15 November Thursday

അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ സിപിഐ എം അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

 

മാനന്തവാടി
സിപിഐ എം നേതൃത്വത്തിൽ തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ആദിവാസി സ്ത്രീക്ക് മതിയായ നഷ്ടപരിഹാരം നൽകുക, പ്രദേശവാസികൾക്കെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ കള്ളക്കേസുകൾ പിൻവലിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം തിരുനെല്ലി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.
മാസങ്ങൾക്ക് മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അപ്പപ്പാറ പാർസി കോളനിയിലെ ലീലക്ക് നാമമാത്രമായ തുകയാണ് വനംവകുപ്പ് അനുവദിച്ചത്. വാരിയെല്ലുകൾ തകർന്ന ലീല പൂർണമായും കിടപ്പിലാണ്. കൈയുടെ സ്വാധീനം നഷ്ടപ്പെട്ട നിലയിലാണ്.
 ബ്രഹ്മഗിരി ബി എസ്റ്റേറ്റിലെ തൊഴിലാളിയായ ലീല പണി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. ഭർത്താവ് ഉപേക്ഷിച്ച ഇവർ കൂലി പണിയെടുത്താണ് കുടുംബം പുലർത്തിയിരുന്നത്. അഞ്ചിൽ പഠിക്കുന്ന മകനും വൃദ്ധരായ മാതാപിതാക്കളും ഉണ്ട്. ലീല കിടപ്പിലായതോടെ കുടുംബത്തിന്റെ സ്ഥിതി ദയനീയമാണ്.
പുല്ലുമുണ്ട അശോകന്റെ വീടിനകത്ത് കുരങ്ങുകൾ കൂട്ടത്തോടെ കടന്ന് നാശനഷ്ടം വരുത്തിയതിനെതിരെ പ്രതികരിച്ചവർക്കെതിരെയാണ് ഉദ്യോഗസ്ഥർ പൊലീസിൽ കള്ളക്കേസ് നൽകിയത്. ഈ കേസ് പിൻവലിക്കണം. വന്യമൃഗശല്യം പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ അലംഭാവം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാർസി കോളനിയിലെ ലീലയും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഓഫീസിന് മുന്നിൽ കട്ടിലിൽ കിടന്നാണ് സമരം ചെയ്യുന്നത്.
സിപിഐ എം തിരുനെല്ലി ലോക്കൽ സെക്രട്ടറി കെ സി മണി സമരം ഉദ്ഘാടനം ചെയ്തു. ഇ ആർ സുഭാഷ് അധ്യക്ഷനായി. ടി കെ സുരേഷ്, കെ ജി ഷൺമുഖൻ, പി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top