുല്‍ഷാ എന്നിവരും ഗുജറാത്തിനായി കളത്തിലിറങ്ങുന്നുണ്ട്.  ജയേന്ദ്ര സൈഗാള്‍, ധിരന ഗജീര്‍ എന്നിവരുടെ കീഴിലാണ് പരിശിലനം.
ജില്ലയിലെ മികച്ച കാലാവസ്ഥയിലും പ്രകൃതി രമണീയതയിലും കളിക്കാര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.  26ന് കേരളം  മുംബൈയേയും നവംബര്‍ 11ന് തമിഴ്നാടിനെയും നേരിടും. ഇതിനിടയില്‍ 15ന് ഹരിയാനയില്‍ നടക്കുന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കേരളം ഹരിയാനയെ നേരിടും.  രണ്ട് വര്‍ഷം മുമ്പ് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'എ' ടീമുകളുടെ ആദ്യ ചതുര്‍ദിന മത്സരത്തിന് വേദിയായ കൃഷ്ണഗിരിയില്‍ പിന്നീട് അഞ്ച് രഞ്ജിമത്സരങ്ങളും അരങ്ങേറിയിരുന്നു.
പൂര്‍ണമായും പച്ചപുതക്കുന്ന സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് സ്റേറഡിയങ്ങളിലേതിന് സമാനമായ രീതിയില്‍ പച്ചപുല്‍തകിടിയില്‍ ഇരുന്ന് കളികാണാനുള്ള  സൌകര്യം എടുത്തുപറയേണ്ട  പ്രത്യേകതയാണ്.  ആധുനിക സൌകര്യങ്ങളുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം, രാജ്യാന്തര നിലവാരത്തിലുള്ള ജിംന്യേഷ്യം, ഡ്രസ്സിങ് റൂം എന്നിവയും സ്റ്റേഡിയത്തിന് ദേശീയപ്രധാന്യം കൈവരുത്തി.