15 October Monday

കന്നുകാലി പ്രദര്‍ശനത്തോടെ ക്ഷീര കര്‍ഷക സംഗമം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018


ബത്തേരി > ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന് ബത്തേരിയില്‍ തുടക്കമായി. വെള്ളിയാഴ്ചവരെ നടക്കുന്ന സംഗമത്തിന്റെ ഭാഗമായി ബത്തേരി ക്ഷീരസഹകരണ സംഘത്തിന്റെ ഐസ്ക്രീം പ്ളാന്റ് ഉദ്ഘാടനവും നടക്കും. പരിപാടികള്‍ക്ക് തുടക്കംകുറിച്ച് നഗരസഭാ ഹാളില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ പൌലോസ് പതാക ഉയര്‍ത്തി.
കോളിയാടിയിലെ നെന്മേനി പഞ്ചായത്ത് ഗ്രൌണ്ടില്‍ കന്നുകാലി പ്രദര്‍ശനം നടന്നു. പശുക്കള്‍, കിടാരികള്‍, പശുക്കുട്ടികള്‍, എരുമകള്‍, നാടന്‍ പശുക്കള്‍, വെച്ചൂര്‍ പശുക്കള്‍ ഉള്‍പ്പെടെ നൂറിലേറെ ഉരുക്കളെ പങ്കെടുപ്പിച്ച പ്രദര്‍ശനം നൂറുകണക്കിന് പേരെ ആകര്‍ഷിച്ചു. ഉരുക്കളുടെ രോഗപ്രതിരോധ ക്യാമ്പും നടന്നു. കന്നുകാലി പ്രദര്‍ശനം നെന്മേനി പഞ്ചായത്ത് പ്രസിഡന്റ്  സി ആര്‍ കറപ്പന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ രാമചന്ദ്രന്‍ സംസാരിച്ചു. പ്രദര്‍ശനത്തിലെ റാണിയായി ചുള്ളിയോട് കളരിക്കല്‍ പത്രോസിന്റെ പശുവിനെ തെരഞ്ഞെടുത്തു. കോളിയാടിയിലെ അച്ചാംപറമ്പത്ത് ബിന്ദുവിന്റെയും പൂക്കോട്ടില്‍ ഡേവിഡിന്റെയും കറവപശുക്കള്‍ ഒന്നും രണ്ടും സ്ഥാനം നേടി.
കിടാരികളില്‍ ചുള്ളിയോട് അമ്പലത്തുംകുടി വിനോദിന്റെയും നെന്മേനി കോറുവാടി ജോണിന്റെയും കിടാരികള്‍ക്കാണ് ഒന്നും രണ്ടും സ്ഥാനം. കന്നുകുട്ടി വിഭാഗത്തില്‍ നെന്മേനി ഓമ്പാളമുളക്കല്‍ ശിവരാമന്റെയും കോളിയാടി പള്ളിപ്പുറത്ത് പരമേശ്വരന്റെയും കന്നുകുട്ടികള്‍ക്കാണ് ഒന്നും രണ്ടും സ്ഥാനം. എരുമകളുടെ പ്രദര്‍ശനത്തില്‍ ചുള്ളിയോട് പള്ളിപ്പാട്ട് എല്‍ദോയുടെ എരുമ ഒന്നാം സ്ഥാനം നേടി.
 ക്ഷീരകര്‍ഷകരുടെയും സഹകരണ സംഘം ജീവനക്കാരുടെയും മക്കളായ വിദ്യാര്‍ഥികള്‍ക്കായി മുനിസിപ്പല്‍ ടൌണ്‍ഹാള്‍, മില്‍ക്ക് സൊസൈറ്റി ഹാള്‍ എന്നിവിടങ്ങളില്‍ ചിത്രരചന, പ്രസംഗം, ഡയറിക്വിസ് മത്സരങ്ങളും നടന്നു. ഡയറിക്വിസില്‍ സീതാമൌണ്ട് സംഘം ഒന്നും ബത്തേരി സംഘം രണ്ടും സ്ഥാനം നേടി. ചിത്രരചനയില്‍ എല്‍പി വിഭാഗത്തില്‍ പൂമലയിലെ പ്രണവ് ശ്രീനി ഒന്നും ചീരാലിലെ പി പി കൃഷ്ണശ്രീ രണ്ടും യുപി വിഭാഗത്തില്‍  മാനന്തവാടിയിലെ കെ സി ഷാജു ഒന്നും കാക്കവയലിലെ നന്ദകിഷോര്‍ രണ്ടും ഹൈസ്കൂള്‍ വിഭാഗം ജലഛായത്തില്‍ പൂതാടിയിലെ ലൌജിന്‍ വിനോദ് ഒന്നും മാനന്തവാടിയിലെ ഹരിഹരന്‍, സീതാമൌണ്ടിലെ തോമസ് എന്നിവര്‍ രണ്ടും പെന്‍സില്‍ ഡ്രോയിങില്‍ ബത്തേരിയിലെ സിഹാല്‍ ഒന്നും പാട്ടവയലിലെ സംഗീത് രണ്ടും സ്ഥാനങ്ങള്‍ നേടി.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ജലഛായം മത്സരങ്ങളില്‍ മൂലങ്കാവിലെ വന്ദനയും അമ്പലവയലിലെ അരവിന്ദ് കൃഷ്ണയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. പെന്‍സില്‍ ഡ്രോയിങില്‍ അമ്പലവയലിലെ അരവിന്ദ്കൃഷ്ണ ഒന്നും ബീനാച്ചിയിലെ നിരഞ്ജന്‍ രണ്ടും സ്ഥാനം നേടി. യുപി വിഭാഗം പ്രസംഗത്തില്‍ പനങ്കണ്ടിയിലെ ഹരിഗോവിന്ദ് ഒന്നും കാക്കവയലിലെ അഖിലാ ഷെറിന്‍ രണ്ടും ഹൈസ്കൂള്‍ വിഭാഗം പ്രസംഗത്തില്‍  കോളിയാടിയിലെ ജോയല്‍ പി ജോണ്‍ ഒന്നും കബനിഗിരിയിലെ ഡെല്‍നാ ഫിലിപ്പ് രണ്ടും ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രസംഗത്തില്‍ മൂലങ്കാവിലെ കെ എം അഞ്ജന ഒന്നും ബത്തേരിയിലെ ദുലാര റോസ് രണ്ടും സ്ഥാനം നേടി.
 വ്യാഴാഴ്ച രാവിലെ ഒമ്പതിന് ക്ഷീരസംഘം ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കുമായുള്ള ശില്‍പ്പശാല മുനിസിപ്പല്‍ ഹാളില്‍ ആരംഭിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി ഉദ്ഘാടനം ചെയ്യും. ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഐസക്ക് തയ്യില്‍, എസ് പി ശിവകുമാരന്‍ തമ്പി, ഡോ. സി എന്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ ക്ളാസെടുക്കും. ഒമ്പത് മുതല്‍ ക്ഷീരസംഘം ഹാളില്‍ അന്തര്‍സംസ്ഥാന ക്ഷീരകര്‍ഷകരുമായുള്ള മുഖാമുഖം പരിപാടിയും 1.30ന് ഉപഭോക്തൃ മുഖാമുഖം പരിപാടിയുമുണ്ടാവും.

പ്രധാന വാർത്തകൾ
Top