Top
24
Wednesday, January 2018
About UsE-Paper

വൈദ്യുതി നല്‍കാന്‍ നടപടിയില്ല; കര്‍ഷകസംഘം ശക്തമായ പ്രക്ഷോഭത്തിന്

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌


ഗൂഡല്ലൂര്‍ > വൈദ്യുതി ലഭിക്കാതെ ഗൂഡല്ലൂരില്‍ പതിനായിരത്തിലധികം കുടുംബങ്ങള്‍. അന്‍പതിനായിരപേരാണ് ഈ കുടുംബങ്ങളില്‍ താമസിക്കുന്നത്. സമ്പൂര്‍ വൈദ്യുതീകരണം നടപ്പിലാക്കി കേരളം മുന്നേറുമ്പോഴാണ് വയനാട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ഗൂഡല്ലൂരില്‍ പതിനായിരങ്ങള്‍ ഇരുട്ടില്‍ കഴിയുന്നത്. വൈദ്യുതി ആവശ്യപ്പെട്ട് കര്‍ഷകസംഘം ഉള്‍പ്പടെയുള്ള സംഘടനകള്‍ നിരവധി പ്രക്ഷോഭങ്ങളാണ് നടത്തിയത്. നിരവധി നിവേദനങ്ങള്‍ നല്‍കുകയും ചെയ്തു. വലിയ പ്രതിഷേധങ്ങളും സംഘടിപ്പിച്ചു.
പുതുവര്‍ഷത്തിലെങ്കിലും വൈദ്യുതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. എന്നാല്‍ അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. മാസങ്ങളായി കര്‍ഷകസംഘം ഈ വിഷയത്തില്‍ പ്രക്ഷോഭത്തിലാണ്.  വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ക്കടക്കം നിവേദനം നല്‍കി.  ഏറ്റവും ഒടുവില്‍ കഴിഞ്ഞ 12ന് വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രശ്നത്തില്‍ ഇടപെട്ട മനുഷ്യാവകാശ കമീഷന്‍ നടപടി സ്വീകരിക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കലക്ടര്‍ വൈദ്യുതി കണക്ഷന്‍ കൊടുക്കുന്നതിനുള്ള എന്‍ഒസി കൊടുക്കാന്‍ തയ്യാറാകുന്നില്ല.
വൈദ്യുതി നല്‍കാതെ ഗൂഡല്ലൂരിലെ ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളുടെ പഠനംപോലും അവതാളത്തിലാക്കുകയാണ്. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ലംഘനമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വൈദ്യുതി കണക്ഷനുള്ള എന്‍ഒസി നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം കൊടുക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയോട് കര്‍ഷകസംഘം ആവശ്യപ്പെട്ടു. 10ന് വീണ്ടും അപേക്ഷ സമര്‍പ്പിക്കല്‍ സമരം നടത്തും. വൈദ്യുതി ഇനിയും നിഷേധിച്ചാല്‍ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് എന്‍ വാസു അറിയിച്ചു.
 

Related News

കൂടുതൽ വാർത്തകൾ »